KeralaLatestThiruvananthapuram

മഴ ശക്തിപ്പെടുന്നു; പല ഡാമുകളുടെയും ഷട്ടറുകള്‍ ഉയര്‍ത്താന്‍ തുടങ്ങി

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ പല ഡാമുകളുടെയും ഷട്ടറുകള്‍ ഉയര്‍ത്താന്‍ തുടങ്ങി. നദികളില്‍ വെള്ളം വലിയതോതില്‍ പൊങ്ങിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ നദികളുടെയും മറ്റ് ജലാശയങ്ങളുടെയും സമീപത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ ഈ മാസം ഒമ്പത് വരെ കനത്ത മഴ തുടര്‍ന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ജില്ലയുടെ കിഴക്കന്‍ മേഖലകളിലും ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും അതിശക്തമായ മഴയാണ് ലഭിക്കുന്നത്. ഇതിനാല്‍ മണിയാര്‍ ബാരേജിലെ അഞ്ചു ഷട്ടറുകള്‍ ഈ മാസം 10 വരെ ഏതു സമയത്തും 10 സെന്റീ മീറ്റര്‍ മുതല്‍ 120 സെന്റീ മീറ്റര്‍ വരെ ഉയര്‍ത്തിയേക്കാം. ബാരേജിലെ ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനാണിത്.

ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ 30 സെന്റീമീറ്റര്‍ മുതല്‍ രണ്ടു മീറ്റര്‍ വരെ ജലനിരപ്പ് ഉയരും. ഈ സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ പി ബി നൂഹ് അറിയിച്ചു. നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കണം.
കോതമംഗലം ആറിലെ ജലനിരപ്പ് അപായകരമായ നിലയില്‍ ഉയര്‍ന്നിട്ടുണ്ട്. പല്ലാരിമംഗലം, കോതമംഗലം മുനിസിപ്പാലിറ്റി, വാരാപ്പെട്ടി, പായിപ്ര, മൂവാറ്റുപുഴ മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത ഉള്ളതായും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

തൊടുപുഴ, കിള്ളിയാര്‍, കോതമംഗലം, മൂവാറ്റുപുഴ ആറുകളില്‍ വെള്ളപ്പൊക്കത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. മൂവാറ്റുപുഴ, പെരിയാര്‍ നദീതീരങ്ങളിലുള്ളവരും ജാഗ്രത പാലിക്കേണ്ടതുണ്ട്. കിഴക്കന്‍ ജില്ലകളില്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ ഉച്ചയോടെ അരുവിക്കര ഡാമിന്റെ രണ്ടാം നമ്ബര്‍ ഷട്ടര്‍ 20 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തിയിരുന്നു. വടക്കന്‍ കേരളത്തിലെയും ഒട്ടുമിക്ക ഡാമുകളും നിറഞ്ഞിട്ടുണ്ട്.

Related Articles

Back to top button