IndiaLatest

ശാന്തിഗിരി ആശ്രമം സില്‍വര്‍ ജൂബിലി സെന്റര്‍ 20 ന്  ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജ്യത്തിന്  സമര്‍പ്പിക്കും

ആഘോഷപരിപാടികളുടെ ഉദ്ഘാടനം  17 ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ.സക്സേന നിര്‍വഹിക്കും.

“Manju”

ന്യൂഡല്‍ഹി : ദക്ഷിണഡല്‍ഹിയിലെ സാകേതില്‍ നിര്‍മ്മാണം പൂര്‍ത്തിയായ  ശാന്തിഗിരി ആശ്രമത്തിന്റെ സില്‍വര്‍ ജൂബിലി സെന്റര്‍ നവംബര്‍ 20 തിങ്കളാഴ്ച വൈകിട്ട് 5 ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജ്യത്തിന് സമര്‍പ്പിക്കും. അനില്‍ ജെയിന്‍ എം.പി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ശശി തരൂര്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ വിശിഷ്ടാതിഥിയാകും.  ചടങ്ങില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവർ മഹനീയ സാന്നിദ്ധ്യമാകും.

12,000ചതുരശ്രഅടി വിസ്തൃതിയുളള സില്‍വര്‍ ജൂബിലി മന്ദിരത്തിന്റെ താഴത്തെ നിലയില്‍ പ്രാര്‍ത്ഥനാലയവും ഒന്നാം നിലയില്‍  നൈപുണ്യവികസന പരിശീലന കേന്ദ്രവും   രണ്ടാം നിലയില്‍ യോഗ-വെല്‍നസ്സ്,  മൂന്നാം നിലയില്‍ സംയോജിത ആയുഷ് ചികിത്സാ കേന്ദ്രവും ഉണ്ടാകും.

രാജ്യതലസ്ഥാനത്ത്  ശാന്തിഗിരി ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിട്ടുളളത്. ഒരു വര്‍ഷത്തെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം  നവംബര്‍  17 വെളളിയാഴ്ച  വൈകിട്ട് 5 മണിക്ക് ലെഫറ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന നിര്‍വഹിക്കും.  കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍  ഡോ.മഹേഷ് ശർമ്മ എം.പി, ഏഷ്യൻ അക്കാദമി ഫോർ ഫിലിം & ടെലിവിഷൻ ചെയർമാൻ സന്ദീപ് മാർവ, ആൾ ഇന്ത്യ മലയാളി അസോസിയേഷൻ ദേശീയ ചെയർമാൻ ബാബു പണിക്കർ, രാഷ്ട്രീയ നിരീക്ഷകനും ഫ്ലാഗ് കമ്മ്യണിക്കേഷനസ് മാനേജിംഗ് ഡയറക്ടറുമായ  പി.കെ.ദീപു നമ്പ്യാർ, മിഡിൽ ഈസ്റ്റ് യൂണിവേഴ്സിറ്റി ഡീൻ ഡോ.ജി.ആർ കിരൺ , ജനനി ശാലിനി ജ്ഞാന തപസ്വിനി, ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് രഘുനാഥ് കെ., പുഷവിഹാർ ധര്‍മ്മശാല ജനറൽ സെക്രട്ടറി എം.പി.സുരേഷ്,   ആശ്രമം ഉപദേശകസമിതി കമ്മ്യൂണിക്കേഷന്‍സ് വിഭാഗം അഡ്വൈസര്‍ സബീർ തിരുമല എന്നിവർ ‍ സംബന്ധിക്കും.

നവംബര്‍ 17, 18 തീയതികളില്‍ കേന്ദ്രസംസ്കൃത സര്‍വകലാശാലയുമായി സഹകരിച്ച് ഡല്‍ഹി ജെ.എന്‍.യു വില്‍ “ഭാരതത്തിന്റെ വിജ്ഞാന പാരമ്പര്യം- ധര്‍മ്മവും ശാന്തിഗിരി പ്രസ്ഥാനവും ‘ എന്ന വിഷയത്തില്‍ ദ്വിദിന സെമിനാര്‍ നടക്കും. സെമിനാറിന്റെ ഉദ്ഘാടനം ഡോ.പദ്മവിഭൂഷണ്‍ സോണല്‍ മാന്‍സിംഗ് നിര്‍വഹിക്കും. കേന്ദ്രസംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ശ്രീനിവാസ വരഖേദി , ഗുജറാത്ത് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. നീരജ് ഗുപ്ത, മുന്‍ എം.പി പ്രൊഫ.പദ്മഭൂഷന്‍ മൃണാല്‍ മിരി തുടങ്ങി  രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദ്യാഭ്യാസ സാംസ്കാരിക ഗവേഷണ രംഗങ്ങളിലെ പ്രൊഫസര്‍മാര്‍ സംബന്ധിക്കും.

നവംബര്‍ 19 ഞായറാഴ്ച സില്‍വര്‍ ജൂബിലി മന്ദിരത്തിലെ പ്രാര്‍ത്ഥനാലയത്തിന്  ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി തിരി തെളിയിക്കും. നവംബര്‍ 16 ന് വൈകുന്നേരം  3 മണിക്ക് ഡല്‍ഹിയില്‍ എത്തിച്ചേരുന്ന ശിഷ്യപൂജിതയെ സന്ന്യാസിമാരും ഗുരുഭക്തരും ചേർന്ന്  എയര്‍പോര്‍ട്ടില്‍ സ്വീകരിക്കും.ഡല്‍ഹിയിലേക്കുളള തീര്‍ത്ഥയാത്രയില്‍  സന്ന്യാസി സന്ന്യാസിനിമാരും  ബ്രഹ്മചാരി-ബ്രഹ്മചാരിണികളും ഉള്‍പ്പടെ മുന്നൂറോളം പേര്‍ ശിഷ്യപൂജിതയെ അനുഗമിക്കുന്നുണ്ട്.

