IndiaLatest

ഇനി പാഠപുസ്തകം നോക്കി പരീക്ഷ എഴുതാം; സിബിഎസ്ഇയില്‍ പുതിയ തീരുമാനം

“Manju”

ന്യൂഡല്‍ഹി: അടുത്ത അധ്യയന വര്‍ഷം സിബിഎസ്ഇ ഒമ്പതാം ക്ലാസ് മുതല്‍ 12വരെയുള്ള ക്ലാസുകളില്‍ പരിക്ഷണാടിസ്ഥാനത്തില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷ നടത്താന്‍ തീരുമാനം. തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ നവംബര്‍,ഡിസംബര്‍ മാസങ്ങളില്‍ പരിക്ഷണാടിസ്ഥാനത്തില്‍ പരീക്ഷ നടത്തിയതിന് ശേഷമായിരിക്കും അന്തിമ തീരുമാനത്തിലെത്തുക. പാഠപുസ്തകങ്ങള്‍, നോട്ടുകള്‍, മറ്റു സ്റ്റഡി മെറ്റീരിയലുകള്‍ എന്നിവ റഫര്‍ ചെയ്യാനായി പരീക്ഷാ ഹാളില്‍ അനുവദിക്കുന്നതാണ് ഓപ്പണ്‍ ബുക്ക് പരീക്ഷ എന്ന് പറയുന്നത്. പരീക്ഷ പൂര്‍ത്തിയാക്കാന്‍ വേണ്ടിവരുന്ന സമയം, മൂല്യനിര്‍ണയത്തിന്റെ സാധ്യതകള്‍, സ്‌കൂളുകളുടെ വിലയിരുത്തല്‍ എന്നിവയെല്ലാം അറിയാനാണ് പരീക്ഷണാടിസ്ഥാനത്തില്‍ പരീക്ഷ നടത്തുന്നത്.

പഠിച്ച കാര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ എത്രത്തോളം മനസ്സിലായെന്ന് പരിശോധിക്കുന്ന രീതിയാണിത്. ഒമ്പത്, 10 ക്ലാസുകളിലെ ഇംഗ്ലീഷ്, കണക്ക്, സയന്‍സ് എന്നീ വിഷയങ്ങള്‍, 11,12 ക്ലാസുകളിലെ ഇംഗ്ലീഷ്, ബയോളജി, കണക്ക് എന്നീ വിഷയങ്ങളിലും ഈ രീതിയില്‍ പരീക്ഷ നടത്താനുള്ള മാനദണ്ഡങ്ങള്‍ ജൂണില്‍ തയ്യാറാക്കുമെന്നാണ് വിവരം. അതേസമയം 10,12 ബോര്‍ഡ് പരീക്ഷകളില്‍ ഈ സംവിധാനം നടപ്പാക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2020-22 അധ്യയന വര്‍ഷം കൊവിഡിനെ തുടര്‍ന്ന് സര്‍വകലാശാലകളില്‍ ഇത്തരത്തില്‍ പരീക്ഷ നടത്തിയിരുന്നു.

202526 അധ്യയന വര്‍ഷം മുതല്‍ 10,12 ബോര്‍ഡ് പരീക്ഷകള്‍ രണ്ട് തവണ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യ പരീക്ഷ നവംബര്‍ഡിസംബര്‍ മാസങ്ങളിലും രണ്ടാം പരീക്ഷ ഫെബ്രുവരിമാര്‍ച്ച് മാസങ്ങളിലും നടത്തുമെന്നാണു വിവരം. രണ്ട് തവണയും എഴുതുന്നവരുടെ മെച്ചപ്പെട്ട സ്‌കോറുകള്‍ തിരഞ്ഞെടുക്കും. ഓപ്പണ്‍ ബുക്ക് പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി ഡല്‍ഹി സര്‍വ്വകലാശാലയുടെ സഹായം തേടും. പുതിയ ദേശീയ കരിക്കുലം ഫ്രെയിംവര്‍ക്കില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷയുടെ സാധ്യതകള്‍ പരിഗണിക്കണമെന്ന് നിര്‍ദേശമുണ്ട്. തുടര്‍ന്നാണ് സിബിഎസ്ഇ കരിക്കുലം കമ്മിറ്റിയുടെ ശുപാര്‍ശയ്ക്ക് ഡിസംബറില്‍ ചേര്‍ന്ന ഗവേണിങ് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയത്. വിഷയത്തെക്കുറിച്ചുള്ള വിദ്യാര്‍ത്ഥിയുടെ ധാരണ, ആശയങ്ങള്‍ വിശകലനം ചെയ്യുന്നതിനോ പ്രയോഗിക്കുന്നതിനോ ഉള്ള അവരുടെ കഴിവിലുമാണ് മൂല്യനിര്‍ണ്ണയം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

 

 

Related Articles

Back to top button