KeralaLatest

ശ്രീരാമന്റെ ചിത്രത്തില്‍ 500 രൂപയുടെ പുതിയ നോട്ട് : സത്യാവസ്ഥ അറിയാം

“Manju”

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനുവരി 22ന് നടക്കാനിരിക്കെ ശ്രീരാമന്റെ ചിത്രത്തിലുള്ള 500 രൂപയുടെ നോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പകരം ശ്രീരാമന്റെ ചിത്രമുള്ള നോട്ടുകളാണ് പ്രചരിക്കുന്നത്. രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങ് നടത്തുന്ന ജനുവരി 22ന് നോട്ട് ആർബിഐ പുറത്തിറക്കുമെന്ന അവകാശവാദത്തോടെയാണ് എക്സില്‍ അടക്കം ചിത്രം പ്രചരിക്കുന്നത്. എന്നാല്‍ ഈ ചിത്രം ആരോ എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണെന്നും പോസ്റ്റില്‍ പ്രചരിക്കുന്ന വസ്തുതകള്‍ അടിസ്ഥാനരഹിതമാണെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

500ന്റെ നോട്ടുകളുടെ ചിത്രത്തില്‍ ചെങ്കോട്ടയ്ക്ക് പകരം രാമക്ഷേത്രമാണുള്ളത്. ഗാന്ധിജിക്ക് പകരം ശ്രീരാമന്റെ ചിത്രവും. രഘുറാം മൂർത്തിയെന്ന എക്സ് ഉപയോക്താവാണ് ചിത്രം ജനുവരി 14ന് പോസ്റ്റ് ചെയ്തത്. ഈ ചിത്രം വ്യാജ അവകാശവാദവുമായി സോഷ്യല്‍ മീഡിയയില്‍ ആരോ പ്രചരിപ്പിക്കുകയായിരുന്നു. ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ സത്യാവസ്ഥ വെളിപ്പെടുത്തി ചിത്രം എഡിറ്റ് ചെയ്തയാള്‍ തന്നെ രംഗത്തെത്തി.

ട്വിറ്ററില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാൻ ആരോ എന്റെ ക്രിയേറ്റീവ് വർക്ക് ദുരുപയോഗം ചെയ്തു. ഞാൻ ചെയ്ത എന്റെ ക്രിയേറ്റീവ് വർക്കുമായി പ്രചരിക്കുന്ന തെറ്റായ വിവരങ്ങളെ ഞാൻ പിന്തുണയ്ക്കുന്നില്ല. എന്റെ സർഗ്ഗാത്മകമായ കഴിവിനെ ഒരു തരത്തിലും തെറ്റായി അവതരിപ്പിക്കപ്പെടുന്നില്ല എന്ന് ഉറപ്പിക്കേണ്ടത് എനിക്ക് പ്രധാനമാണ്‘- ചിത്രം എഡിറ്റ് ചെയ്തായാള്‍ എക്സില്‍ കുറിച്ചു.

സൂര്യ പ്രകാശ് എന്ന എക്സ് ഉപയോക്താവാണ് ചിത്രം വ്യാജമായ അവകാശവാദങ്ങളുമായി പ്രചരിപ്പിച്ചത്. ശ്രീരാമന്റെ ചിത്രത്തിലുള്ള 500 രൂപയുടെ പുതിയ നോട്ട് ജനുവരി 22ന് പുറത്തിറക്കുമെന്നാണ് കേള്‍ക്കുന്നത്. ഇത് സത്യമാണെങ്കില്‍, ഞങ്ങളുടെ സ്വപ്നം സാക്ഷാത്കാരമായി. ജയ് ശ്രീറാം‘- എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റ് പ്രചരിക്കുന്നത്. അതേസമയം, വ്യാജ പോസ്റ്റിനെ കുറിച്ച്‌ ആർബിഐ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്.

Related Articles

Back to top button