KeralaLatest

ശാന്തിഗിരി വിഭ്യാഭവനിലെ ആദ്യ വിദ്യാര്‍ത്ഥിനി ഇന്നത്തെ പ്രിന്‍സിപ്പാല്‍

“Manju”

45 വര്‍ഷം മുന്‍പ് ശാന്തിഗിരി വിദ്യാഭവന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നവജ്യോതി ശ്രീകരുണാകര ഗുരു മൂന്ന് നാലു കുട്ടികളുമായിട്ടാണ് തുടങ്ങുന്നത്. അതിലൊരു പെണ്‍കുട്ടിയാണ് ദീപ എസ് എസ്. ഗുരുവിന്റെ കൈ പിടിച്ച് ആ കൊച്ചു കുട്ടി സ്‌കൂളിലേക്ക് കാലെടുത്തു വച്ചു. ഗുരുവിന്റെ നിര്‍ദേശമനുസരിച്ച് വിലാസിനി ടീച്ചര്‍ അവള്‍ക്കായി ആദ്യ പാഠങ്ങള്‍ പകര്‍ന്നു നല്‍കി.

അമ്മയുടെ വര്‍ക്കലയിലുള്ള ഒരു കൂട്ടുകാരി വഴിയാണ് ശാന്തിഗിരി ആശ്രമത്തെ കുറിച്ച് അറിയുന്നത്. ഒരു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു അച്ഛന്‍ കെ സതീശന്‍. പിന്നീട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് അച്ഛന് ഒരു അനുഭവം ഉണ്ടായി. അങ്ങനെയാണ് ഗുരുവുമായി അടുപ്പം ഉണ്ടാവുന്നത്. 1976 ല്‍ അച്ഛന്‍ കെ സതീശനോടൊപ്പവും അമ്മ പി സുകുമാരിക്കൊപ്പവും സഹോദരനെ എഴുത്തിനിരുത്താനായാണ് ആശ്രമത്തിലേക്ക് എത്തുന്നത്. പിന്നീട് ദീപയ്ക്കും മാതാപിതാക്കള്‍ക്കും ആശ്രമവുമായി നല്ല അടുപ്പമായി. കുറച്ചു ദിവസത്തിന് ശേഷം ദീപയുടെ അച്ഛനെ വിളിച്ച് ഗുരു ഒരു കാര്യം ചോദിച്ചു. ‘എനിക്ക് ഒരു സ്‌കൂള്‍ തുടങ്ങണം, തന്റെ ഈ രണ്ടു മക്കളേയും ഇവിടെ കൊണ്ടുവരാമോ’ മുമ്പും പിമ്പും നോക്കാതെ ഗുരുവിന്റെ വാക്കുകള്‍ ദൈവതുല്യമായി എടുത്ത് അവര്‍ അത് അനുസരിച്ചു. അച്ഛനും അമ്മയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു. എങ്കില്‍ പോലും രണ്ടു മക്കളേയും ഗുരുവിന്റെ നിര്‍ദേശാനുസരണം ശാന്തിഗിരി വിദ്യാഭവനില്‍ പഠിപ്പിച്ചു.

ആശ്രമാങ്കണത്തിലെ ഒരു കശുമാവിന്‍ ചുവട്ടിലിരുന്നാണ് ഗുരു ദീപയ്ക്കും മറ്റു കുട്ടികള്‍ക്കുമായി ആദ്യമായി അക്ഷരങ്ങള്‍ പറഞ്ഞു കൊടുത്തത്. അവിടുന്ന് പിന്നീട് ഓലമേഞ്ഞ ഒറ്റമുറി ഷെഡ്ഡിലേക്ക്. തറയിലിരുന്നാണ് ദീപ പഠിച്ചു തുടങ്ങിയത്. ആ ഷെഡ്ഡിനോട് ചേര്‍ന്ന് തന്നെയാണ്് ഗുരു താമസിച്ചിരുന്നത്. രാവിലെ ക്ലാസ് റൂം ആവും ആഹാരം കഴിക്കാനാവുമ്പോള്‍ അത് ഡൈനിംഗ് റൂം ആവും രാത്രി ആവുമ്പോള്‍ അത് ബെഡ്റൂമായി മാറും അതായിരുന്ന ആ ഒറ്റമുറി ഷെഡ്ഡ്. ആശ്രമത്തിന് അന്ന് പരിമിതിയുണ്ടായിരുന്നു. ഗുരുവിന്റെ സ്നേഹലാളനവും കരുതലും വേണ്ടുവോളം നല്‍കിയാണ് ആ കുട്ടികളെ വളര്‍ത്തിയത്. ദൈവതുല്യമായ ആ ഗുരുവുള്ളതിനാല്‍ വളരെ മനോഹരമായ ഒരു ശൈശവമായിരുന്നു ഉണ്ടായിരുന്നതെന്ന് ദീപ പറയുന്നു. ഗുരുവിന്റെ വാത്സല്യം മാത്രം മതിയായിരുന്നു സകല ദോഷങ്ങളും മാറികിട്ടാനെന്ന് ദീപ ഉറച്ചു വിശ്വസിച്ചു.

