InternationalKeralaLatest

ജര്‍മ്മനിയില്‍ നിന്നും ഗുരുവിനെത്തേടി സാം ലുസ് ഫര്‍മാന്‍

“Manju”

പോത്തന്‍കോട് : ആത്മീയാന്വേഷകനായ ഒരു ജര്‍മ്മന്‍ യുവാവ് ശാന്തിഗിരിയിലെത്തിയ വീഡിയോ ഇപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നു. സാം ലുസ് ഫര്‍മാന്‍ എന്നാണ് ആ ജര്‍മ്മന്‍ യുവാവിന്റെ പേര്. സാം എങ്ങനെയാണ് തന്റെ ആത്മീയാന്വേഷണത്തില്‍ ശാന്തിഗിരിയിലെത്തിയത് എന്ന് അതില്‍ പറയുന്നു. ഇത്ര ചെറു പ്രായത്തില്‍ തന്നെ ആത്മീയാന്വേഷണം തന്നിലുണ്ടായത് എങ്ങനെയെന്ന് സാം വീഡിയോയില്‍ വിശദീകരിക്കുന്നു. സ്കൂള്‍ വിദ്യാഭ്യസം കഴിഞ്ഞ് കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ഗുരുക്കന്മാരെ പറ്റി കേള്‍ക്കാന്‍ ഇടയായി. അങ്ങനെ ഒരു ഗുരു വേണമെന്ന ആഗ്രഹമാണ് അയാളുടെ ശ്രദ്ധ ഭാരതത്തിലേക്ക് തിരിച്ചത്. ഭാരതം തന്നെ കൈ നീട്ടി വിളിക്കുന്നതായി തോന്നിയെന്ന് സാം പറയുന്നു. പാര്‍ട്ട്‌ ടൈം ജോലികള്‍ ചെയ്തിട്ടാണ് ഭാരതത്തിലെക്കുള്ള യാത്രയ്ക്ക് വേണ്ട പണം സ്വരൂപിച്ചത്.

ഭാരതത്തിലും ശ്രീലങ്കയിലും നേപ്പാളിലും വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ കേരളത്തിലും വന്നു. കേരളത്തില്‍ വെച്ചാണ് ആശ്രമങ്ങളെ പറ്റി കൂടുതല്‍ അന്വേഷിക്കാന്‍ തീരുമാനിച്ചത്. ഭാരതത്തിലെ ആശ്രമങ്ങളെ കുറിച്ച് വിവരണം നല്‍കുന്ന ഒരു ഇ.ബുക്ക്‌ വാങ്ങി. ഇരുനൂറോളം ആശ്രമങ്ങളുടെ വിവരങ്ങള്‍ അതിലുണ്ടായിരുന്നു. ശാന്തിഗിരി ആശ്രമത്തിന്റെ പേരും അതില്‍ക്കണ്ടു. സാമിന് തോന്നി ഇതാണ് താന്‍ അന്വേഷിക്കുന്ന ഗുരുവും ആശ്രമവും എന്ന്. അങ്ങനെയാണ് ശാന്തിഗിരി ആശ്രമത്തില്‍ എത്തിയത്.

ഗുരുസ്ഥാനീയ ശിഷ്യപൂജിതയുടെ മുന്‍പില്‍ ഗുരുദര്‍ശനത്തിന് എത്തിയപ്പോള്‍ ഇതാണോ താന്‍ അന്വേഷിക്കുന്ന ഗുരു എന്ന് ചിന്തിച്ച നിമിഷം അദ്ദേഹത്തിന് അതീന്ദ്രിയമായ ചില അനുഭവങ്ങള്‍ ഉണ്ടായി. പിന്നെ അദ്ദേഹത്തിന് ഒന്നും ചിന്തിക്കേണ്ടി വന്നില്ല. അങ്ങനെ കുറെ ദിവസങ്ങള്‍ ആശ്രമത്തില്‍ ഗുരുസേവയിലും ഗുരുഭക്തിയിലും മുഴുകി. ഗുരുവിന്റെ ആശയങ്ങള്‍ മനസ്സിലാക്കാന്‍ ആശ്രമ പുസ്തകങ്ങളും ഗുരുവാണിയും വായിക്കാന്‍ തുടങ്ങി.


ജര്‍മ്മനിയില്‍ നിന്ന് ഇതേ വിധത്തില്‍ ഗുരുവിനെ തേടി എത്തിയ സ്റ്റെഫാനേയും (ഇപ്പോള്‍ സ്വാമി സത്യവ്രതന്‍ ജ്ഞാനതപസ്വി) ഹെര്‍മ്മന്‍ നെന്നിങ്ങിനെയും പരിചയപ്പെട്ട് അവരുടെ അനുഭവങ്ങള്‍ മനസ്സിലാക്കി. ഗുരുധര്‍മ്മത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ കൂടുതല്‍  മനസ്സിലാക്കാന്‍  ‘Reinventing Sanatana Dharma’ എന്ന പുസ്തകവും സഹായിച്ചു എന്ന് അദ്ദേഹം ഈ വീഡിയോയില്‍ പറയുന്നു.

സാം ലുസ് ഫര്‍മാന്‍ ഇപ്പോള്‍ ഗുരു മാര്‍ഗ്ഗത്തില്‍ തുടര്‍ന്നു കൊണ്ട് ജര്‍മ്മനിയിലേക്ക് തിരിച്ചു പോയിരിക്കുകയാണ്, വീണ്ടും അവധിക്കാലത്ത്‌ ശാന്തിഗിരിയില്‍ എത്തുവാന്‍.

Related Articles

Back to top button