IndiaLatest

പഠനത്തിനും ജോലിക്കും ജനനസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

“Manju”

ന്യൂഡല്‍ഹി: വിദ്യാഭ്യാസം, തൊഴില്‍, പാസ്പോര്‍ട്ട് എന്നിവയ്ക്ക് ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന. 1969 ലെ ജനന-മരണ രജിസ്ട്രേഷന്‍ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും.

പൊതുജനാഭിപ്രായം തേടി കഴിഞ്ഞ വര്‍ഷമാണ് കരട് ബില്‍ പുറത്തിറക്കിയത്. സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് മാറ്റങ്ങളോടെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ശീതകാല സമ്മേളനം അടുത്ത മാസം ഏഴിന് ആരംഭിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം, വോട്ടവകാശം, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, വിവാഹ രജിസ്ട്രേഷന്‍, പൊതുമേഖല, തദ്ദേശഭരണ വകുപ്പുകളിലെ തൊഴില്‍ നിയമനങ്ങള്‍ എന്നിവയ്ക്ക് ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് ബില്‍ പറയുന്നു. ജനനവും മരണവും നിലവിലുള്ള നിയമപ്രകാരം തന്നെ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. സ്കൂള്‍ പ്രവേശനം പോലുള്ള അടിസ്ഥാന സേവനങ്ങള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതോടെ നിയമം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കും.

ജനനവും മരണവും സംഭവിച്ചാല്‍ ആശുപത്രികളില്‍ നിന്ന് ബന്ധുക്കള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് അതത് രജിസ്ട്രാര്‍മാര്‍ക്ക് നല്‍കേണ്ടത് നിര്‍ബന്ധമാക്കും. യഥാസമയം വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ആശുപത്രികള്‍ക്ക് പിഴ ചുമത്തും. പിഴ നേരത്തെ 50 രൂപയായിരുന്നത് 1000 രൂപയായി ഉയര്‍ത്തി. രജിസ്റ്റര്‍ ചെയ്ത ഓഫീസുകളില്‍ ലഭിക്കുന്ന ഈ വിവരങ്ങള്‍ കേന്ദ്രതലത്തില്‍ സൂക്ഷിക്കും. ഇതുവഴി, നിങ്ങള്‍ക്ക് 18 വയസ്സ് തികയുകയാണെങ്കില്‍, നിങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനും ആ വ്യക്തി മരിച്ചാല്‍, അവന്റെ/ അവളുടെ പേര് നീക്കം ചെയ്യാനും കഴിയും.

Related Articles

Back to top button