KeralaLatest

ശംഖുമുഖം കടപ്പുറത്ത് ധ്യാനനിരതരായി അവധൂതസംഘം

“Manju”

തിരുവനന്തപുരം: ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രികരുണാഗുരുവിന്റെ അവധൂത് കാലഘട്ടത്തിന് തുടക്കമായ ശംഖുമുഖം ബീച്ചില്‍ ബുധനാഴ്ച വൈകുന്നേരം ശാന്തിഗിരിയുടെ അവധൂത യാത്ര സംഘമെത്തി. സന്ധ്യമയങ്ങിയ നേരത്ത് ബീച്ചില്‍ പീത വസ്ത്രധാരികളെകണ്ട് ബീച്ചിലുളളവര്‍ അമ്പരന്നു. കാണികളുടെ കൌതൂകത്തിന് കാത്തുനില്‍ക്കാതെ യാത്രാസംഘം കടപ്പുറത്തെ ഓരത്തേയ്ക്ക് നീങ്ങി. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഗുരുവും ശംഖുമുഖം കടപ്പുറവുമായുളള അഭേദ്യമായ ബന്ധത്തെക്കുറിച്ച് യാത്രികരോട് വിശദീകരിച്ചു.

  ഗുരുവിന്റെ ആത്മീയ അന്വേഷണം ശിവഗിരിയില്‍ മാത്രം ഒതുങ്ങുന്ന ഒന്നായിരുന്നില്ല. ഗുരുക്കന്‍മാരെതേടിയുളള പ്രയാണം അവസാനിച്ചത് ഖുറേഷി ഫക്കീര്‍ എന്ന പഠാണി സ്വാമിയെ കണ്ടതുമുതലാണ്. ഫക്കീര്‍ സ്വാമിക്കൊപ്പം ശംഖുമുഖം കടപ്പുറത്ത് താ‍മസിച്ചുവരവെ ഒരു ദിവസം സ്വാമി ഗുരു ഉടുത്തിരുന്ന തോര്‍ത്ത് വലിച്ചൂരി മൂന്നായി കീറി അതിലൊരു ഭാഗം കൊടുത്തിട്ട് ഓടാന്‍ ആവശ്യപ്പെട്ടു. കഠിനമായ തപോവീഥികളിലൂടെയുളള ആ അവധൂത യാത്ര അവസാനിച്ചത് പോത്തന്‍കോട് ശാന്തിഗിരി ആശ്രമ സ്ഥാപനത്തിലൂടെയാണെന്ന് സ്വാമി പറഞ്ഞു.

ബീച്ചില്‍ ധ്യാനനിരതരായ സംഘം അന്തിയുറങ്ങാനായി തെരഞ്ഞെടുത്തത് ബീമാപളളിയാണ്. അവിടെ തങ്ങിയ ശേഷം മെയ് 3 ന് കന്യാകുമാരിയിലേക്ക് യാത്രതിരിക്കും. അടുത്ത ദിവസം തിരികെ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ച് നഗരത്തില്‍ പദയാത്ര നടത്തി വൈകുന്നേരം പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെത്തും.

 

Related Articles

Back to top button