IndiaKeralaLatest

പഞ്ചാബ് മോഡലില്‍ പിള്ള രാജിവച്ച കഥ

“Manju”

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ നെറ്റിപ്പട്ടം അണിഞ്ഞ ഗജവീരനായിരുന്നു ആര്‍ ബാലകൃഷ്ണ പിള്ള. കേരളാ കോണ്‍ഗ്രസിനെ എങ്ങനേയും അധികാരത്തില്‍ എത്തിക്കണമെന്ന മോഹവുമായി നടന്ന വ്യക്തി. അതിന് വേണ്ടിയായിരുന്നു പഞ്ചാബ് മോഡല്‍ പ്രസംഗം. കേരള രാഷ്ട്രീയം കേരളാ കോണ്‍ഗ്രസിന് അനുകൂലമാക്കാന്‍ പിള്ള നടത്തിയ ആ ശ്രമത്തെ പൊളിച്ചത് ലീഡര്‍ കെ കരുണാകരനാണ്. രാജ്യദ്രോഹം പോലും ആരോപിച്ച്‌ പിള്ളയുടെ മോഹം ലീഡര്‍ നുള്ളുകയായിരുന്നു.
എന്തും തുറന്നു പറയുന്ന ക്ഷോഭിക്കുന്ന യുവത്വമായിരുന്നു ബാലകൃഷ്ണ പിള്ള. ഇതു തന്നെയാണ് പഞ്ചാബ് മോഡല്‍ പ്രസംഗത്തിലും നിറഞ്ഞത്. തന്ത്രങ്ങളിലൂടെ കേരള രാഷ്ട്രീയത്തില്‍ താരമായ നയതന്ത്രമായിരുന്നു പിള്ളയുടേത്. വിവാദച്ചുഴികള്‍ നിറഞ്ഞതായിരുന്നു പിള്ളയുടെ രാഷ്ട്രീയജീവിതം. വിവാദമായ പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരില്‍ 85-ല്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാംഗവും അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യമന്ത്രിയും ബാലകൃഷ്ണപിള്ളയാണ്.
1985-ല്‍ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ വൈദ്യുതമന്ത്രി ആയിരിക്കെ ആര്‍ ബാലകൃഷ്ണപിള്ള എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടന്ന കേരളാകോണ്‍ഗ്രസ് സമരപ്രഖ്യാപന സമ്മേളനത്തില്‍ നടത്തിയ പ്രസംഗമാണു പഞ്ചാബ് മോഡല്‍ പ്രസംഗം എന്ന പേരില്‍ വിവാദമായത്. പാലക്കാട്ട് അനുവദിക്കാമെന്നേറ്റ കോച്ച്‌ ഫാക്ടറി നാടകീയമായി പഞ്ചാബിലേക്കു കൊണ്ടുപോയതിനെപ്പറ്റിയാണു അദ്ദേഹം പ്രസംഗിച്ചത്. ഇത് രാജീവ് ഗാന്ധി പഞ്ചാബുകാരെ പ്രീതിപ്പെടുത്താനാണു ചെയ്തതെന്ന് വിശ്വസിച്ച അദ്ദേഹം, മെയ് 25നു നടന്ന കേരള കോണ്‍ഗ്രസിന്റെ എറണാകുളം സമ്മേളനത്തില്‍ കേരളത്തോടുള്ള അവഗണന തുടര്‍ന്നാല്‍ കേരളത്തിലെ ജനങ്ങളും പഞ്ചാബിലെ ജനങ്ങളെപ്പോലെ സമരത്തിനു (ഖാലിസ്ഥാന്‍ സമരം) നിര്‍ബദ്ധിതമാകുമെന്ന് പറഞ്ഞ പ്രസംഗം
