IndiaLatest

ഗസൽ ​ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു..

“Manju”
ന്യൂഡൽഹി: വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉധാസ്(72) അന്തരിച്ചു. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 11-ന് മുംബെെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മകൾ നയാബ് ഉധാസ് സോഷ്യൽ മീഡിയയിലൂടെയാണ് മരണവിവരം അറിയിച്ചത്. ‘ചിട്ടി ആയി ഹെപോലുള്ള നിത്യഹരിതഗാനങ്ങളിലൂടെ സംഗീതാസ്വാദകരില്‍ ചിരപ്രതിഷഠ നേടിയ ഗായകനാണ് പങ്കജ് ഉധാസ്.
ചുപ്‌കെ ചുപ്‌കെ, യുന്‍ മേരെ ഖാത്ക, സായ ബാങ്കര്‍, ആഷിഖോന്‍ നെ, ഖുതാരത്, തുജ രാഹ ഹൈ തൊ, ചു ഗയി, മൈഖാനെ സെ, ഏക് തരഫ് ഉസ്‌ക ഗര്‍, ക്യാ മുജ്‌സെ ദോസ്തി കരോഗെ, മൈഖാനെ സേ, ഗൂന്‍ഗാത്, പീനെ വാലോ സുനോ, റിഷ്‌തെ ടൂതെ, ആന്‍സു തുടങ്ങിയ ഇന്നും ഗസല്‍ പ്രേമികള്‍ക്ക് ഹരമാണ്. ചാന്ദി ജൈസ രംഗ് ഹൈ തേരാ സോനേ ജൈ​സെ ബാൽ എന്ന ഗാനത്തോടെയാണ് പങ്കജിനെ ഗസൽ ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. 1980 ൽ അദ്ദേഹം തന്റെ ആദ്യ ഗസൽ ആൽബമായ ആഹത് പുറത്തിറക്കി,

1986ൽ പുറത്തിറക്കിയ നാം എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ പിന്നണി രംഗത്തും ചുവടുറപ്പിച്ചു. ചിട്ടി ആയീ ഹൈ എന്ന ആ ഗാനം ആളുകൾ ഒരിക്കലും മറക്കാനിടയില്ല. ഈ ഗാനത്തോടെ ബോളിവുഡിലെ പ്രമുഖ ഗായ​കരുടെ നിരയിലേക്ക് അദ്ദേഹമെത്തി. സിനിമ സംഗീതത്തോടായിരുന്നില്ല ഗസലിനോടായിരുന്നു പങ്കജിന് എന്നും പ്രണയം. 1951 മേയ് 17ന് ഗുജറാത്തിലെ ജെറ്റ്പൂരിലാണ് ജനനം. ചെറുപ്പത്തിൽ തന്നെ സംഗീതത്തോട് താൽപര്യമുണ്ടായി. ജ്യേഷ്ഠൻ മൻഹർ ഉദാസ് ബോളിവുഡിൽ ചുവടുറപ്പിച്ചിരുന്നു. അതാണ് സംഗീത ലോകത്തേക്ക് വളരാൻ പങ്കജിന് പ്രേരണയായത്. അതിനായി ഉർദു പഠിച്ചു. ഗസലിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലും പങ്കജ് ഉധാസ് പങ്കുവഹിച്ചു.മികച്ച പിന്നണി ഗായകനുള്ള ഫിലിംഫെയർ അവാർഡ്, ഗസൽ ആലാപനത്തിനുള്ള സംഗീത നാടക അക്കാദമി അവാർഡ്, ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

Related Articles

Back to top button