IndiaLatest

ചന്ദ്രന് പിന്നാലെ സൂര്യനെയും ലക്ഷ്യമിട്ട് ഐഎസ്‌ആര്‍ഒ

“Manju”

ബെംഗളൂരു: ചന്ദ്രയാൻ ദൗത്യത്തിനു പിന്നാലെ സൂര്യനിലേക്കാണ് ഐഎസ്‌ആര്‍ഒയുടെ അടുത്ത ഉന്നം. ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എല്‍ -1 വിക്ഷേപണത്തിനുള്ള ഒരുക്കങ്ങള്‍ ഐഎസ്‌ആര്‍ഒ വേഗത്തിലാക്കി. ചന്ദ്രയാൻ പേടകത്തിന്റെ ലാൻഡിങ്ങിനു പിന്നാലെ ആദിത്യയുടെ വിക്ഷേപണം പിഎസ്‌എല്‍വി റോക്കറ്റ് ഉപയോഗിച്ചു നടത്താനാണു നീക്കം. ബെംഗളൂരുവിലെ യുആര്‍ റാവു സാറ്റ്‌ലൈറ്റ് സെന്ററില്‍ നിര്‍മിച്ച ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തിലെത്തിച്ചു. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ വിക്ഷേപണം നടക്കും.

4 മാസത്തെ യാത്രയ്ക്ക് ശേഷം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള സൂര്യന്റെയും ഭൂമിയുടെയും ഭ്രമണപഥത്തിനിടയില്‍ വരുന്ന ഒന്നാം ലെഗ്രാഞ്ചേ ബിന്ദുവിലായിരിക്കും ഇതിന്റെ ഭ്രമണപഥം. ബഹിരാകാശ നിരീക്ഷണ കേന്ദ്രമായി ആദിത്യ എല്‍-1 ഉപഗ്രഹം പ്രവര്‍ത്തിക്കും. സൂര്യന്റെ പുറം ഭാഗത്തെ താപവ്യതിയാനങ്ങളും സൗരകൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം.

സൗരജ്വാലകള്‍ ഭൂമിയില്‍ പതിച്ചാല്‍ എന്ത് തരത്തിലുള്ള ആഘാതം ഉണ്ടാക്കും, സൂര്യന് സമീപമുള്ള ഗ്രഹങ്ങളില്‍, പ്രത്യേകിച്ച്‌ ഭൂമിയുടെ ബഹിരാകാശ മേഖലയില്‍ അത് എന്ത് തരത്തിലുള്ള സ്വാധീനം ചെലുത്തും എന്നതിനെ കുറിച്ച്‌ കൂടുതലറിയാൻ കഴിയും. 378 കോടി രൂപയാണ് ആദിത്യ എല്‍1 ദൗത്യത്തിനു പ്രതീക്ഷിക്കുന്ന ചെലവ്.

ആദ്യ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാനിനായുള്ള ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ മികവു പരീക്ഷിച്ചറിയാനുള്ള ദൗത്യം ഉടനുണ്ട്. ഇതിനു പിന്നാലെ ഗഗൻയാന്റെ ആളില്ലാ ദൗത്യം (അണ്‍മാൻഡ് മിഷൻ) നടക്കും. ഭൂമിയെ ചുറ്റി ഏകദേശം 400 കിലോമീറ്റര്‍ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ ഒന്നു മുതല്‍ 3 ദിവസം വരെ നിലയുറപ്പിച്ച ശേഷം, ക്രൂ മൊഡ്യൂള്‍ കടലിലെ നിശ്ചിത സ്ഥലത്ത് തിരിച്ചെത്തുകയാണു ഗഗൻയാൻ ദൗത്യം. 9023 കോടിയോളമാണു ചെലവ്.

യുഎസ് ബഹിരാകാശ ഏജൻസിയായ നാസയും ഐഎസ്‌ആര്‍ഒയും സംയുക്തമായി വികസിപ്പിച്ചെടുക്കുന്ന ലോ എര്‍ത്ത് ഓര്‍ബിറ്റ് (ലിയോ) ഒബ്സര്‍വേറ്ററിയാണ് നാസ-ഐഎസ്‌ആര്‍ഒ എസ്‌എആര്‍ (നിസാര്‍).നിസാര്‍ 12 ദിവസത്തിലൊരിക്കല്‍ ഭൂമിയുടെ ആവാസവ്യവസ്ഥയിലെ മാറ്റങ്ങള്‍, മഞ്ഞ്, പിണ്ഡം, സമുദ്രനിരപ്പിലെ വര്‍ധ, ഭൂഗര്‍ഭജലം, ഭൂകമ്പങ്ങള്‍, സൂനാമികള്‍, അഗ്നിപര്‍വതങ്ങള്‍, മണ്ണിടിച്ചിലുകള്‍ എന്നിവയുള്‍പ്പെടെയുള്ള അപഗ്രഥിക്കാനും മുന്നറിയിപ്പുകള്‍ നല്‍കാനും ശേഷിയുള്ളതാണ്. 12,296 കോടി രൂപ ചെലവ്. മറ്റനവധി പദ്ധതിജികളും ഐഎസ്‌ആര്‍ഒ ലക്ഷ്യം വയ്ക്കുന്നുണ്ട്.

Related Articles

Back to top button