IndiaKeralaLatest

ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ക്ക് അഭിമാനമാണ് ശാന്തിഗിരി – സ്വാമി ശുഭാംഗാനന്ദ

“Manju”

വര്‍ക്കല: ശ്രീനാരായണ ഗുരുവിന്റെ മഹത്വപൂര്‍ണമായ മാനവിക ദര്‍ശനത്തെ ഹൃദയംകൊണ്ട് ഏറ്റുവാങ്ങി അത് പ്രവര്‍ത്തിപഥത്തില്‍ എത്തിക്കുവാനും സമൂഹത്തെ നന്മയുടെ പാതയിലേക്ക് നയിക്കുന്നതില്‍ വളരെയേറെ ശ്രദ്ധചെലുത്തിയ ഒരു ജീവിതമായിരുന്നു കരുണാകര ഗുരുവിന്റേതെന്ന് ശിവഗിരി ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും വക്താവായി സമൂഹത്തെ ചലിപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണെന്നും സ്വാമി പറഞ്ഞു. ശാന്തിഗിരി അവധൂത യാത്ര ശിവഗിരിയില്‍ എത്തിയപ്പോള്‍ ശാരദ മഠത്തില്‍ നടന്ന സത്സംഗത്തില്‍ യാത്രികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി.

ശ്രീനാരായണ ഗുരുവിന്റെ മഹത്തായ ദര്‍ശനത്തില്‍ ഊന്നല്‍ നല്‍കികൊണ്ട് സമൂഹിക നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുവാനുള്ള ഉപദേശങ്ങളും നിബന്ധനങ്ങളുമാണ് കരുണാകരഗുരുവിന്റെ വാക്കുകളില്‍ നിന്ന് കേള്‍ക്കുവാന്‍ കഴിഞ്ഞിട്ടുള്ളത്‌. ഇന്ന് ശാന്തിഗിരി ആശ്രമം ഗുരുവിന്റെ ഉപദേശങ്ങളെ സാംശീകരിച്ചുകൊണ്ട് ഒരു മാതൃകാ അദ്ധ്യാത്മീക കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതില്‍ ശ്രീനാരായണ ഗുരുദേവന്റെ പ്രസ്ഥാനങ്ങള്‍ക്കും ഗുരുവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ ജനവിഭാഗങ്ങള്‍ക്കും വളരെ സന്തോഷവും അഭിമാനവും നല്‍കുന്നതാണ് സ്വാമി കൂട്ടിച്ചേര്‍ത്തു.

ഗുരു സഞ്ചരിച്ച വഴിയിലൂടെ വീണ്ടും വരുന്നത് വളരെയധികം മഹത്വപൂര്‍ണമാണ്. പുണ്യസങ്കേതങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ആ പുണ്യാത്മാക്കളുടെ സ്മരണകള്‍, ചിന്തകള്‍, പ്രവര്‍ത്തനങ്ങളൊക്കെ നമുക്ക് അറിയുവാനും അറിയിക്കുവാനും അതുവഴി മാതൃകാപരമായി ജീവിതവും പ്രവര്‍ത്തനങ്ങളും കാഴ്ചവയ്ക്കുവാനും കഴിയും.

ഈ പ്രവര്‍ത്തനത്തിലൂടെ ഗുരുപരമ്പര നല്‍കിയ മഹത്തായ ആശയങ്ങളും ആദര്‍ശങ്ങളും നേടികൊണ്ട് അവ പകര്‍ന്നുകൊണ്ട് മാതൃകാപരമായ ഒരു സംഭവത്തെ സൃഷ്ടിക്കുവാന്‍ കഴിയണമെന്നും സ്വാമി അഭിപ്രായപ്പെട്ടു.

 

ഇന്ന് ഭൗതിക രംഗത്തായാലും അദ്ധ്യാത്മിക രംഗത്തായാലും അശാന്തിയുടെയും അസ്വസ്തതയുടെയും മൂര്‍ത്തീഭാവമായി മാറികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ശ്രീനാരായണ ഗുരുദേവന്റെയും ഗുരുവിന്റെ ശിഷ്യപരമ്പരയുടെയുമൊക്കെ പ്രവര്‍ത്തനങ്ങള്‍ വളരെയേറെ സ്വാധീനം ചെലുത്തികൊണ്ട് സമൂഹത്തില്‍ ഉയര്‍ന്നുവന്നിരുക്കുന്ന അസ്വസ്തതകള്‍ക്ക് പരിഹാരം കാണണം. അത്തരത്തിലുള്ള പരിഹാരവുമായി ശാന്തിഗിരി എക്കാലത്തും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സ്വാമി പറഞ്ഞു.

 

Related Articles

Back to top button