Kerala

ഐഎസ്ആർഒ ചാരക്കേസ്; മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതികൾ

“Manju”

കൊച്ചി : ഐഎസ്ആർഒ ചാരക്കേസ് ഗൂഡാലോചനയുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയിൽ. നമ്പി നാരായണനെ കുടുക്കാൻ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ടാണ് ഒന്നാം പ്രതി എസ് വിജയനും, രണ്ടാം പ്രതി തമ്പി എസ് ദുർഗ്ഗാദത്തും കോടതിയെ സമീപിച്ചത്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും പ്രതികൾ കോടതിയെ അറിയിച്ചു.

കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യം ഇപ്പോൾ ഇല്ല. പോലീസ് ഉദ്യോഗസ്ഥർ എന്ന നിലയ്ക്ക് മാത്രമാണ് പ്രവർത്തിച്ചത്. വർഷങ്ങൾക്ക് ശേഷം ആരോപണം ഉയർന്നുവരുന്നത് സംശയാസ്പദമാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും പ്രതികളുടെ ഹർജിയിൽ പറയുന്നു.

അതേസമയം കേസന്വേഷണം നടത്തുന്ന സിബിഐ ഡൽഹി സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥർ തലസ്ഥാനത്തെത്തി. നാളെ പരാതിക്കാരനായ നമ്പി നാരായണന്റെ മൊഴി രേഖപ്പെടുത്തും. തിരുവനന്തപുരം സിബിഐ ഓഫീസിലെത്തിച്ചാകും മൊഴിയെടുക്കുക. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഡിഐജി സന്തോഷ് ചാൽക്കേയും നാളെ തിരുവനന്തപുരത്തെത്തും.

ഐഎസ്ആർഒ ചാരക്കേസ് അന്വേഷിച്ച കേരള പോലീസ് ഉദ്യോഗസ്ഥരും ഐബി ഉദ്യോഗസ്ഥരുമുൾപ്പെടെ 18 പേരാണ് കേസിലെ പ്രതികൾ. പ്രതിചേർക്കപ്പെട്ടവർ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ നാലാം പ്രതിയായ മുൻ ഡിജിപി സിബി മാത്യൂസിന് ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അതേസമയം ജാമ്യ ഹർജിയെ എതിർക്കാൻ അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരാകുമെന്നാണ് സൂചന.

Related Articles

Back to top button