KeralaLatest

കണ്ണാടിപ്പായ ഭൗമസൂചികാപദവിയിലേക്ക്

“Manju”

 

വെളിച്ചം തട്ടിയാല്‍ കണ്ണാടിപോലെ തിളങ്ങും. നെയ്യാൻ ഒരു മാസം. അതും പ്രത്യേകസമയം നോക്കിയെടുക്കുന്ന അപൂർവ മുളകൊണ്ട്. ഇങ്ങനെ ഏറെ പ്രത്യേകതകളുടെ തിളക്കമുണ്ട് കണ്ണാടിപ്പായക്ക്. അതുകൊണ്ടുതന്നെ കണ്ണാടിപ്പായക്ക് ഭൗമസൂചിക പദവി നേടാനുള്ള ശ്രമവുമായി മുന്നോട്ടുപോവുകയാണ് ഇതിനുപിന്നിലുള്ളവരും കേരള ഫോറസ്റ്റ് റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടും.

ഇടുക്കി, തൃശ്ശൂർ, എറണാകുളം, പാലക്കാട് ജില്ലകളില്‍ താമസിക്കുന്ന ഊരാളി, മന്നാൻ, മുതുവാൻ, മലയൻ, കാടർ തുടങ്ങിയ വിഭാഗങ്ങളിലുള്ളവരാണ് കണ്ണാടിപ്പായ നെയ്യുന്നത്. കാട്ടില്‍പ്പോയി അപൂർവമായ ഞൂഞ്ഞില്‍ ഈറ്റ പ്രത്യേക പ്രായത്തിലുള്ളതെടുത്താണ് പായ നിർമിക്കുന്നത്.

ഏറെ ക്ഷമയോടെ ചെയ്യേണ്ട, അപൂർവവും സങ്കീർണവുമായ ഡിസൈനാണ് കണ്ണാടിപ്പായയുടേത്. വിവിധ ഡിസൈനിലുണ്ടെങ്കിലും ചതുരക്കള്ളികളാണ് അടിസ്ഥാനം. കണ്ണാടിപോലുള്ള ഈ ചതുര ഡിസൈൻ കാരണമാണ് പായക്ക് ആ പേരുവന്നത്. അത്രയേറെ മിനുസമുള്ളതിനാല്‍ വെളിച്ചംതട്ടി കണ്ണാടിപോലെ തിളങ്ങുന്നതാണ് കാരണമെന്നും പറയുന്നു.

ഈറ്റ എന്ന് പേരിലുണ്ടെങ്കിലും മുളവർഗത്തിലാണ് ഞൂഞ്ഞില്‍ ഈറ്റ ഉള്‍പ്പെടുന്നതെന്ന് കേരള ഫോറസ്റ്റ് റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പല്‍ സയിന്റിസ്റ്റ് ഡോ. .വി. രഘു പറയുന്നു.

മുളയുടെ ഇത്രയേറെ നേർത്ത പാളികൊണ്ട് നിർമിക്കുന്ന പായ ഇന്ത്യയില്‍ത്തന്നെ വേറെയില്ല. മടക്കുകയോ ഒടിക്കുകയോ ചെയ്യാം. ഈ പ്രത്യേകതകളെല്ലാം ഉള്‍പ്പെടുത്തിയാണ് ഭൗമസൂചികാ പദവിക്ക് അപേക്ഷിച്ചിരിക്കുന്നത്. അത് അവസാനഘട്ടത്തിലാണെന്നും ഡോ. .വി. രഘു വ്യക്തമാക്കുന്നു.

ചെറിയ വിലനല്‍കിയാണ് നെയ്യുന്നവരില്‍നിന്ന് പലപ്പോഴും ആളുകള്‍ പായ വാങ്ങിക്കൊണ്ടുപോയിരുന്നത്. എന്നാലിപ്പോള്‍ ഏകദേശ വില നിശ്ചയിച്ചിട്ടുണ്ട്. ആവശ്യപ്പെടുന്ന വലുപ്പമനുസരിച്ച്‌ ചെയ്തുകൊടുക്കും. നാലായിരം മുതലാണ് വില. കിടക്കുമ്ബോള്‍ നല്ല തണുപ്പു നല്‍കുന്ന പായ 10 വർഷംവരെ നിലനില്‍ക്കും.

ഒരു പ്രമുഖ ഗ്രൂപ്പ് ദുബായിലെ മാളില്‍ നിസ്കാരപ്പായയായി വില്‍ക്കാൻ സമീപിച്ചിരുന്നെങ്കിലും വൻതോതില്‍ ഉണ്ടാക്കാനാവാത്തത് തടസ്സമായി. യന്ത്രങ്ങളുടെയും മറ്റും സഹായത്തോടെ ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ആദിവാസിവിഭാഗങ്ങളുടെ ക്ഷേമത്തിനായി കോഴിക്കോട്ട് പ്രവർത്തിക്കുന്ന കിർത്താഡ്സില്‍ നടക്കുന്ന നെറ തിങ്കതദ്ദേശീയ ഭക്ഷ്യവൈദ്യകലസാഹിത്യ സംഗമത്തില്‍ കണ്ണാടിപ്പായ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു.

Related Articles

Back to top button