IndiaLatest

സോണിയ ഗാന്ധി രാജ്യസഭയിലേക്ക് പത്രിക നല്‍കി

“Manju”

ജയ്പുര്‍: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന് നാമനിര്‍ദേശ പത്രിക നല്‍കി. രാജസ്ഥാനില്‍ നിന്നാണ് അവര്‍ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. ഇന്ന് രാവിലെ ജയ്പുരിലെത്തിയ സോണിയ രാജസ്ഥാന്‍ നിയമസഭയിലെത്തി പത്രിക നല്‍കി. കാല്‍നൂറ്റാണ്ടു കാലത്തെ ലോക്‌സഭാ അംഗത്വത്തിന് വിരാമമിട്ടുകൊണ്ടാണ് സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നുള്ള നിലവിലെ ലോക്‌സഭാംഗം കൂടിയാണ് സോണിയ. 1999 മുതല്‍ അവര്‍ റായ്ബറേലിയെ പ്രതിനിധീകരിക്കുന്നുണ്ട്. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോണിയയ്ക്ക് പകരം റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും. രാഹുല്‍ ഗാന്ധിയുടെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

രാജസ്ഥാനില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയമുറപ്പുള്ളത്. ആ സീറ്റിലാണ് സോണിയ മത്സരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗഹ്‌ലോത്, സച്ചിന്‍ പൈലറ്റ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ,സംസ്ഥാനത്തെ പാര്‍ട്ടിയുടെ മറ്റു മുതിര്‍ന്ന നേതാക്കള്‍, എംഎല്‍എമാര്‍ തുടങ്ങിയവരെല്ലാം സോണിയയുടെ പത്രിക സമര്‍പ്പണത്തിന്റെ ഭാഗമായി രാജസ്ഥാന്‍ നിയമസഭയിലെത്തിയിരുന്നു.

ബിഹാര്‍,ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിച്ചു. ഹിമാചലില്‍ മനു അഭിഷേക് സിങ്‌വിയും ബിഹാറില്‍ അഖിലേഷ് പ്രസാദ് സിങും, മഹാരാഷ്ട്രയില്‍ ചന്ദ്രകാന്ത് ഹാന്‍ഡോറും രാജ്യസഭയിലേക്ക് പത്രിക നല്‍കും. ഫെബ്രുവരി 27-ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കും.

Related Articles

Back to top button