ജി. കാര്‍ത്തികേയന്‍ യൂത്ത്കോണ്‍ഗ്രസ് നേതാവെന്ന നിലയില്‍ ഏകകക്ഷി ഭരണത്തിനായി വാദിക്കുന്ന കാലമായതിനാല്‍ പിള്ള എന്ന മന്ത്രിയുടെ പ്രസംഗം സത്യപ്രതിജ്ഞാലംഘനമാണെന്നും പിള്ള രാജി വയ്ക്കണമെന്നും ആവശ്യം ഉയര്‍ന്നു. കേരള ഹൈക്കോടതിയില്‍ വന്ന പൊതുതാല്‍പര്യ ഹര്‍ജിയിന്മേല്‍ ജസ്റ്റീസ് രാധാകൃഷ്ണമേനോന്റെ പരാമര്‍ശത്തെ തുടര്‍ന്ന് പിള്ള മന്ത്രിപദം രാജിവച്ചു. കെ.എം. മാണിക്കായിരുന്നു വൈദ്യുതി വകുപ്പിന്റെ അധിക ചുമതല. പിള്ളപ്രശ്നം തീരുമാനമാകാതെ നീണ്ടപ്പോള്‍ പത്രപ്രവര്‍ത്തകര്‍ മുഖ്യമന്ത്രി കരുണാകരനെ നിരന്തരം ശല്യം ചെയ്തു. പിള്ളപ്രശ്നം എന്തായെന്ന പത്രക്കാരുടെ ചോദ്യം തുടര്‍ന്നപ്പോള്‍ ‘എന്തു പിള്ള, ഏതു പിള്ള?’ എന്നായിരുന്നു കരുണാകരന്റെ മറുചോദ്യം.
ഒടുവില്‍ പിള്ളപ്രശ്നം പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കു വിട്ടുവെന്നായി കരുണാകരന്‍. അക്കാലത്തായിരുന്നു രാജീവ് ഗാന്ധിയുടെ ലക്ഷദ്വീപ് യാത്ര. പ്രശസ്ത്ര പത്രപ്രവര്‍ത്തകരായ കെ.എം. റോയ്, എന്‍.എന്‍. സത്യവ്രതന്‍, രങ്കമണി തുടങ്ങിയവരടങ്ങിയ സംഘം രാജീവ് ഗാന്ധിയോടു പിള്ളപ്രശ്നം ചോദിച്ചപ്പോള്‍ തന്റെ ശ്രദ്ധയില്‍ ഇക്കാര്യം വന്നിട്ടില്ലെന്നും കരുണാകര്‍ജി പറഞ്ഞാല്‍ പരിഹരിക്കാവുന്നതേയുള്ളൂവെന്നുമായിരുന്നു മറുപടി. പിന്നീട് പിള്ളയുടേത് രാജ്യദ്രോഹ കുറ്റമാണെന്നും അതില്‍ രാജീവ് ഗാന്ധി അതൃപ്തനാണെന്നും പറഞ്ഞ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. ഒരുവര്‍ഷത്തോളം പുറത്തുനിര്‍ത്തിയതിന് ശേഷം അദ്ദേഹത്തെ കരുണാകരന്‍വീണ്ടും മന്ത്രിസഭയിലെടുത്തു.
2010ല്‍ തന്റെ പഞ്ചാബ് മോഡല്‍ പ്രസംഗം ശരിയായിരുന്നുവെന്ന് പിന്നീട് പിള്ള പറയുകയുണ്ടായി. താന്‍ നടത്തിയ പഞ്ചാബ് മോഡല്‍ പ്രസംഗത്തിനൊപ്പം നിന്നിരുന്നെങ്കില്‍ കേരളം ഭരിക്കാന്‍ കഴിയുന്ന വന്‍ ശക്തിയായി കേരളാ കോണ്‍ഗ്രസ് മാറുമായിരുന്നുവെന്ന് പിള്ള ഇപ്പോഴും വിശ്വസിച്ചിരുന്നു. അന്ന് കെ കരുണാകരനും കെ എം മാണിയും ചേര്‍ന്ന് തന്നെ ബലിയാടാക്കുകയായിരുന്നുവെന്ന് പിള്ള വിശദീകരിച്ചിരുന്നു. 1985 -മെയ് 25ന് എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടന്ന പ്രസംഗത്തിന് പിന്നാലെ സംഭവവികാസങ്ങള്‍, ജി കാര്‍ത്തികേയനെ മുന്‍നിര്‍ത്തിയുള്ള കെ കരുണാകരന്റെ കളിയായിരുന്നു എന്നാണ് ആത്മകഥയില്‍ പിള്ള വിമര്‍ശനം ഉന്നയിച്ചത്. അന്നത്തെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും ആക്ഷേപമുയര്‍ത്തി പിള്ള.
