KeralaLatest

ഡോ. എം.ഗംഗാധരൻ അന്തരിച്ചു

“Manju”

തിരുവനന്തപുരം : ചരിത്രപണ്ഡിതനും സാമൂഹിക നിരീക്ഷകനും മലയാള കാവ്യമണ്ഡലത്തിലെ പുതുഭാവുകത്വത്തെ കൈപിടിച്ചു നടത്തിയ സാഹിത്യനിരൂപകനുമായ ഡോ. എം.ഗംഗാധരൻ(89) അന്തരിച്ചു.
സംസ്കാരം ഇന്നു 10.30നു വീട്ടുവളപ്പിൽ നടന്നു. പട്ടാറമ്പിൽ കാരാട്ട് ഡോ. നാരായണൻ നായരുടെയും മുറ്റായിൽ പാറുക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: യമുനാദേവി. മക്കൾ: നാരായണൻ, നളിനി. മരുമക്കൾ: അനിത, കരുണാകര മേനോൻ. ചരിത്രകാരൻ ഡോ. എം.ജി.എസ്.നാരായണൻ സഹോദരിയുടെ മകനാണ്.
വിവർത്തനത്തിനും സാഹിത്യ വിമർശനത്തിനും കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. ഉണർവിന്റെ ലഹരിയിലേക്ക്(സാഹിത്യനിരൂപണം), ജാതി വ്യവസ്ഥ, മാപ്പിള പഠനങ്ങൾ, സ്ത്രീയവസ്ഥ കേരളത്തിൽ, വി.കെ.കൃഷ്ണ മേനോൻ–വ്യക്തിയും വിവാദങ്ങളും, ഗാന്ധി ഒരന്വേഷണം, ചിന്തയിൽ ക്ഷോഭം എന്നിവയാണു മറ്റു പ്രധാന കൃതികൾ. മാനൺ ലെസ്കോ– ഒരു പ്രണയ കഥ, വസന്തത്തിന്റെ മുറിവ്, കടൽ കന്യക തുടങ്ങിയവ വിവർത്തനങ്ങളാണ്.
ഡോ. എം.ഗംഗാധരൻ: മലബാർ കലാപത്തെക്കുറിച്ചുള്ള പഠനങ്ങളിലൂടെ ശ്രദ്ധേയൻ
അന്തരിച്ച ഡോ. എം.ഗംഗാധരൻ മലബാർ കലാപത്തെക്കുറിച്ചുള്ള ആഴമേറിയ പഠനങ്ങളുടെയും സാഹിത്യ, സാമൂഹിക നിരൂപണങ്ങളുടെയും പേരിൽ അറിയപ്പെട്ടു. പരപ്പനങ്ങാടി, കോഴിക്കോട് എന്നിവിടങ്ങളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മദ്രാസ് സർവകലാശാലയിൽനിന്നു ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. ചെന്നൈ പോസ്റ്റൽ ഓഡിറ്റ് വകുപ്പിൽ ജോലിചെയ്യുന്ന കാലത്ത് എം.ഗോവിന്ദന്റെ ബൗദ്ധിക സദസ്സിൽ അംഗമായി.
മലയാള സാഹിത്യ നിരൂപണവുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രസിദ്ധീകരണങ്ങളുടെ മുന്നണിയിലും പിന്നണിയിലും ഇക്കാലത്ത് സജീവമായിരുന്നു. എഴുപതുകളിലും എൺപതുകളിലും മലയാളകവിതയിൽ മുളപൊട്ടിപ്പടർന്ന ആധുനിക സരണിയെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാനും പുതിയ കവികളെ അവതരിപ്പിക്കാനും അദ്ദേഹം മുന്നിൽനിന്നു. കടമ്മനിട്ടയ്ക്കും ആറ്റൂരിനും അയ്യപ്പത്തിനും ബാലചന്ദ്രൻ ചുള്ളിക്കാടിനുമൊക്കെവേണ്ടി അദ്ദേഹം അവതാരികയെഴുതി.
1970ൽ തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനായി ചേർന്ന എം.ഗംഗാധരൻ കോഴിക്കോട് ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ ചരിത്രാധ്യാപകനായാണു വിരമിച്ചത്. കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിൽ സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽ വിസിറ്റിങ് പ്രഫസറായിരുന്നു.
മലബാർ കലാപത്തെക്കുറിച്ചുള്ള പഠനത്തിനു കാലിക്കറ്റ് സർവകലാശാലയിൽനിന്നു പിഎച്ച്ഡി നേടിയ അദ്ദേഹം ‘മലബാർ കലാപം’ എന്ന പുസ്തകമെഴുതിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പഠനങ്ങളുടെ ആധികാരിക രേഖയായി ഗ്രന്ഥം വിലയിരുത്തപ്പെട്ടു.

Related Articles

Back to top button