IndiaLatest

ടാങ്കര്‍ വഴിയില്‍ മറിഞ്ഞു ; ഒഴുകിയ പെട്രോള്‍ ഊറ്റാന്‍ നാട്ടുകാരുടെ തള്ള്

“Manju”

ന്യൂഡല്‍ഹി: നാട്ടുകാര്‍ കോവിഡിന്റെ ഭീതിയില്‍ വീട്ടിനുള്ളില്‍ കഴിയുമ്പോള്‍ പതിയെ പിടിമുറുക്കിയ പെട്രോള്‍ വില തുടര്‍ച്ചയായി ഉയര്‍ന്ന് ലിറ്ററിന് 100 രൂപ വരെ എത്തി നില്‍ക്കുകയാണ്. പ്രതിഷേധിച്ചിട്ട് പോലും ഫലമില്ലെന്നിരിക്കെ അപകടത്തില്‍പെട്ട ടാങ്കറില്‍ നാട്ടുകാര്‍ നടത്തിയ പെട്രോള്‍ മോഷണം സംബന്ധിച്ച വീഡിയോ വില വര്‍ദ്ധനവ് സംബന്ധിച്ച കാര്യത്തിലെ കൃത്യമായ പ്രതികരണമായി മാറുന്നു.
വഴിയരികില്‍ മറിഞ്ഞുകിടക്കുന്ന പെട്രോള്‍ ടാങ്കറില്‍ നിന്നും ഇന്ധനം മോഷ്ടിക്കാന്‍ തിക്കും തിരക്കും കൂട്ടി നാട്ടുകാരുടെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത് മദ്ധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ നിന്നുള്ള വീഡിയോ വൈറലായിരിക്കുകയാണ്.
അപകടത്തില്‍ പെട്ട ലോറിയിലെ ഗുരുതരമായി പരിക്കേറ്റ് ഡ്രൈവറെ തിരിഞ്ഞുപോലും നോക്കാതെയാണ് ആള്‍ക്കാര്‍ കയ്യില്‍കിട്ടിയ കുപ്പികളിലും മറ്റും പെട്രോള്‍ ഊറ്റിയെടുത്തത്. ലോറിക്ക് ചുറ്റും അനേകം ആള്‍ക്കാര്‍ ഉണ്ടെങ്കിലും പരിക്കേറ്റയാളെ സഹായിക്കാന്‍ ആരും എത്തിയില്ല. പകരം റോഡിലേക്ക് വീണ് പരന്നൊഴുകിയ പെട്രോള്‍ പാത്രം കൊണ്ടും കൈകൊണ്ടും കോരിയെടുക്കാന്‍ ശ്രമം നടത്തുന്നതും വീഡിയോയില്‍ കാണാം.
ഗ്വാളിയോറില്‍ നിന്നും ഷോപൂരിലേക്ക് പോയ ടാങ്കര്‍ അമിത വേഗതയെ തുടര്‍ന്ന് പോഹ്‌രിയിലാണ് മറിഞ്ഞത്. ചിലര്‍ പ്ലാസ്റ്റിക് കുപ്പികളിലും പാത്രങ്ങളിലും വരെ പെട്രോള്‍ ഊറ്റിയപ്പോള്‍ ചിലര്‍ ബൈക്കുകളും മറ്റും കൊണ്ടുവന്നും പെട്രോള്‍ നിറച്ചുകൊണ്ടു പോകുന്നതും വീഡിയോയിലുണ്ട്. നിലത്ത് വീണ് ഒഴുകിയ പെട്രോള്‍ കൈകൊണ്ടും ചെറിയ പാത്രം കൊണ്ടു കോരിയെടുത്ത് മറ്റൊരു പാത്രത്തിലാക്കുന്നവരെയും കാണാം.
സ്ഥലത്തെത്തിയ പോലീസിനെ പോലും വകവെയ്ക്കാതെയാണ് നാട്ടുകാരുടെ പ്രവര്‍ത്തി. ആദ്യം നിസ്സഹായരായി നിന്ന പോലീസ് പിന്നീട് നാട്ടുകാരുടെ സഹായത്തോടെ തന്നെ ഈ കൊള്ളയ്ക്ക് തടയിട്ടു. അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുന്ന പെട്രോള്‍ വില ചില സംസ്ഥാനങ്ങളില്‍ 100 എത്തിയിരിക്കുകയാണ്. മെയ് 4 ന് ശേഷം 25 ാം തവണയാണ് ബുധനാഴ്ച പെട്രോള്‍ വില കൂടിയത്.
ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 99 രൂപയും ഡീസലിന് 87 രൂപയുമാണ് വില. മുംബൈയില്‍ പെട്രോളിന് വില 102 രൂപയായി ഡീസലിന് 94 രൂപയും മദ്ധ്യപ്രദേശില്‍ ലിറ്ററിന് 107 രൂപയാണ് പെട്രോള്‍ വില. ഇവിടെ റേവയില്‍ ഡീസലിനും 100 കടന്നു.

Related Articles

Back to top button