IndiaLatest

വിമാന ടിക്കറ്റ് റദ്ദാക്കിയാല്‍ കോടതി ചെലവ് അടക്കം നഷ്ടപരിഹാരം നല്‍കണം

“Manju”

High airfares: പ്രവാസികൾക്ക് തിരിച്ചടി; വിമാന ടിക്കറ്റ് നിരക്കിൽ നിലപാട്  അറിയിച്ച് മുഖ്യമന്ത്രിക്ക് കേന്ദ്രമന്ത്രിയുടെ മറുപടി
കൊച്ചി ∙ പകരം സൗകര്യം ഒരുക്കാതെ വിമാനട്ടിക്കറ്റ് റദ്ദാക്കി സാമ്പത്തികനഷ്ടവും ബുദ്ധിമുട്ടുമുണ്ടാക്കിയെന്ന കേസിൽ സ്വകാര്യ ടിക്കറ്റ് ബുക്കിങ് ഏജൻസിയും വിമാനക്കമ്പനിയും അധികം ചെലവായ ടിക്കറ്റ് നിരക്കും നഷ്ടപരിഹാരവും കോടതി ചെലവും അടക്കം 64,442 രൂപ ഹർജിക്കാർക്കു നൽകാൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടു.

മുൻ ജില്ലാ ജ‍ഡ്ജിയും ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിന്റെ കൊല്ലം ജില്ലാ അധ്യക്ഷനുമായിരുന്ന ഇ.എം. മുഹമ്മദ് ഇബ്രാഹിം, കമ്മിഷൻ അംഗം സന്ധ്യാറാണി എന്നിവരാണു ക്ലിയർട്രിപ്പ് ഏജൻസി, സ്പൈസ് ജെറ്റ് എന്നിവരെ എതിർകക്ഷികളാക്കി നഷ്ടപരിഹാര ഹർജി സമർപ്പിച്ചത്. ഹർജിക്കാർ ജില്ലാ കമ്മിഷനിൽ സേവനം ചെയ്തിരുന്ന 2019 മാർച്ച് 9നാണ് ഔദ്യോഗിക ആവശ്യത്തിനായി ന്യൂഡൽഹി സന്ദർശിച്ചു മടങ്ങാൻ ബെംഗളൂരു വഴി കൊച്ചിയിലെത്താൻ ക്ലിയർട്രിപ്പിന്റെ വെബ്സൈറ്റ് വഴി 11,582 രൂപ മുടക്കി വിമാനട്ടിക്കറ്റ് ബുക്ക് ചെയ്തത്.

എന്നാൽ യാത്രാ തീയതിക്കു 13 ദിവസം മുൻപ് വിമാന കമ്പനി ടിക്കറ്റ് റദ്ദാക്കി. മുഴുവൻ തുക മടക്കി നൽകാമെന്നും അല്ലെങ്കിൽ വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്യാമെന്നുമായിരുന്നു എതിർകക്ഷികളുടെ വാഗ്ദാനം. വാഗ്ദാനം പാലിക്കാതിരുന്നതോടെ 19,743 രൂപയ്ക്കു പുതിയ 2 ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടിവന്നു. എയർലൈൻ കമ്പനിയുടെ നിയന്ത്രണത്തിൽ അല്ലാത്ത കാരണങ്ങളാലാണു വിമാന സർവീസ് റദ്ദാക്കേണ്ടിവന്നതെന്ന എതിർകക്ഷികളുടെ വാദം കമ്മിഷൻ തള്ളി. വിമാനത്തിന്റെ പഴക്കം കാരണമാണു സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് വിമാനത്തിനു വിലക്ക് ഏർപ്പെടുത്തിയതെന്നാണു ഹർജിക്കാരുടെ വാദം. ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ജില്ലാ കമ്മിഷനാണു വാദം കേട്ടു നഷ്ടപരിഹാരം വിധിച്ചത്. ഒരുമാസത്തിനകം തുക നൽകണം. വൈകിയാൽ 9% പലിശയും നൽകണം.

Related Articles

Back to top button