കേരള കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിലായിരുന്നു ബാലകൃഷ്ണപ്പിള്ള കത്തിക്കയറിയത്. വ്യവസായ വികസനത്തില്‍ പഞ്ചാബ് മോഡലിനെ പ്രകീര്‍ത്തിച്ച പിള്ള, ആവശ്യമെങ്കില്‍ ആ ശൈലി കേരളം പിന്തുടരണമെന്നും പ്രസംഗിച്ചു. കേരളത്തിന് അനുവദിച്ച കോച്ച്‌ ഫാക്ടറി പഞ്ചാബിലേക്ക് പോയി. കേരളത്തിന് അര്‍ഹമായത് കിട്ടണമെങ്കില്‍ പഞ്ചാബില്‍ സംഭവിക്കുന്നതെല്ലാം കേരളത്തിലും നടക്കണം. അതിന് ചോരയും നീരമുള്ള യുവാക്കള്‍ രംഗത്തിറങ്ങണം- ഇതായിരുന്നു പിള്ളയുടെ വാക്കുകള്‍. പഞ്ചാബില്‍ വിഘടനവാദം (ഖലിസ്ഥാന്‍ വാദം) കത്തിനില്‍ക്കുമ്ബോഴായിരുന്നു പിള്ളയുടെ പ്രസംഗം എന്നതായിരുന്നു മറ്റൊരു ശ്രദ്ധേയമായ കാര്യം. പത്രങ്ങളില്‍ പ്രസംഗം അച്ചടിച്ച്‌ വന്നതോടെ വിവദം കത്തിക്കയറി. കാലപ ആഹ്വാനത്തെ പിള്ള തള്ളിപ്പറഞ്ഞെങ്കിലും, അന്ന് പ്രസംഗം റിപ്പോര്‍ട്ട് ചെയ്ത മാധ്യപ്രവര്‍ത്തകര്‍ സംയുക്തമായി പ്രസംഗത്തില്‍ കലാപ ആഹ്വനം ചെയ്തുവെന്ന് പ്രസ്താവനയിറക്കി.
വാക്കുകളില്‍ വിവാദം ഒളിപ്പിക്കുന്ന തനത്‌ശൈലി പിന്നീടും പലവട്ടം ആര്‍ ബാലകൃഷ്ണപ്പിള്ള ആവര്‍ത്തിച്ചതിനും കേരളരാഷ്ട്രീയം സാക്ഷിയായെങ്കിലും പഞ്ചാബ് മോഡല്‍ പ്രസംഗം ചരിത്രത്തില്‍ പിള്ളയുടെ കറുത്ത ഏടുകളായി രേഖപ്പെടുത്തപ്പെട്ടു അബ്ദുല്‍ നാസര്‍ മദനിയോടു ഇതുവരെ ചെയ്തത് ദ്രോഹമാണെന്ന് പിള്ള പറഞ്ഞതും ചര്‍ച്ചായിയരുന്നു. മദനിയെ തമിഴ്‌നാടിന് കൈമാറിയത് നായനാര്‍ സര്‍ക്കാറിന്റെ തെറ്റായിരുന്നുവെന്ന് പറഞ്ഞ നേതാവാണ് പിള്ള. മദനി പറഞ്ഞിരുന്നു. മദനിയ്‌ക്കൊപ്പം നിന്ന് ഇടതുപക്ഷം മുതലെടുപ്പ് നടത്തുകയായിരുന്നുവെന്നായിരുന്നു മദനിയുടെ മോചനത്തിന് വേണ്ടി പിഡിപി നടത്തിയ സമരത്തില്‍ പിള്ള പ്രസംഗിച്ചത്.
ഇടതു സര്‍ക്കാര്‍ മദനിയ്‌ക്കൊപ്പം നിന്നു കാലു മാറുകയായിരുന്നു. ആന്റണി സര്‍ക്കാര്‍ മദനിയുടെ മോചനത്തിനായി ശ്രമിച്ചിരുന്നു. മദനി വരുന്നതു കൊണ്ട് ഇവിടെ യാതൊരു ആഭ്യന്തര പ്രശ്‌നവും ഉണ്ടാകില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നു.

Related Articles

Back to top button