IndiaKeralaLatest

ജോണ്‍സണ്‍ & ജോണ്‍സന്റെ ഒറ്റ ഡോസ് വാക്‌സിന് ബ്രിട്ടണ്‍ അനുമതി നൽകി.

“Manju”

ലണ്ടന്‍: അമേരിക്കന്‍ മരുന്ന് നിര്‍മ്മാണ കമ്ബനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒറ്റ ഡോസ് കൊവിഡ് വാക്‌സിന് അംഗീകാരം നല്‍കി ബ്രിട്ടണ്‍. ഇതോടെ ഫൈസര്‍, ആസ്‌ട്ര സെനെക്ക, മൊഡേണ എന്നിവയ്‌ക്ക് പുറമേ രാജ്യത്ത് അംഗീകാരം ലഭിക്കുന്ന നാലാമത് കൊവിഡ് വാക്‌സിനായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ മാറി.

രാജ്യത്തെ മരുന്നുകള്‍ക്ക് അംഗീകാരം നല്‍കേണ്ട മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത്കെയര്‍ പ്രൊഡക്‌ട്‌സ് റെഗുലേ‌റ്ററി ഏജന്‍സിയാണ് വാക്‌സിന് അംഗീകാരം നല്‍കിയത്. നടപടി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സ്വാഗതം ചെയ്‌തു. വാക്‌സിന്‍ എല്ലാവരും സ്വീകരിക്കണമെന്നും കൊവിഡ് രോഗത്തില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ വാക്‌സിന്‍ സഹായകമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. രണ്ട് കോടി ഡോസ് വാക്‌സിനാണ് ബ്രിട്ടണ്‍ ഓ‌ര്‍ഡര്‍ ചെയ്‌തിരിക്കുന്നത്. രാജ്യത്ത് അതിവേഗം വാക്‌സിനേഷന്‍ പ്രക്രിയ നടക്കുകയാണെന്നും ബ്രിട്ടണ്‍ അറിയിച്ചു.

എന്നാല്‍ പാര്‍ശ്വഫലങ്ങളുണ്ടെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയ വാക്‌സിനാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റേത്. രക്തത്തില്‍ പ്ളേ‌റ്റ്‌ലറ്റ് കുറയാനും രക്തം കട്ടപിടിക്കുന്നതിനും വാക്‌സിന്‍ കാരണമാകുമെന്നാണ് മുന്നറിയിപ്പുള‌ളത്.

അതേസമയം ഇന്ത്യയില്‍ ലഭ്യമായ വിദേശ വാക്‌സിനുകളില്‍ പ്രധാനപ്പെട്ടത് സ്‌പുട്‌നിക്ക് 5 ആണ്. ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവയുടെ പ്രാഥമിക പരിഗണന പട്ടികയില്‍ ഇന്ത്യയില്ലാത്തതിനാല്‍ ഇവ രാജ്യത്തെത്തുന്നത് ഇനിയും വൈകുകയാണ്. രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്റെ വേഗത പോര എന്നാണ് മുഖ്യ പ്രതിപക്ഷ കക്ഷികളുടെ പരാതി. എന്നാല്‍ ഡിസംബറോടെ 108 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

Related Articles

Back to top button