IndiaKeralaLatest

അഞ്ചുവയസ്സുകാരി കളിക്കിടെ ട്രെയിനില്‍ കയറി; ഒടുവില്‍ ഭിക്ഷാടകരുടെ കൈയില്‍; 20 വര്‍ഷത്തിനുശേഷം വീട്ടുകാരെ കണ്ടെത്തി

“Manju”

തിരുവനന്തപുരം: കളിക്കുന്നതിനിടെ അറിയാതെ ട്രെയിനില്‍ കയറിയതാണ് ഉത്തര്‍പ്രദേശിലെ മഥുരയിലെ അഞ്ചുവയസ്സുകാരി പൂനം. എന്നാല്‍ 20 വര്‍ഷത്തിന് ശേഷമാണ് പൂനത്തിന് തന്റെ വീട്ടുകാരെ കണ്ടെത്താനായത്. അതും തന്റെ സുഹൃത്തിന്റെ സഹായത്തോടെ.

മഥുര റെയില്‍വേസ്റ്റേഷനടുത്താണ് പൂനത്തിന്റെ വീട്.വലിയൊരു മരവും ക്ഷേത്രവും അടുത്തുണ്ട്. അച്ഛന്റെ പേര് ഓം പ്രകാശ് അമ്മയുടെ പേര് ജബീല. കുട്ടിക്കാലത്ത് കളിക്കുന്നതിനിടെ ഒളിക്കാനായി ട്രെയിനില്‍ കയറിയിരുന്നു. അതിനിടയ്ക്ക് ട്രെയിന്‍ മുന്നോട്ടെടുത്തു. ഇറങ്ങാന്‍ പേടിയായി. പിന്നീട് പല ട്രെയിനുകളും മാറിക്കയറി. ഒടുവില്‍ ഭിക്ഷാടകരുടെ കൈയില്‍പ്പെട്ടു. അവര്‍ ഭക്ഷണം പോലും നല്‍കാതെ പണിയെടുപ്പിച്ചു. അവരില്‍ നിന്ന് രക്ഷപ്പെട്ട് ട്രയിനില്‍ കോഴിക്കോടെത്തി. അവിടെ നിന്ന് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ കഴിയുമ്പോഴാണ് കഴക്കൂട്ടത്തെ ദമ്പതികള്‍ ദത്തെടുത്തു. മൂന്ന് വര്‍ഷം മുന്‍പ് വാട്ടര്‍ അതോററ്റിയില്‍ താല്‍ക്കാലിക ജോലി നോക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന മിനിയോട് തന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയുണ്ടായി. അടുത്തിടെ മഥുരയില്‍ പോയ മിനി പൂനം പറഞ്ഞ ലക്ഷണങ്ങള്‍ വച്ച് അവളുടെ വീടും വീട്ടുകാരെയും കണ്ടെത്തി. കുടുംബത്തെ വീഡിയോ കോളിലൂടെ പൂനത്തിന് കാണിച്ചു കൊടുത്തു.

തിരുവനന്തപുരം വട്ടപ്പാറയ്ക്ക് സമീപമാണ് തന്റെ മകള്‍ക്കൊപ്പമാണ് പൂനം ഇപ്പോള്‍ താമസിക്കുന്നത്. വീട്ടുകാരെ കണ്ടെത്തിയെങ്കിലും തന്റെ മാതൃഭാഷയായ ഹിന്ദി മറന്നു പോയ പൂനത്തിന് അവരോട് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല.

 

Related Articles

Back to top button