Latest

‘അഭിമാനം ഭാരതം’; ഇന്ത്യൻ നിർമ്മിത യുദ്ധവിമാനങ്ങൾക്ക് ആവശ്യകത ഏറുന്നു

“Manju”

രാജ്യത്തിന്റെ അഭിമാനമാണ് ഇന്ത്യൻ വ്യോമസേന. 90-ാം ജന്മവാർഷികത്തിലോട്ട് കാലെടുത്തുവെച്ച ഇന്ത്യൻ വ്യോമസേന ലോക രാജ്യങ്ങൾക്ക് മുന്നിൽ ശിരസ്സുയർത്തിയാണ് നിൽക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച പോർവിമാനങ്ങളുള്ള, അത്യാധുനിക മിസൈൽ സംവിധാനങ്ങളുള്ള സേനയാണ് ഇന്ന് ഇന്ത്യൻ വ്യോമസേന. മുൻ‌നിര യുദ്ധവിമാനങ്ങളായ റഫാൽ, സുഖോയ് -30 എം‌കെ‌ഐ, അപ്പാച്ചെ, തേജസ്, ഗജ്‌രാജ് എന്നിവയെല്ലാം ഇന്ത്യൻ വ്യോമസേനയുടെ കരുത്താണ്. രാജ്യത്തിനും ഇന്ത്യൻ വ്യോമസേനയ്‌ക്കും അഭിമാനിക്കാൻ കഴിയുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇന്ത്യ തദ്ദേശിയമായി നിർമ്മിക്കുന്ന ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ് എംകെ2 ന്റെ വിശദാംശങ്ങൾ തേടി പതിനാറോളം രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചു എന്നാണ് റിപ്പോർട്ടുകൾ. ലോകരാജ്യങ്ങൾ ഇന്ത്യയുടെ കുതിപ്പിനെ ബഹുമാനപൂർവ്വം വീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യൻ നിർമ്മിത യുദ്ധവിമാനങ്ങൾക്ക് ആവശ്യകത ഏറുന്നുവെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്.

2022 സെപ്റ്റംബർ 1-നാണ് തദ്ദേശീയ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് ‘തേജസ്’ എംകെ2 പദ്ധതിക്ക് കാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി (CCS) അനുമതി നൽകിയത്. തേജസ് എംകെ2 യുദ്ധവിമാനത്തിന് പ്രോട്ടോടൈപ്പുകൾ, ടെസ്റ്റ് ഫ്‌ലൈറ്റുകൾ, സർട്ടിഫിക്കേഷൻ എന്നിവ രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനുമായി 500 കോടി രൂപയും അനുവദിച്ചിരുന്നു. ഇപ്പോൾ ഈ യുദ്ധവിമാനത്തിന്റെ രൂപകല്പനയും വികസനവും സംബന്ധിച്ച ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് തേജസ് എംകെ2 വിനെ തേടി പതിനാറോളം രാജ്യങ്ങൾ സമീപിച്ചെന്ന് എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസിയിലെ എൽസിഎ എംകെ2 പ്രോജക്ട് ഡയറക്ടർ ഡോ.വി മധുസൂദൻ റാവു തുറന്നു പറഞ്ഞിരിക്കുന്നത്.

വിമാനങ്ങളുടെ ഉൽപ്പാദന നിരക്ക് വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് ശ്രമം നടക്കുകയാണ്. ഇതിനായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിന് പുറമെ മറ്റ് സ്വകാര്യ ഉൽപ്പാദന ഏജൻസികളെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പ്രോജക്ട് ഡയറക്ടർ പറഞ്ഞു. ഇന്ത്യൻ സായുധ സേനയുടെ ആവശ്യകത നിറവേറ്റാൻ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിന് കഴിയും. എല്ലാ പ്രധാന ഭാഗങ്ങളും സിസ്റ്റങ്ങളും ഒരുമിച്ച് ചേർക്കുന്നതിനും ഫ്ലൈറ്റ് ടെസ്റ്റിംഗും ഡെലിവറി ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്തം സംയോജിപ്പിക്കുന്നത് ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് ആയിരിക്കും. എന്നാൽ അതിനപ്പുറം സ്വകാര്യ പങ്കാളിത്തം ആവശ്യമാണ്. ചിലവ് കുറയ്‌ക്കാനും മികച്ച കയറ്റുമതി അവസരങ്ങൾക്കായി വിമാനങ്ങൾക്ക് മത്സരാധിഷ്ഠിത വില ഉറപ്പാക്കാനും കേന്ദ്ര സർക്കാർ ശ്രമിച്ചിട്ടുണ്ടെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. ആദ്യ പറക്കൽ 2024 ഡിസംബറോടെ നടത്താനിരിക്കുന്ന ഇന്ത്യയുടെ തേജസ് എംകെ2 യുദ്ധവിമാനത്തിനായി ക്യൂ നിൽക്കുകയാണ് ലോക രാജ്യങ്ങൾ.

 

Related Articles

Back to top button