ആദ്യത്തെ കുറച്ചു ദിവസം ദീപയും പിന്നീട് സിന്ധുവും രാജശ്രീയും മാത്രമായിരുന്നു ക്ലാസില്‍ ഉണ്ടായിരുന്നത്. ദീപയും മറ്റ് കുട്ടികളും ഓരോ ക്ലാസ് വളരുന്തോറും ശാന്തിഗിരി സ്‌കൂളിലെ ഓരോ ക്ലാസ് കൂടി വളരുകയായിരുന്നു. അവിടുത്തെ ആദ്യ എസ് എസ് എല്‍ സി ബാച്ചായിരുന്നു ദീപ. പിന്നീടാണ് സഹോദരന്‍ ദീപുവിന്റെ ബാച്ചൊക്കെ വന്നത്. പ്രീ ഡിഗ്രിക്ക് ചെമ്പഴന്തി ശ്രീനാരായണ കോളേജിലാണ് പഠിച്ചത്. എവിടെ പോയാലും മികച്ച സ്വഭാവ രീതി ഉണ്ടാവണമെന്ന് ഗുരു ദീപയ്ക്കായി ഒരു ഉപദേശം  നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ തന്റെ ഇത്രയും കാലത്തെ അനുഭവത്തിനിടയില്‍ എന്ത് കാര്യമുണ്ടായാലും കുറേ തവണ ചിന്തിച്ചിട്ടേ ദീപ ഒരു തീരുമാനമെടുക്കാറുള്ളു.

ഡിഗ്രി പരീക്ഷ എഴുതി വന്നപ്പോള്‍ വിജയരാഘവന്‍ എന്ന വ്യക്തിയായിരുന്ന സ്‌കൂളിന്റെ പ്രിന്‍സിപ്പാല്‍. അദ്ദേഹത്തേയും ദീപയേയും അച്ഛനേയും ഗുരു അടുത്തേക്ക് വിളിച്ചു. ‘ദീപ ഇനി കൊച്ചുകുട്ടികള്‍ക്കൊക്കെ അക്ഷരം പഠിപ്പിക്കട്ടെ, ഇനി സ്‌കൂളിന്റെ പുസ്തകത്തില്‍ ഇവളുടെ പേരും കൂടി എഴുതി ചേര്‍ക്കണം, അതിന് അവള്‍കൂടി അവകാശമുണ്ട്’് പ്രിന്‍സിപ്പാലിനോടായി ഗുരു പറഞ്ഞു. ഗുരുവിന്റെ വാക്കുകള്‍ ദീപയ്ക്ക് നല്‍കിയ ഒരു സമ്മാനമായിരുന്നു.

ശാന്തിഗിരി സ്‌കൂള്‍ എന്നു പറഞ്ഞാല്‍ ദീപയുടെ ജീവനാണ്. പുറത്ത്് ഒരുപാട് അവസരങ്ങള്‍ വന്നിട്ടുണ്ടെങ്കിലും വേറെ ഒരു സ്ഥലത്തേക്കും ഒരു ജോലിക്കായി ദീപ ശ്രമിച്ചിട്ടില്ല. കാരണം ദീപയ്ക്ക് താന്‍ പഠിച്ചു വളര്‍ന്ന സ്‌കൂള്‍ മതിയെന്നാണ്. തന്റെ ആരോഗ്യം സമ്മതിക്കുന്നിടത്തോളം എന്ത് ജോലിയായലും ഈ സ്‌കൂളില്‍ ചെയ്താല്‍ മതി. അവിടെ ശമ്പളമുണ്ടെന്നൊ ഇല്ലയോ എന്നൊന്നും നോക്കിയിട്ടില്ല. തന്റെ ഗുരുവിന്റെ സ്‌കൂളില്‍ അല്ലെങ്കില്‍ താന്‍ പഠിച്ചു വളര്‍ന്ന സ്‌കൂളില്‍ ജോലി ചെയ്താല്‍ മതി. അത് ദീപയുടെ ഒരു ഉറച്ച തീരുമാനമായിരുന്നു.

