KeralaLatest

ചൂടില്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസുകളില്‍ കര്‍ട്ടനിടല്‍ ആരംഭിച്ചു

“Manju”

തിരുവനന്തപുരം: വെയിലില്‍ നിന്ന് രക്ഷനേടാന്‍ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ്സുകളില്‍ കര്‍ട്ടനിട്ടു തുടങ്ങി. ആദ്യഘട്ടത്തില്‍ 75 ബസ്സുകളിലാണ് കര്‍ട്ടന്‍ ഘടിപ്പിക്കുന്നത്. 151 സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റുകളാണുള്ളത്. ശേഷിക്കുന്നവയിലും ഉടന്‍ കര്‍ട്ടനിടാണ് തീരുമാനം.

പാപ്പനം കോട് സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പ് കര്‍ട്ടന്‍ പിടിപ്പിക്കാനുള്ള ജോലികള്‍ ആരംഭിച്ചു. പച്ച, നീല, മഞ്ഞ നിറത്തിലുള്ള തുണികളാണ് ഉപയോഗിക്കുന്നത്. സ്വിഫ്റ്റ് ബസ്സുകളുടെ വശങ്ങളില്‍ വലിയ ചില്ലുകളായതിനാല്‍ പകല്‍ സമയങ്ങളില്‍ ശക്തമായ വെയിലേറ്റ് യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണിത്.

പരീക്ഷണാടിസ്ഥാനത്തില്‍ ഒരു ബസ്സില്‍ കര്‍ട്ടന്‍ ഇട്ടിരുന്നു. ഇതു വിജയകരമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് വ്യാപിപ്പിക്കുന്നത്. പുതിയ ബസ് ബോഡി കോഡ് പ്രകാരം ബസുകളുടെ വശങ്ങളില്‍ ഷട്ടര്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. അതിനാല്‍ പുതിയ ബസ്സുകളെല്ലാം ഗ്ലാസ് ഘടിപ്പിച്ചാണ് വരുന്നത്. സ്വകാര്യ ബസുകാര്‍ കര്‍ട്ടനിട്ടാണ് ഇതിന് പരിഹാരം കാണുന്നത്. ഇതേ രീതിയിലാണ് കെ എസ് ആര്‍ ടി സിയും ഇങ്ങനെ ആരംഭിച്ചത്.

ബസ് ബോഡി കോഡില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ മാറ്റമാണ് കെ എസ് ആര്‍ ടി സിക്ക് വിനയായത്. പെട്ടെന്ന് തീ പടരാന്‍ സാധ്യതയുള്ള സാമഗ്രികള്‍ ബസ് നിര്‍മാണത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പഴയരീതിയിലുള്ള ഷട്ടറുകള്‍ ഇപ്പോള്‍ ഉപയോഗിക്കാനാകില്ല. പകരം ഗ്ലാസുകളാണ് നിര്‍ബന്ധമാക്കിയിട്ടുള്ളത്.

Related Articles

Back to top button