KeralaLatest

മൂന്നാറില്‍ വിദ്യാര്‍ത്ഥികളുമായി ജീപ്പില്‍ അഭ്യാസപ്രകടനം; ഡ്രൈവര്‍ അറസ്റ്റില്‍

“Manju”

ഇടുക്കി: വിദ്യാര്‍ത്ഥികളുമായി ജീപ്പില്‍ അഭ്യാസ പ്രകടനം നടത്തിയ ഡ്രൈവര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായി. മൂന്നാര്‍ പള്ളിവാസല്‍ ആറ്റുകാട് പവര്‍ ഹൗസ് സ്വദേശി എസക്കി രാജനാണ് പിടിയിലായത്. ഇയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ കെ കെ രാജീവ് പറഞ്ഞു.

ഈ മാസം ആറിന് മാട്ടുപ്പെട്ടി ഭാഗത്തുനിന്നും മൂന്നാറിലേക്ക് വിദ്യാര്‍ത്ഥികളുമായി പോകുന്നതിനിടെയായിരുന്നു റോഡില്‍ അഭ്യാസപ്രകടനം. വിദ്യര്‍ത്ഥികളെ ഹരം പിടിപ്പിക്കാനെന്ന പേരില്‍ വാഹനങ്ങള്‍ അമിത വേഗത്തില്‍ ഓടിക്കുകയായിരുന്നു. തിരക്കേറിയ റോഡില്‍ ജീപ്പുകള്‍ പൊടുന്നനെ ആവര്‍ത്തിച്ച് വെട്ടിച്ച് ഓടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

റോഡിലൂടെ പോയ വിനോദ സഞ്ചാരികളാണ് അപകടകരമായ രീതിയില്‍ വാഹനം പോകുന്നതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്. ഈ വീഡിയോ സഹിതമാണ് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയ്ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാഹനം പിടികൂടുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് ജീപ്പ് ഡ്രൈവര്‍മാര്‍ക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്.

Related Articles

Back to top button