Uncategorized

അവനി പ്രദര്‍ശനം സമാപിച്ചു

“Manju”

ബെംഗളൂരു: ഡിസൈന്‍ സങ്കല്‍പ്പങ്ങള്‍ പരിചയപ്പെടുത്താനും ജനകീയമാക്കാനും ലക്ഷ്യമിട്ട് കോഴിക്കോട് അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ബെംഗളൂരുവിലെ ചിത്രകലാ പരിഷത്തില്‍ സംഘടിപ്പിച്ച അവനി പ്രദര്‍ശനം സമാപിച്ചു. അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ പഠനത്തിന്റെ ഭാഗമായി മൂന്നു വര്‍ഷമായി നാല്‍പ്പതോളം അധ്യാപകരും ഇരുന്നൂറിലേറെ വിദ്യാര്‍ഥികളും ചേര്‍ന്ന് ഒരുക്കിയ വിവിധ ആശയങ്ങളാണ് മൂന്നു ദിവസത്തെ പ്രദര്‍ശനത്തിലുണ്ടായിരുന്നത്.

നാം നമ്മെ എവിടെയാണ് അടയാളപ്പെടുത്തുന്നത് എന്നതായിരുന്നു പ്രദര്‍ശനത്തിന്റെ പ്രമേയം. നഗരങ്ങളുടെയും തെരുവുകളുടെയും രേഖാചിത്രങ്ങള്‍, കെട്ടിടങ്ങളുടെയും വീടുകളുടെയും മാതൃകകള്‍, കളിമണ്‍ ശില്‍പ്പങ്ങള്‍, ഇന്‍സ്റ്റലേഷന്‍, ഗെയിമുകള്‍, വീഡിയോകള്‍, ഹ്രസ്വ ചിത്രങ്ങള്‍, ഗവേഷണ പ്രസിദ്ധീകരണങ്ങള്‍, പോസ്റ്ററുകള്‍, കാലിഗ്രഫി, ഓറിഗാമി എന്നിവ കാണികളെ ആകര്‍ഷിച്ചു. അന്താരാഷ്ട്രതലത്തില്‍ പ്രശസ്തരായ ലണ്ടനിലെ വിവിധ ആര്‍ക്കിടെക്ടുകളുടെ മാര്‍ഗനിര്‍ദേശത്തോടെ തയ്യാറാക്കിയതായിരുന്നു പ്രദര്‍ശനത്തിലുണ്ടായിരുന്ന പല വര്‍ക്കുകളും.

പ്രദര്‍ശനത്തിന്റെ ഭാഗമായി ഡിസൈന്‍ വിദ്യാഭ്യാസം : ഭാവി, പ്രസക്തി, അവസരങ്ങള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. കൊച്ചി ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം ചെയ്തു. അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ചെയര്‍മാന്‍ ആര്‍ക്കിടെക്ട് ടോണി ജോസഫ്, ആര്‍ക്കിടെക്ട് രവീന്ദ്ര കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ആര്‍ട്ടിസ്റ്റ് പ്രൊഫ. ആന്റോ ജോര്‍ജിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഓറിഗാമി ശില്‍പ്പശാലയും നടന്നു. ആര്‍ക്കിടെക്ട് സഞ്ജയ് മോഹി രൂപകല്‍പ്പന ചെയ്ത ബെംഗളൂരുവിലെ പാര്‍ക്ക് സൈഡ് റിട്ടയര്‍മെന്റ് ഹോംസിനെ കുറിച്ച് ചര്‍ച്ചയും നടന്നു. വാസ്തു വിദ്യയെ കുറിച്ചു സംവദിക്കാം എന്ന വിഷയത്തില്‍ ആര്‍ക്കിടെക്ട് ടോണി ജോസഫ്, ആര്‍ക്കിടെക്ട് ജോര്‍ജ് സീമോന്‍ എന്നിവര്‍ സംസാരിച്ചു. ഭാവി നിര്‍മിതികളും രൂപകല്‍പ്പനയും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ആര്‍ക്കിടെക്ട് അപര്‍ണ നരസിംഹന്‍, ആര്‍ക്കിടെക്ട് അക്ഷയ് ഹെറാഞ്ചല്‍, ആര്‍ക്കിടെക്ട് ഇഷിത ഷാ എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button