KeralaLatest

ആ‌ടുജീവിതത്തിന്റെ റിലീസ് ദിവസം ഇവര്‍ ജോലിക്ക് പോയത് ഈ ടീഷര്‍ട്ട് അണിഞ്ഞ്

“Manju”

ഹരിപ്പാട് : ആറാട്ടുപുഴയിലെ നജീബിന്റെ ജീവിതകഥയായ ആടുജീവിതം സിനിമ ആയപ്പോള്‍ നാട് ഒന്നാകെ ആവേശത്തില്‍. തങ്ങളുടെ സുഹൃത്ത് അനുഭവിച്ച ജീവിതദുരിതങ്ങള്‍ സ്‌ക്രീനില്‍ കാണുമ്ബോള്‍ പലരുടെ കണ്ണുകള്‍ ഈറനണിഞ്ഞു.
ആറാട്ടുപുഴയെന്ന തീരദേശഗ്രാമത്തിലെ പൊന്തുവള്ള തൊഴിലാളികളും നജീബിന്റെ സുഹൃത്തുക്കളുമായ ഷിബു മസ്താൻ, അബ്ദുല്‍ വാഹിദ്, താജുദ്ദീൻ, ഷാജു മസ്താൻ, മുഹമ്മദ് കുഞ്ഞ് തുടങ്ങിയവർ ഇന്ന് പണിക്ക് പോയത് ആടു ജീവിതത്തിൻറെ കഥാകൃത്ത് ബെന്യാമിൻ സമ്മാനിച്ച ടീഷർട്ടുമിട്ടായിരുന്നു. കഴിഞ്ഞദിവസം ഹരിപ്പാട് എത്തിയാണ് ടീഷർട്ട് ബെന്യാമിൻ നജീബിനെ ഏല്‍പ്പിച്ചത്. റിലീസ് ദിവസത്തിന്റെ സന്തോഷത്തിലാണ് തങ്ങള്‍ ധരിച്ചതെന്ന് അവർ പറഞ്ഞു. ഇത് ധരിച്ചുകൊണ്ട് സിനിമയ്ക്ക് പോകാനാണ് ഇവർ ആഗ്രഹിച്ചിരുന്നത്.
നജീബിനൊപ്പം സിനിമയ്ക്ക് പോകാൻ ഇവർക്കും ക്ഷണം ഉണ്ടായിരുന്നു. നജീബിന്റെ പേരക്കുട്ടി കഴിഞ്ഞ ദിവസം മരിച്ചതിനെ തുടർന്നു സിനിമ കാണുന്ന തീരുമാനം മാറ്റുകയായിരുന്നു. സിനിമയുടെ പിന്നണി പ്രവർത്തകരുടെ സ്നേഹാഭ്യർത്ഥന മാനിച്ചാണ് നജീബ് മാത്രം ആദ്യ ഷോ കാണാൻ പോയത്. വരുന്ന ഏതെങ്കിലും ദിവസങ്ങളില്‍ ഒരുമിച്ചു പോയി സിനിമ കാണുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
പ്രവാസജീവിതം അവസാനിപ്പിച്ചതിനുശേഷം ആണ് നിത്യജീവത്തിന് വക തേടി നജീബ് ഇവരോടൊപ്പം കൂടിയത്. 500 രൂപ പോലും കിട്ടാത്ത ദിവസങ്ങളാണ് അധികവും. വല്ലപ്പോഴുമേ നല്ല പണി കിട്ടുകയുള്ളൂ.ആടുജീവിതത്തിന്റെ പ്രശസ്തി തന്നെ തേടി എത്തിയിട്ടും നജീബ് തന്റെ സങ്കടം ആരോടും പങ്കുവെച്ചിട്ടില്ല. ഈ സിനിമയുടെ വിജയത്തിലൂടെ നജീബിന്റെ ജീവിതം മെച്ചപ്പെടണം എന്ന് ആഗ്രഹമാണ് സുഹൃത്തുക്കള്‍ക്കുള്ളത്.

Related Articles

Back to top button