KeralaLatest

സഞ്ചാരികളെ ആകര്‍ഷിച്ച് മൂന്നാറില്‍ നീലവസന്തം

“Manju”

ഇടുക്കി: മൂന്നാറിന്റെ വഴിയോരങ്ങളില്‍ നീലവസന്തം വിരിച്ചുനില്‍ക്കുന്ന വാക മരങ്ങള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ജക്രാന്ത എന്ന പേരില്‍ അറിയപ്പെടുന്ന നീലനിറത്തിലുള്ള പുഷ്പങ്ങളാണ് മൂന്നാറിന്റെ മലനിരകളില്‍ നീലവസന്തം അണിയിച്ചിരിക്കുന്നത്. പച്ചവിരിച്ചുകിടക്കുന്ന തേയില കാടുകള്‍ക്കിടയില്‍ നിലവസന്തം തീര്‍ക്കുകയാണ് ജക്രാന്ത. പച്ചപ്പിന് നടുവിലെ നീലവസന്തം കാഴ്ച്ചക്ക് ഏറെ ഭംഗി നല്‍കുന്നതാണ്.

പാതയോരങ്ങളിലാകെ നീലവാക പൂക്കള്‍ പൂത്തുലഞ്ഞ് നില്‍ക്കുന്നു. ഇലകള്‍ പൊഴിച്ച് നിറയെ പൂക്കളുമായി നില്‍ക്കുന്ന ജക്രാന്ത മരങ്ങള്‍ മൂന്നാറിന്റെ ഭംഗിയുള്ള കാഴ്ച്ചകളില്‍ ഒന്നാണ്. എന്തായാലും മധ്യവേനല്‍ അവധിക്കാലത്ത് മൂന്നാറിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് നീല വാകകള്‍ കൂടുതല്‍ മനോഹര കാഴ്ച്ചകള്‍ സമ്മാനിക്കും. ചൂട് കനത്തെങ്കിലും അവധി ദിവസങ്ങളില്‍ മൂന്നാറിലും ജില്ലയിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലും എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ കുറവില്ല.

ബ്രിട്ടീഷുകാരുടെ കാലത്ത് മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ജക്രാന്ത മരങ്ങള്‍ നട്ടുപിടിപ്പത്. റോഡരികില്‍ കൂട്ടമായി പൂത്തുലഞ്ഞു നില്‍ക്കുന്ന ജക്രാന്തകള്‍ കാണാന്‍ നിരവധി സഞ്ചാരികള്‍ എത്തുന്നുണ്ട്. മൂന്നാര്‍ – ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയിലാണ് നീല വാകകള്‍ വ്യാപകമായി പൂത്തു നില്‍ക്കുന്നത്. പാതയോരങ്ങളും ഉദ്യാനങ്ങളും മോടി പിടിപ്പിക്കാന്‍ വിദേശ രാജ്യങ്ങളിലും നീല വാകകള്‍ നട്ടുപിടിപ്പിക്കാറുണ്ട്. ജക്രാന്തയുടെ ശാസ്ത്രനാമം മിമോസിഫോളിയ എന്നതാണ്.

 

Related Articles

Back to top button