KeralaLatest

എൻജിനീയറിങ് എൻട്രൻസ് മേയ് 15 മുതല്‍ നടത്താൻ ശിപാര്‍ശ

“Manju”

തിരുവനന്തപുരം: കമ്ബ്യൂട്ടർ അധിഷ്ഠിത ഓണ്‍ലൈൻ രീതിയിലേക്ക് മാറുന്ന ഈ വർഷത്തെ സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷ മേയ് 15 മുതല്‍ നടത്താൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേർന്ന പ്രവേശന പരീക്ഷ പരിഷ്കരണ സമിതി യോഗം ശിപാർശ ചെയ്തു.
പരീക്ഷക്ക് മാർച്ച്‌ 20 മുതല്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിക്കുന്ന രീതിയില്‍ വിജ്ഞാപനമിറക്കും. അപേക്ഷകരുടെ എണ്ണംകൂടി പരിഗണിച്ചാകും എത്ര ദിവസങ്ങളിലായി പരീക്ഷ നടത്തണമെന്നതില്‍ അന്തിമ തീരുമാനമെടുക്കുക. കമ്ബ്യൂട്ടർ അധിഷ്ഠിത പരീക്ഷയായതിനാല്‍ ഏഴുമുതല്‍ പത്തുവരെ ദിവസം ഇതിന് േബ്ലാക്ക് ചെയ്തിടാനാണ് ധാരണ.

നിലവില്‍ മേയ് 15 മുതല്‍ 31 വരെ ബിരുദ പ്രവേശനത്തിനുള്ള സി.യു.ഇ.ടി-യു.ജി പരീക്ഷ നടത്താൻ നാഷനല്‍ ടെസ്റ്റിങ് ഏജൻസി തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സി.യു.ഇ.ടി പരീക്ഷ തീയതിയില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മേയ് 15 മുതല്‍ സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷ നടത്താൻ ധാരണ. സി.യു.ഇ.ടി പരീക്ഷ തീയതിയില്‍ മാറ്റമില്ലെങ്കില്‍ അതിനനുസൃതമായി എൻജിനീയറിങ് പ്രവേശന പരീക്ഷ തീയതിയില്‍ മാറ്റം വരുത്തും. ഇതുസംബന്ധിച്ച്‌ അന്തിമ തീരുമാനം സർക്കാർതലത്തിലെടുക്കും. 140ഓളം സെന്‍ററുകളാണ് പരീക്ഷ നടത്തിപ്പിനായി സി-ഡിറ്റ് സഹായത്തോടെ കണ്ടെത്തിയത്. ഇവ മിക്കതും എൻജിനീയറിങ് കോളജുകളും പോളിടെക്നിക്കുകളുമാണ്. പ്രതിദിനം 22,000 വിദ്യാർഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള സൗകര്യമാണ് പ്രതീക്ഷിക്കുന്നത്. അപേക്ഷകരുടെ എണ്ണവും സെന്‍ററുകളുടെ ലഭ്യതയും അനുസരിച്ചാകും എത്ര ദിവസം പരീക്ഷ നടത്തണമെന്നതില്‍ അന്തിമ തീരുമാനമെടുക്കുക. പ്രധാനഘട്ടത്തില്‍ മൂന്ന് റൗണ്ട് കൗണ്‍സിലിങ് രീതി തുടരും. ഒഴിവുവരുന്ന സംവരണ സീറ്റുകള്‍ മൂന്നാം റൗണ്ടില്‍ ജനറല്‍ സീറ്റുകളാക്കി മാറ്റും.

മൂന്ന് മണിക്കൂറില്‍ 150 ചോദ്യങ്ങളില്‍ ഒറ്റ പരീക്ഷ; പെർസന്‍റയില്‍ രീതി

കമ്ബ്യൂട്ടർ അധിഷ്ഠിത പരീക്ഷയാകുന്നതോടെ, നേരത്തെയുള്ള രണ്ട് പരീക്ഷകള്‍ ഒറ്റ പരീക്ഷയാക്കി മാറ്റും. 150 ചോദ്യങ്ങളടങ്ങിയ മൂന്ന് മണിക്കൂർ പരീക്ഷയാണ് നടത്തുക. ഇതില്‍ 75 ചോദ്യങ്ങള്‍ മാത്സില്‍നിന്നും 45 എണ്ണം ഫിസിക്സില്‍നിന്നും 30 എണ്ണം കെമിസ്ട്രിയില്‍നിന്നുമായിരിക്കും. എൻജിനീയറിങ് പ്രവേശന പരീക്ഷയില്‍നിന്ന് ഫിസിക്സ്, കെമിസ്ട്രി എന്നിവയില്‍ ലഭിച്ച സ്കോർ ഫാർമസി കോഴ്സ് (ബി.ഫാം) പ്രവേശനത്തിനായി ഉപയോഗിക്കും.

എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതാതെ ഫാർമസിക്ക് മാത്രമായി അപേക്ഷിക്കുന്നവർക്കായി 75 ചോദ്യങ്ങളടങ്ങിയ ഒന്നര മണിക്കൂർ പരീക്ഷ പ്രത്യേകം നടത്തും. ഇത് പ്രവേശന പരീക്ഷയുടെ അവസാന ദിവസങ്ങളിലായിരിക്കും. ജെ.ഇ.ഇ പരീക്ഷ മാതൃകയില്‍ ഒന്നില്‍ കൂടുതല്‍ ദിവസങ്ങളിലായി നടക്കുന്ന പരീക്ഷയായതിനാല്‍ പ്രവേശനത്തിന് പെർസന്‍റയില്‍ സ്കോർ രീതിയായിരിക്കും പിന്തുടരുക.

വ്യത്യസ്ത ചോദ്യപേപ്പർ ഉപയോഗിക്കുന്നതിനാല്‍ നോർമലൈസേഷൻ രീതി നടപ്പാക്കിയായിരിക്കും സ്കോർ പരിഗണിക്കുക. പ്ലസ് ടു പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളില്‍ ലഭിച്ച മാർക്കിനും പ്രവേശന പരീക്ഷയില്‍ ലഭിച്ച
സ്കോറിനും തുല്യപരിഗണന (300:300) നല്‍കിയാകും റാങ്ക് പട്ടിക തയാറാക്കുക. നിലവിലുള്ള രീതിയില്‍ സ്റ്റാന്‍റേഡൈസേഷൻ രീതിയായിരിക്കും ഇതിന് പിന്തുടരുക.

Related Articles

Back to top button