KeralaLatest

ടിപ്പറില്‍ നിന്ന് കല്ലുതെറിച്ച് വീണ് മകന്‍ മരിച്ചത് അമ്മ അറിഞ്ഞത് ഫേസ്ബുക്കിലൂടെ; പിതാവ് ചാനല്‍ വാര്‍ത്തയിലൂടെയും

“Manju”

വിഴിഞ്ഞം: സന്തോഷത്തോടെ മകന്‍ അനന്തുവിനെ കോളേജിലേക്ക് യാത്രയാക്കി അരമണിക്കൂറിനു ശേഷം അമ്മ ബിന്ദു കേട്ടത് മകന്റെ അപകട വാര്‍ത്തയാണ്. നിസ്സാര പരിക്കുകള്‍ എന്നാണ് ആദ്യം അറിഞ്ഞത്. എന്നാല്‍ ഉച്ചയോടെ തങ്ങളെ വിട്ടുപോയെന്ന് ഫേസ്ബുക്കിലൂടെ ആ അമ്മ അറിഞ്ഞു. അനന്തുവിന്റെ ചിത്രങ്ങള്‍ നോക്കി വിങ്ങിപൊട്ടിയ ആ അമ്മയെ ആശ്വസിപ്പിക്കാന്‍ ബന്ധുക്കളും നാട്ടുകാരും പാടുപെട്ടു. ഇന്നലെ മൂക്കോലയ്ക്ക് സമീപം ടിപ്പര്‍ ലോറിയില്‍ നിന്ന ്കരിങ്കല്ല് തലയില്‍ വീണ് ഡെന്റല്‍ വിദ്യാര്‍ത്ഥി അനന്തുവിന്റെ മരണമാണ് നാടിനെ ഞെട്ടിച്ചത്.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന അച്ഛന്‍ ചാനല്‍ വാര്‍ത്തയിലൂടെയാണ് മരണവിവരം അറിയുന്നത്. ലോട്ടറി ഏജന്റ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റായ ബിന്ദുവിനെ എല്ലായിടത്തും എത്തിച്ചിരുന്നത് അനന്തുവാണ്. അമ്മയുടെ നിഴല്‍ പോലെ എന്നും അനന്തു ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മകന്‍ ഡോക്ടറായി കാണാനായിരുന്നു ബിന്ദുവിന്റെയും പിതാവ് അജികുമാറിന്റെയും ആഗ്രഹം. പഠനം കഴിഞ്ഞ ഉടന്‍ വീടിന് മുന്നില്‍ ഡോക്ടര്‍ എന്ന ബോര്‍ഡ് സ്ഥാപിക്കണമെന്നായിരുന്നു ഇരുവരും പറഞ്ഞിരുന്നത്. ഡോക്ടറാവാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണ് അനന്തുവിനെ മരണം കവര്‍ന്നെടുത്തത്.

അനന്തുവിന്റെ സംസ്‌കാര ചടങ്ങുകള്‍ ഉച്ചയോടെ വീടിന് സമീപമുള്ള ശ്മശാനത്തില്‍ നടക്കും. രാവിലെ അനന്തു പഠിച്ച കോളജില്‍ പൊതുദര്‍ശനത്തിന് വെക്കും. അതിനുശേഷമായിരിക്കും വീട്ടിലേക്ക് മൃതദേഹം എത്തിക്കുക. അതേസമയം അപകടത്തിനെതിരെ ഇന്നും നാട്ടുകാര്‍ പ്രതിഷേധിക്കും.

നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയിലെ നാലാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയായിരുന്ന അനന്തു ഇന്നലെയാണ് മരിച്ചത്. രാവിലെ 8 മണിയോടെ മുക്കോല-ബാലരാമപുരം റോഡില്‍ മണലിവിള മുള്ളുമുക്കിലാണ് അപകടം നടന്നത്. കോളജില്‍ പോകാനായി ബാലരാമപുരത്തേക്ക് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു അനന്തു. എതിര്‍ ദിശയില്‍ നിന്നുവരികയായിരുന്ന ലോറിയില്‍ അമിതമായി കരിങ്കല്ലു കയറ്റിയിരുന്നു.

അതില്‍നിന്നു തെറിച്ചുവന്ന വലിയകല്ല് അനന്തുവിന്റെ തലയുടെ മുന്‍ഭാഗത്ത് ഇടിച്ച് നെഞ്ചില്‍ പതിച്ചശേഷം സ്‌കൂട്ടറിന്റെ ഹാന്‍ഡിലില്‍ വീഴുകയായിരുന്നു. അതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ സമീപത്തെ മതിലില്‍ ഇടിച്ചു മറിഞ്ഞു. അദാനി വിഴിഞ്ഞം തുറമുഖത്തിനായി ടെട്രാപോഡ് നിര്‍മ്മിക്കുന്ന കേന്ദ്രത്തിനു മുന്നിലെ റോഡിലെ കുഴിയില്‍ വീണപ്പോഴാണ് ലോറിയില്‍ നിന്നു കരിങ്കല്ല് തെറിച്ചത്. 20 കിലോഗ്രാമോളം ഭാരമുള്ള കല്ലിന്റെ വീഴ്ചയില്‍ അനന്തുവിന്റെ ഹെല്‍മെറ്റ് തകര്‍ന്നു. നെഞ്ചിന്റെ ഭാഗത്തെ എല്ലുകള്‍ പൊട്ടുകയും ഹൃദയം, കരള്‍ അടക്കമുള്ള ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ടോടെ പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ മെഡിക്കല്‍ കോളജില്‍ വച്ച് പൂര്‍ത്തിയാക്കിയിരുന്നു. അതേസമയം അപകടത്തിനെതിരെ ഇന്നും നാട്ടുകാര്‍ പ്രതിഷേധിക്കും. അനന്തുവിന്റെ കുടുംബത്തിന് അര്‍ഹമായ സഹായം നല്‍കുക, ജനത്തിന്റെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. പ്രതിഷേധക്കാരുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തിയേക്കും.

Related Articles

Back to top button