IndiaLatest

ഭാര്യയെ ‘സെക്കന്‍ഡ് ഹാന്‍ഡ്’ എന്ന് വിളിച്ചു, ഉപദ്രവിച്ചു, 3 കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി

“Manju”

മുംബൈ: ഭാര്യയെ ‘സെക്കന്‍ഡ് ഹാന്‍ഡ്’ എന്ന് വിളിക്കുകയും അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്ത ഭര്‍ത്താവിനോട് മൂന്നുകോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ബോംബെ ഹൈക്കോടതി. അതുപോലെ മാസം ചെലവിനായി 1.5 ലക്ഷം രൂപ നല്കാനും കോടതി ഉത്തരവിട്ടു. ഹാര്‍ഹിക പീഡന നിരോധന നിയമ പ്രകാരമാണ് കോടതിയുടെ വിധി. അമേരിക്കയില്‍ താമസിക്കുന്ന ഭര്‍ത്താവ് സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ഭര്‍ത്താവ് ഭാര്യയെ പലതരത്തില്‍ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തെന്നും കോടതി കണ്ടെത്തി. ഇരുവരുടേയും വിവാഹം കഴിയുന്നത് 1994 ജനുവരിയിലാണ്. മധുവിധു കാലത്തെല്ലാം ഭര്‍ത്താവ് തന്നോട് മോശമായി പെരുമാറി. നേപ്പാളില്‍ പോയപ്പോള്‍ തന്നെ ‘സെക്കന്‍ഡ് ഹാന്‍ഡ്’ എന്ന് വിളിച്ച് അപമാനിച്ചു എന്നും ഭാര്യ ആരോപിച്ചിരുന്നു. നേരത്തെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയതിനെ തുടര്‍ന്നായിരുന്നു അവരെ ഭര്‍ത്താവ് സെക്കന്‍ഡ് ഹാന്‍ഡ് എന്ന് വിളിച്ചത്.

1994 ജനുവരിയില്‍ മുംബൈയില്‍ വച്ച് വിവാഹിതരായ ദമ്പതികള്‍ പിന്നീട് യുഎസ്എയില്‍ വിവാഹ ചടങ്ങ് നടത്തിയിരുന്നു. 2005 -ല്‍ ഇരുവരും നാട്ടിലേക്ക് മടങ്ങി, മാട്ടുംഗയില്‍ ഇരുവരുടെയും ഉടമസ്ഥതയിലുള്ള ഒരു വീട്ടിലായിരുന്നു താമസം. എന്നിരുന്നാലും, 2008 -ല്‍, ഇരുവരും തമ്മിലുള്ള പ്രശ്‌നം കാരണം ഭാര്യ അവരുടെ വീട്ടിലേക്ക് മടങ്ങി. ഭര്‍ത്താവ് 2014 ല്‍ യുഎസ്എയിലേക്ക് താമസം മാറി.

2017 -ല്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഇയാള്‍ അമേരിക്കയിലെ കോടതിയെ സമീപിച്ചു. അതേസമയം ഭാര്യ മുംബൈ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇയാള്‍ക്കെതിരെ ഗാര്‍ഹികപീഡനത്തിന് പരാതിയും നല്‍കി. 2018 -ല്‍ അമേരിക്കയിലെ കോടതി രണ്ടുപേര്‍ക്കും വിവാഹമോചനം അനുവദിച്ചു. എന്നാല്‍, ഭാര്യ നല്കിയ പരാതി സത്യമാണെന്നും അവര്‍ പലതരത്തില്‍ ഉപദ്രവം നേരിട്ടു എന്നും മുംബൈ മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തി. അങ്ങനെയാണ് മൂന്നുകോടി രൂപ നഷ്ടപരിഹാരം നല്കാനും ഒന്നരലക്ഷം രൂപ മാസം ജീവനാംശം നല്കാനും വിധി വരുന്നത്. ഭര്‍ത്താവ് ഇതോടെ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ കീഴ്‌ക്കോടതി വിധി ഹൈക്കോടതിയും ശരി വയ്ക്കുകയായിരുന്നു.

 

Related Articles

Back to top button