KeralaLatestUncategorized

കുടുംബശ്രീയെ ഉപയോഗിച്ച് പ്ലാന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍; ലെന്‍സ്ഫെഡ് സെക്രട്ടറിയേറ്റ് ധര്‍ണ നടത്തി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കുടുംബശ്രീയെ ഉപയോഗിച്ച് പ്ലാന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ തുടങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍ (ലെന്‍സ്ഫെഡ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റ് നോര്‍ത്ത് ഗേറ്റിനു മുന്നില്‍ സമാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അയ്യായിരത്തോളം എന്‍ജിനിയര്‍മാര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കുടുംബശ്രീയെ ഉപയോഗിച്ച് പ്ലാന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ തുടങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം നഗരത്തില്‍ ലെന്‍സ്ഫെഡ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച്.

തുടര്‍ന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന ധര്‍ണ എം വിന്‍സെന്റ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയെ ഉപയോഗിച്ച് പ്ലാന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് എം വിന്‍സെന്റ് എംഎല്‍എ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഈ നടപടിയുമായി മുന്നോട്ടു പോയാല്‍ അത് വര്‍ഷങ്ങളായി ഈ മേഖലയില്‍ ജോലി ചെയ്യുന്ന സംസ്ഥാനത്തെ മുപ്പത്തയ്യായിരത്തോളം ലൈസന്‍സ്ഡ് സിവില്‍ എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും തൊഴിലിന് ഭീഷണിയായി മാറും. മാത്രമല്ല സര്‍ക്കാറിന്റെ ഈ നടപടി നിര്‍മാണ പെര്‍മിറ്റിന്റെ ഗൗരവം തന്നെ ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലെന്‍സ്ഫെഡ് സംസ്ഥാന പ്രസിഡന്റ് സി എസ് വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജിതിന്‍ സുധാകൃഷ്ണന്‍, സംസ്ഥാന ട്രഷറര്‍ ഗിരീഷ് കുമാര്‍ ടി, പി മമ്മദ് കോയ, ടിസിവി ദിനേശ് കുമാര്‍, പിഎം സനില്‍കുമാര്‍, മുഹമ്മദ് ഇക്ബാല്‍, ആര്‍ ജയകുമാര്‍, ജോഷി സെബാസ്റ്റ്യന്‍, എഒ ബേബി, ഷാജി പിബി തുടങ്ങിയവര്‍ സംസാരിച്ചു.

 

Related Articles

Check Also
Close
Back to top button