KeralaLatest

പത്ത് മക്കളുണ്ടായിട്ടും ഭക്ഷണം പോലും കിട്ടാതെ അമ്മ മരിച്ചു; അച്ഛൻ പുഴുവരിച്ച്‌ അവശനിലയിലും; താങ്ങായി വ്യവസായി

“Manju”

ആലപ്പുഴ: പത്ത് മക്കളുണ്ടായിട്ടും ഭക്ഷണം പോലും കിട്ടാതെ അമ്മ മരിച്ചു. അച്ഛൻ പുഴുവരിച്ച നിലയിലും. അമ്മയുടെ മരണവാർത്തയറിഞ്ഞ് മക്കള്‍ എത്തിയെങ്കിലും പിതാവിനെ ഒപ്പം കൂട്ടാൻ ആരും തയ്യാറായില്ല. തലവടി കിഴക്ക് സൃഷ്ടി റോഡ് ഇളങ്ങുമഠം ഭാഗത്തെ പടിഞ്ഞാറെ വീട്ടില്‍ കമലാസനൻ (75) ആണ് സ്വന്തം മക്കള്‍ നോക്കാതെ നരകയാതന അനുഭവിക്കുന്നത്. ഒടുവില്‍ വിദേശത്തുനിന്നെത്തിയ സമീപവാസിയും വ്യവസായിയുമായ ഹാരിസ് രാജ എന്നയാള്‍ കമലാസനന്റെ ചികിത്സാച്ചെലവുകള്‍ ഏറ്റെടുക്കുകയായിരുന്നു.

പരിചരണമോ ഭക്ഷണമോ കിട്ടാതെ വാടകവീട്ടിലായിരുന്നു കമലാസനനും ഭാര്യ ഷേർലിയും താമസിച്ചിരുന്നത്. ഷേർലി വ്യാഴാഴ്ച മരിച്ചു. ഷേർലിയുടെയും കമലാസനന്റെയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തില്‍ കമലാസനന് ആറും ഷേർലിക്കു നാലും മക്കളുണ്ട്. കമലാസനന്റെ പേരില്‍ വീടുണ്ടെങ്കിലും അതില്‍നിന്ന് മക്കളിറക്കിവിട്ടു. ആകെയുള്ള വരുമാനം പെൻഷനായിരുന്നു. അതുകിട്ടിയിട്ട് ആറുമാസമായി. വയ്യാതെ കിടന്നതിനാല്‍ മസ്റ്ററിങ് നടത്താനുമായിരുന്നില്ല.

വ്യാഴാഴ്ച ഇവർ വാതില്‍ തുറക്കാത്തതിനാല്‍ സമീപത്തെ കടയിലെ സ്ത്രീ ചെന്നു നോക്കി. ഇരുവരെയും അവശരായി കണ്ടതിനെത്തുടർന്ന് ഇവർ ആശ പ്രവർത്തക നജുമയെ വിവരമറിയിച്ചു. നജുമയെത്തുമ്ബോള്‍ കട്ടിലില്‍നിന്ന് വീണനിലയില്‍ ഷേർലിയെയും കമലാസനനെയും കണ്ടു. ഷേർലി മരിച്ചിരുന്നു.

സംസ്കാരത്തിനു മക്കളെത്തിയെങ്കിലും കമലാസനനെ കൂട്ടിക്കൊണ്ടുപോകാൻ ആരും തയ്യാറായില്ല. വിദേശത്തുനിന്നെത്തിയ സമീപവാസിയും വ്യവസായിയുമായ ഹാരിസ് രാജ ശനിയാഴ്ച ഇതറിഞ്ഞു സ്ഥലത്തുപോയി. ആലപ്പുഴ നഗരസഭാ ചെയർപേഴ്സണ്‍ കെ.കെ. ജയമ്മയെയും വാർഡ് കൗണ്‍സിലർ ജി. രേഖയെയും വിവരമറിയിച്ചു. പോലീസില്‍ അറിയിച്ചെങ്കിലും സ്ഥലത്തെത്തിയില്ലെന്നു പറയുന്നു. മക്കളെ വിളിച്ചിട്ടു കിട്ടുന്നില്ലെന്നുപറഞ്ഞ് പോലീസ് ഒഴിഞ്ഞതായും ആരോപണമുണ്ട്. ഒടുവില്‍ ചെയർപേഴ്സന്റെ നിർദേശത്തില്‍ കമലാസനനെ ആംബുലൻസില്‍ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

നോക്കാനാളില്ലെങ്കില്‍ കിടത്താനാകില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞപ്പോള്‍ ഹാരിസ് രാജ ഹോംനഴ്സിനെ ഏർപ്പാടാക്കി. ചികിത്സാച്ചെലവുകളും ഏറ്റു. ഷേർലി മരിച്ചതുള്‍പ്പെടെയുള്ള വിവരം വ്യാഴാഴ്ച രാവിലെതന്നെ വാർഡ് കൗണ്‍സിലർ നോർത്ത് പോലീസില്‍ അറിയിച്ചിട്ടും അന്നും പോലീസ് വീട്ടിലെത്തി അന്വേഷിച്ചില്ലെന്ന്‌ ആരോപണമുണ്ട്.

Related Articles

Back to top button