IndiaLatest

അരവിന്ദ് കെജ്രിവാളിന്റെയും കെ കവിതയുടെയും ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

“Manju”

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും ബിആര്‍എസ് നേതാവ് കെ കവിതയുടെയും ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി. മെയ് ഏഴ് വരെയാണ് ഇരുവരുടെയും ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയിരിക്കുന്നത്. ഡല്‍ഹി റൗസ് അവന്യൂ കോടതിയുടേതാണ് നടപടി. ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ചന്‍പ്രീത് സിങ്ങിന്റെയും കസ്റ്റഡി കാലാവധി നീട്ടിയിട്ടുണ്ട്.

മാര്‍ച്ച് 21ന് രാത്രിയാണ് ഇ ഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ഒമ്പത് തവണ സമന്‍സ് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ എത്തി ഇഡി സംഘം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റില്‍നിന്നു കെജ്‌രിവാളിന് സംരക്ഷണം അനുവദിക്കാനാവില്ലെന്നു ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഇ ഡിയുടെ നടപടി.

വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ കീഴിലായിരുന്ന മദ്യവില്‍പനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാന്‍ കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൊണ്ടുവന്ന നയത്തില്‍ അഴിമതിയുണ്ടെന്നാണ് അദ്ദേഹത്തിനെതിരായ കേസ്. 2021 നവംബര്‍ 17നാണ് ഈ നയം പ്രാബല്യത്തില്‍ വന്നത്. ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് ലഫ്. ഗവര്‍ണര്‍ വി കെ സക്‌സേന അന്വേഷണത്തിന് ഉത്തരവിട്ടു. ക്രമക്കേടുണ്ടെന്നു ചൂണ്ടിക്കാട്ടി സിബിഐ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതോടെ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവം വിവാദമായതോടെ 2022 ജൂലൈ 31നു മദ്യനയം പിന്‍വലിച്ചിരുന്നു.

 

 

 

Related Articles

Back to top button