InternationalLatest

റഷ്യയ്ക്കെതിരെ വാതക പൈപ്പ് ലൈന്‍ ആയുധമാക്കി ബൈഡന്‍

“Manju”

വാഷിംഗ്ടണ്‍ : യുക്രെയിന്‍ വിഷയത്തില്‍ റഷ്യയുമായുള്ള ബന്ധം വഷളാകുന്നതിനിടെ പുടിന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യ യുക്രെയിനിലേക്ക് സൈനിക നീക്കം ആരംഭിച്ചാല്‍ നോര്‍ഡ് സ്ട്രീം 2 പൈപ്പ് ലൈന്‍ ഉണ്ടാകില്ലെന്ന് ബൈഡന്‍ റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കി. ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം വൈറ്റ് ഹൗസില്‍ ഇരുവരും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു ബൈഡന്റെ പരാമര്‍ശം.

യുക്രെയിനെ ആക്രമിക്കാന്‍ മുതിര്‍ന്നാല്‍ നോര്‍ഡ് സ്ട്രീം 2 പൈപ്പ് ലൈനില്‍ ഉപരോധമേര്‍പ്പെടുത്തുന്നതുള്‍പ്പെടെ ഗുരുതര പ്രത്യാഘാതങ്ങള്‍ റഷ്യ നേരിടേണ്ടി വരുമെന്ന് ജര്‍മ്മനി നേരത്തെ സൂചന നല്‍കിയിരുന്നെങ്കിലും ബൈഡന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയില്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പ്രതികരിക്കാതെ ഒഴിഞ്ഞുമാറി.

എന്നാല്‍, ബൈഡന്റെ പ്രസ്താവന ജര്‍മ്മനി തള്ളിയിട്ടില്ല. തങ്ങളുടെ പ്രധാന സഖ്യകക്ഷിയായ യു.എസിനൊപ്പം യുദ്ധമൊഴിവാക്കാന്‍ കൂടെയുണ്ടാകുമെന്നാണ് ഒലാഫ് പ്രതികരിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ വൈകാതെ മോസ്കോയിലേക്ക് പോകുമെന്ന് ഷോള്‍സ് വ്യക്തമാക്കി. വരുന്ന 14നും 15നും കീവിലും മോസ്കോയിലും ഷോള്‍സ് ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

 

Related Articles

Back to top button