IndiaLatest

ബ്ലാക്ക് ഫംഗസ്; രോഗബാധ തടയുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

“Manju”

ന്യൂഡല്‍ഹി: കോവിഡ് പോസിറ്റീവായവരിലും ഭേദമായവരിലും കണ്ടുവരുന്ന അപകടകരമായ അണുബാധയാണ് ‘മ്യൂക്കോമൈക്കോസിസ്’ അഥവാ ‘ബ്ലാക്ക് ഫംഗസ്’. രോഗബാധയെ തടയുന്നതിന് ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങളെ കുറിച്ച്‌ വ്യക്തമാക്കിയിരിക്കുകയാണ് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയ. മുഖം, മൂക്ക്, കണ്ണ്, തലച്ചോര്‍ എന്നിവയെ ബാധിക്കുന്ന ബ്ലാക്ക് ഫംഗസ് കാഴ്ച നഷ്ടപ്പെടാനും മരണത്തിലേക്കും നയിക്കാനുള്ള സാധ്യതയും ഏറെയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

കോവിഡ് ചികിത്സയില്‍ സ്റ്റിറോയ്ഡ് മരുന്നുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതാണ് ബ്ലാക്ക് ഫംഗസിന്റെ പ്രധാന കാരണം. ബ്ലാക്ക് ഫംഗസ് തടയുന്നതിന് പ്രധാനമായി ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങളെ കുറിച്ചു അദ്ദേഹം വിശദമാക്കുന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, സ്റ്റിറോയിഡ് ഉപയോഗിക്കുന്നവര്‍ പതിവായി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുക, സ്റ്റിറോയിഡുകളുടെ അമിത ഉപയോഗം നിയന്ത്രിക്കുക എന്നിവയാണ് ബ്ലാക്ക് ഫംഗസ് രോഗബാധ തടയുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗുലേറിയ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

2002 ല്‍ സാര്‍സ് പൊട്ടിപ്പുറപ്പെട്ട സമയത്തും മ്യൂക്കോമൈക്കോസിസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. അനിയന്ത്രിതമായ പ്രമേഹം മ്യൂക്കോമൈക്കോസിസിന്റെ വളര്‍ച്ചയ്ക്ക് കാരണമാകുന്നു. പ്രമേഹമുള്ളവരിലും കൊവിഡ് പോസിറ്റീവായവരിലും സ്റ്റിറോയ്ഡ് മരുന്ന് കഴിക്കുന്നവരിലും ബ്ലാക്ക് ഫംഗസ് ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. ഇതിനാല്‍ തന്നെ സ്റ്റിറോയ്ഡ് ദുരുപയോഗം കുറയ്ക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും ഗുലേരിയ നിര്‍ദ്ദേശിച്ചു.

Related Articles

Back to top button