ശാന്തിഗിരി ആശ്രമത്തിൻ്റെ ആത്മീയ കാര്യങ്ങളുടെ വാക്കും വഴിയുമാണ് ശിഷ്യപൂജിത. അപൂർവ്വം അവസരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥയാത്രകൾക്ക് മാത്രമെ ശിഷ്യപൂജിത തിരുവനന്തപുരം പോത്തൻകോട് ആശ്രമത്തിൽ നിന്നും പുറത്തുപോകാറുള്ളൂ. 14 വര്‍ഷത്തെ ഇടവേളയ്ക്ക്  ശേഷമാണ് ഗുരുസ്ഥാനീയ ശിഷ്യപൂജിത ന്യൂഡല്‍ഹി സാകേത് പുഷ്പവിഹാറിലെ ആശ്രമം സന്ദര്‍ശിക്കുന്നത് .ഇത് രണ്ടാം തവണയും

നവംബര്‍ 19 ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രാർത്ഥനാലയത്തിൽ പ്രതിഷ്ഠാകർമ്മം നടക്കും.  വ്രതശുദ്ധിയോടെ മനസ്സും ശരീരവും അര്‍പ്പിച്ച നൂറുകണക്കിന് ആത്മബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ അഖണ്ഡ മന്ത്രാക്ഷരങ്ങള്‍ ഉയരുന്ന പ്രാർത്ഥനാ നിര്‍ഭരമായ അന്തരീക്ഷത്തിലാണ് പ്രതിഷ്ഠാകര്‍മ്മം നടക്കുന്നത്. ജാതി മത വര്‍ണ്ണവര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്കതീതമായി  ആര്‍ക്കും കടന്നുവരാവുന്ന ലോകസമാധാനത്തിനുളള പ്രാര്‍ത്ഥനാകേന്ദ്രമാകും ശാന്തിഗിരിയുടെ സാകേതിലെ സില്‍വര്‍ ജൂബിലി സെന്റര്‍.

നവംബര്‍ 19 ഞായറാഴ്ച  ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക  ആത്മീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.  വൈകിട്ട് 6 ന് ദീപപ്രദക്ഷിണം നടക്കും.  ആഘോഷപരിപാടികളുടെ ഭാഗമായി എല്ലാദിവസവും തീര്‍ത്ഥയാത്ര സത്സംഗവും വെകുന്നേരം 6 മണിമുതല്‍  രാത്രി 8 വരെ മ്യൂസിക് ഫ്യൂഷനും വിവിധ കലാപരിപാടികളും അരങ്ങേറും.

1998 ലാണ് ഡല്‍ഹിയില്‍ ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ഗുരുഭക്തരായ നാലു സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ തുടങ്ങിയ പ്രവര്‍ത്തനം സൊസൈറ്റി രൂപീകരണത്തിനും ആയൂര്‍വേദ സിദ്ധ ആശുപത്രി ആരംഭിക്കുന്നതിനും വഴിതെളിച്ചു. 2002ല്‍  ദക്ഷിണഡല്‍ഹിയില്‍ ലഭിച്ച ഭൂമിയിലാണ് സില്‍വര്‍ ജൂബിലി മന്ദിരം പണികഴിപ്പിച്ചത്. ആശ്രമത്തിന്റെ ആത്മബന്ധുവായിരുന്ന  മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ ആഗ്രഹം കൂടിയാണ് സില്‍വര്‍ ജൂബിലി സെന്ററിന്റെ സമര്‍പ്പണത്തോടെ നിറവേറുന്നത്.

2009ല്‍ ഗുരുസ്ഥാനീയ ശിഷ്യപൂജിതയുടെ തീര്‍ത്ഥയാത്രവേളയിലാണ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമായത്. ഇക്കഴിഞ്ഞ പതിനാലു വര്‍ഷത്തിനുളളില്‍ ആയൂര്‍വേദ, സിദ്ധ, യോഗ, തൊഴില്‍നൈപുണ്യം, സ്ത്രീ ശാക്തീകരണം, തുടങ്ങി വിവിധ മേഖലകളീല്‍ ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉത്തരേന്ത്യ മുഴുവന്‍ വ്യാപിച്ചു.  ഈ ദിവസങ്ങളിൽ 10000 പേർക്ക് അന്നദാനം ഉണ്ടായിരിക്കും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള  ഗുരുഭക്തര്‍ എത്തിയതോടെ ഗുരുസ്ഥാനീയ ശിഷ്യപൂജിതയെ വരവേൽക്കാൻ ഡല്‍ഹിയിലെ ഉപാശ്രമത്തിൽ വൻഒരുക്കങ്ങൾക്ക് തുടക്കമായെന്ന് വാര്‍ത്തസമ്മേളനത്തില്‍ ആശ്രമം ചുമതലക്കാരായ സ്വാമി ഭക്തദത്തന്‍ ജ്ഞാന തപസ്വി, ഡോ.ജി.ആർ കിരൺ, ഡോ.കിരൺ എസ്., രഞ്ജിത്ത് ദേവരാജ്, അർച്ചന ദേവരാജ് എന്നിവർ അറിയിച്ചു.

 

Related Articles

Back to top button