LatestThiruvananthapuram

കനത്ത ചൂട്: എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണം

“Manju”

തിരുവനന്തപുരം: ചൂട് വളരെ വർധിക്കുന്ന സാഹചര്യത്തില്‍ പൊങ്കാലയിടുന്ന എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നുന്നില്ലെങ്കില്‍ പോലും ഇടയ്ക്കിടക്ക് ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു .

ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാല്‍ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച്‌ ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ദിശ 104, 1056, 0471 2552056 ലേക്ക് വിളിച്ച്‌ ഡോക്ടറുടെ ഉപദേശം തേടാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
കട്ടികുറഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം, നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുവാന്‍ തൊപ്പി, തുണി ഇവ കൊണ്ട് തല മറക്കണം, ശുദ്ധ ജലമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം കുടിക്കണം എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം. തണ്ണിമത്തന്‍ പോലെ ജലാംശം കൂടുതലുള്ള പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് നിര്‍ജലീകരണം തടയും.

ശുദ്ധമായ ജലത്തില്‍ തയാറാക്കിയ ഐസ് മാത്രം പാനീയങ്ങളില്‍ ഉപയോഗിക്കുക. ഇടക്ക് കൈകാലുകളും മുഖവും കഴുകുക. ഇടക്കിടെ തണലത്ത് വിശ്രമിക്കുക. കുട്ടികളെ തീയുടെ അടുത്ത് നിര്‍ത്തരുത്. ഇടക്കിടെ കുടിക്കാന്‍ വെള്ളം നല്‍കണം. സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ മുടക്കം വരുത്താതെ കഴിക്കുക. കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങള്‍ കൈയില്‍ കരുതണം. തീ പിടിക്കുന്ന വിധത്തില്‍ അലസമായി വസ്ത്രങ്ങള്‍ ധരിക്കരുത്. ചുറ്റമുള്ള അടുപ്പുകളില്‍ നിന്നും തീ പടരാതെ സൂക്ഷിക്കണം. അടുപ്പിനടുത്ത് പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങള്‍ വയ്ക്കരുത് തൊട്ടടുത്ത് ഒരു ബക്കറ്റ് വെള്ളം കരുതി വെക്കണം. വസ്ത്രങ്ങളില്‍ തീപിടിച്ചാല്‍ പരിഭ്രമിച്ച്‌ ഓടരുത്. വെള്ളം ഉപയോഗിച്ച്‌ ഉടന്‍ തീ അണയ്ക്കുക. അടുത്തുള്ള വോളണ്ടിയര്‍മാരുടെ സഹായം തേടുക.

തീപൊള്ളലേറ്റാല്‍ പ്രഥമ ശുശ്രൂഷ ചെയ്യണം. പൊള്ളലേറ്റ ഭാഗം വെള്ളം ഉപയോഗിച്ച്‌ തണുപ്പിക്കണം. വസ്ത്രമുള്ള ഭാഗമാണെങ്കില്‍ വസ്ത്രം നീക്കാന്‍ ശ്രമിക്കരുത്. പൊള്ളലേറ്റ ഭാഗത്ത് അനാവശ്യ ക്രീമുകള്‍ ഉപയോഗിക്കരുത്. ആവശ്യമെങ്കില്‍ ഡോക്ടറുടെ സേവനം തേടുക. പൊങ്കാലക്ക് ശേഷം വെള്ളമുപയോഗിച്ച്‌ തീ കെടുത്തണം

Related Articles

Back to top button