LatestThiruvananthapuram

ആറ്റിങ്ങലില്‍ വ്യാപാരസ്ഥാപനത്തിന്റെ സംഭരണശാലയില്‍ തീപ്പിടിത്തം

“Manju”

തിരുവനന്തപുരം: ആറ്റിങ്ങലിൽ വ്യാപാര സ്ഥാപനത്തിന്റെ സംഭരണശാലയിൽ വൻ തീപ്പിടിത്തം. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് ആറ്റിങ്ങൽ കിഴക്കേനാലുമുക്കില്‍ പ്രവര്‍ത്തിക്കുന്ന ബഡാബസാര്‍ എന്ന വ്യാപാരകേന്ദ്രത്തിന്റെ സംഭരണശാലയിൽ തീ പിടിത്തമുണ്ടാകുന്നത്.

വിവിധ അഗ്നിരക്ഷാനിലയങ്ങളില്‍ നിന്നായി എത്തിയ 12 യൂണിറ്റുകളാണ് ഒന്നരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഒമ്പതരയോടെ തീ നിയന്ത്രണ വിധേയമാക്കിയത്. ബഡാബസാര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഭൂമിക്കടിയിലുള്ള നിലയിലാണ് സംഭരണകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇതിനോട് ചേര്‍ന്ന് പാര്‍ക്കിങ് ഏരിയയുമുണ്ട്.

പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍, വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, അലങ്കാരസാധനങ്ങള്‍ എന്നിവയെല്ലാം വിൽക്കുന്ന സ്ഥാപനമാണ് ബഡാബസാര്‍. സംഭരണകേന്ദ്രത്തിലും ഈ ഉത്പന്നങ്ങൾ ഉണ്ടായിരുന്നു. വസ്ത്രശേഖരത്തിലും പ്ലാസ്റ്റിക്കിലും തീ പടര്‍ന്നതോടെയാണ് തീ പിടിത്തം ശ്രദ്ധയിൽപെട്ടത്. പുക ഉയരുന്നത് കണ്ടതോടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നവര്‍ ഉടൻ അവ അവിടെ നിന്നും മാറ്റി.

ആറ്റിങ്ങല്‍ അഗ്നിരക്ഷാനിലയത്തില്‍ നിന്നും രണ്ട് യൂണിറ്റെത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ കഴക്കൂട്ടം, വെഞ്ഞാറമൂട്, കല്ലമ്പലം, വര്‍ക്കല എന്നിവിടങ്ങളില്‍നിന്ന്‌ പത്ത് യൂണിറ്റുകള്‍ കൂടി വിളിച്ച് വരുത്തുകയായിരുന്നു. വ്യാപാരകേന്ദ്രത്തെ തീ പിടുത്തം ബാധിച്ചിട്ടില്ല. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പോലീസും അഗ്നിരക്ഷാസേനയും പരിശോധനകള്‍ നടത്തിവരികയാണ്.

Related Articles

Back to top button