ഒന്നര വര്‍ഷം മുന്‍പ് പെട്ടെന്ന് എന്താണെന്ന് അറിയാതെ ദീപ വലിയ രീതിയില്‍ ഛര്‍ദ്ദിച്ചു. കണ്ടു നിന്നവര്‍ക്ക് പോലും പേടി തോന്നി. അവസ്ഥ വളരെ മോശമായികൊണ്ടിരിക്കുകയായിരുന്നു. എന്തും സംഭവിക്കാം എന്നുള്ള അവസ്ഥയില്‍ ഡോക്ടര്‍മാര്‍ വെന്റിലേറ്റര്‍ നിര്‍ദേശിച്ചു. രക്തസമ്മര്‍ദ്ദം കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അല്പ സമയത്തിന് ശേഷം ബി പി നോര്‍മലാവാന്‍ തുടങ്ങി. അവിടെയും തന്റെ ഗുരു രക്ഷിച്ചു. ഇത് രണ്ടാം ജന്മമാണ് ദീപ പറയുന്നു. അസുഖത്തിന്റെ ബുദ്ധിമുട്ടുകള്‍ അലട്ടുന്നുണ്ടെങ്കിലും വിശ്വാസത്തിന്റെ ഉറപ്പില്‍ ദീപ അതിനോട് പൊരുതുകയാണ്. ഏത് പ്രതിസന്ധിയിലും തന്റെ ഒപ്പം നില്‍ക്കാന്‍ ശ്രീലങ്കന്‍ കോണ്‍സുലേറ്റ് അഡൈ്വസര്‍ ആന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് ആയി സേവനമനുഷ്ഠിക്കുന്ന ഭര്‍ത്താവ് ജയപ്രകാശും മക്കളായ കൃപയും കീര്‍ത്തനയുമുണ്ട്.

ശാന്തിഗിരി വിദ്യാഭവന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപികയായി 1998 ലാണ് ദീപ ചുമതലയേല്‍ക്കുന്നത്. ഇക്കഴിഞ്ഞ മൂന്നുവര്‍ഷം അക്കാദമി കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചു. കുറച്ചു ദിവസം മുന്‍പാണ് ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വിളിച്ചത്. ഗുരുനിര്‍ദേശ പ്രകാരം ഡയറക്ടര്‍ ബോര്‍ഡ് ദീപയെ പ്രിന്‍സിപ്പാലായി നിയമിക്കാന്‍ പോകുകയാണെന്ന് അറിയിച്ചു. പ്രിന്‍സിപ്പല്‍ എന്നുള്ളതൊന്നും താന്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ പോലും ഇങ്ങനെയൊരു വാര്‍ത്ത കേട്ടപ്പോള്‍ തന്നെകൊണ്ട് ചെയ്യാന്‍ കഴിയുമോ എന്നൊരു ചോദ്യം വന്നിരുന്നു. ആ സമയത്ത് സ്വാമി പറഞ്ഞു. ‘ഈ സ്ഥാനക്കയറ്റം ഗുരു തന്ന നിയോഗമാണ്. നേരത്തെ എത്ര പരിചയം ഉണ്ടെന്നതല്ല അതിനേക്കാളുപരി എവിടെയാണോ എത്തുന്നത് അവിടെ നിന്ന്് പുതിയ അനുഭവസമ്പത്ത് ഉണ്ടാക്കിയെടുക്കണം’. എല്ലാം ഗുരുവിന്റെ കാരുണ്യമാണെന്ന് ദീപ പറയുന്നു.

‘എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തുകൊണ്ട് മുന്നോട്ട് പോവാനുള്ള മനസ്സ് കുട്ടികള്‍ ഉണ്ടാക്കിയെടുക്കണം. എല്ലാ വെല്ലുവിളികളെയും അവസരമാക്കി എടുത്ത് വളെര ശക്തിയോടുകൂടി മുന്നോട്ട് പോവുക. സ്വയം തിരിച്ചറിയണം, അതിനോടൊപ്പം സ്വന്തം കഴിവുകളിലും വിശ്വസിക്കണം. കാലഘട്ടത്തിന് അനുസരിച്ച് നമ്മുടെ മനോഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തി മുന്നോട്ട് പോവുക. നമ്മുടെ ലക്ഷ്യത്തിലേക്ക് വളരെ വേഗം എത്തിച്ചേരാന്‍ കഴിയുമെന്നാണ്’ പ്രിന്‍സിപ്പാലായി ചുമതല ഏല്‍ക്കാന്‍ പോകുന്ന ഈ അവസരത്തില്‍ കുട്ടികളോടായി ദീപയ്ക്ക് പറയാനുള്ളത്.

കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഹിസ്റ്ററിയില്‍ ബിരുദവും മലയാളത്തിലും സോഷ്യല്‍ സയന്‍സിലും ബിരുദാനന്തര ബിരുദവും ദീപ നേടി. പിന്നീട് സോഷ്യല്‍ സയന്‍സില്‍ ബി എഡും എം എഡും കരസ്ഥമാക്കിയ ദീപ ഇപ്പോള്‍ ഗുരുവിലൂടെ തനിക്ക് ലഭിച്ച അറിവ് കുട്ടികള്‍ക്ക് പകര്‍ന്നുകൊണ്ടേയിരിക്കുകയാണ്.

 

 

Related Articles

Back to top button