IndiaKeralaLatest

അരുവിപ്പുറത്ത് ആദരവോടെ ഗുരുവിനെ സ്മരിച്ച് ശിഷ്യന്മാര്‍

“Manju”

അഗസ്ത്യമുനിയുടെ തപോവനമായ അഗസ്ത്യകൂടത്തില്‍ നിന്ന് ഉത്ഭവിച്ച് അറബിക്കടലില്‍ പതിക്കുന്ന ഒരു നദി. പാറക്കെട്ടുകളില്‍ തട്ടിത്തെറിച്ച് ജലകണികകള്‍ തുള്ളിതുളുമ്പുന്ന ആ നദിയാണ് നെയ്യാര്‍. ആ തീരത്തെ
പ്രകൃതി മനോഹരമായ ഒരിടമാണ് അരുവിപ്പുറം.

മരുത്വാമലയില്‍ തപസ്സനുഷ്ഠിച്ചു വന്ന ഗുരുദേവന്‍ അരുവിപ്പുറത്തെത്തി. ആ തീരത്തെ അരുവിപ്പുറത്താണ് ശ്രീനാരായണ ഗുരുദേവന്‍ വനദേവതമാരെയും നക്ഷത്രങ്ങളെയും സാക്ഷിയാക്കി ശിവലിംഗം പ്രതിഷ്ഠിച്ചത്. ക്ഷേത്രമെന്നും വിശേഷിപ്പിക്കാവുന്ന താല്‍കാലിക കെട്ടിടം പോലുമില്ലായിരുന്നു.

ബ്രാഹ്‌മണ്യത്തിന്റെ പൂണൂലണിഞ്ഞ പ്രതിഷ്ഠാ കര്‍മ്മയില്ല. വാദ്യഘോഷങ്ങളൊന്നുമില്ലാതെ പ്രതിഷ്ഠാ കര്‍മ്മം നടന്നു. അതാണ് ആധുനിക കേരളത്തിന്റെ തലവര മാറ്റിയെഴുതിയ അരുവിപ്പുറം ശിവപ്രതിഷ്ഠ. ദൈവനിയോഗമെന്നോണം ഗുരുദേവന്റെ കര്‍മ്മകാണ്ഡം അരുവിപ്പുറത്തു നിന്ന് ആരംഭിക്കുകയായിരുന്നു.

ഗൃഹസ്ഥാശ്രമികളായ അനുയായികള്‍ക്കായി ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം നടന്നത് അരുവിപ്പുറത്ത് വച്ചായിരുന്നു. സന്ന്യാസി പരമ്പരയ്ക്ക് രൂപം കൊടുത്തതും ഈ ക്ഷേത്രമുറ്റത്ത് വച്ചായിരുന്നു. ഗുരുദേവന്റെ പല പ്രധാനകൃതികളും അരുവിപ്പുറം കാലഘട്ടത്തില്‍ രചിച്ചതായിരുന്നു. ശ്രീനാരായണ ഗുരു ക്ഷേത്ര പ്രതിഷ്ഠ നടത്തിയതിനെ കുറിച്ച്  ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി അവിടെ നടന്ന സത്സംഗത്തില്‍ സംസാരിച്ചു.

അന്ന് അരുവിപ്പുറത്തെ ഈ ക്ഷേത്രത്തില്‍ ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരുവും പൂജാദികര്‍മ്മങ്ങള്‍ നടത്തിയിട്ടുണ്ട്. കുഞ്ഞുനാള്‍ മുതല്‍ ഗുരു ഏറെ ഇഷ്ടപ്പെട്ടിരുന്നത് ആശ്രമജീവിതമായിരുന്നു. അതിനായി സ്വന്തക്കാരെയൊക്കെ വിട്ട് ഗുരു ആശ്രമത്തിലേക്ക് പോകുന്നു. ഒടുവില്‍ വര്‍ക്കല ശിവഗിരി ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു.

അവിടെ രാപ്പകലില്ലാതെ പണി ചെയ്തു. ശ്രീനാരായണ ഗുരുവിന്റെ സമാധിയില്‍ പൂജ ചെയ്യാനും വിളക്കു കത്തിക്കാനും അടുക്കളയിലെ കാര്യങ്ങള്‍ക്കൊക്കെയായി  ഓടി നടന്നു. ജോലി ഭാരത്തിന്റെ കാഠിന്യത്തിലും പ്രാര്‍ത്ഥന കൈവിടാതെ തന്നെ നിന്നു. അങ്ങനെ ശിവഗിരി മഠത്തിന്റെ ഉപാശ്രമമായ അരുവിപ്പുറത്തും കര്‍മ്മം ചെയ്യാനുള്ള യോഗം ഉണ്ടായി.

അരുവിപ്പുറത്ത് ആശ്രമത്തില്‍ ഗുരുവിനെ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. വിശ്രമിക്കാതെയുള്ള കഠിന്വാധ്വാനം ഗുരുവിനെ ക്ഷീണിതനാക്കിയിരുന്നു.ഡോ.കെ.എന്‍ പൈ, ശ്രീ കാക്കക്കുടി പത്മനാഭന്‍ വൈദ്യര്‍ തുടങ്ങിയ പ്രസിദ്ധ ഭിഷഗ്വരന്‍മാര്‍ മാറി മാറി ചികിത്സിച്ചു.

എന്നിട്ടും ഗുരുവിന്റെ മനസ്സിന്റെ വേവലാതി മാറ്റാന്‍ ആര്‍ക്കും കഴിഞ്ഞില്ല. കാരണം ഗുരുവിന്റെ ഈ യാത്രയും ആശ്രമജീവിതവുമൊക്കെ തന്റെ ആത്മീയ ജീവിതത്തില്‍ ഒരു പൂര്‍ണനായ ഗുരുവിനെ കണ്ടെത്തുകയെന്നതായിരുന്നു.

ഗുരു അവിടെ നിന്നും വീണ്ടും യാത്ര ചെയ്തു പല ദിക്കുകളിലേക്ക് തന്റെ ഗുരുവിനെ കണ്ടെത്തുന്നത് വരെ. ഗുരുവും അരുവിപ്പുറവുമായുള്ള ബന്ധത്തെ കുറിച്ച് ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മോഹാത്മ ജ്ഞാനതപസ്വി സംഘത്തിലുള്ളവര്‍ക്ക് വിവരിച്ചുകൊടുത്തു.

ഗുരു അത്രയും കണ്ട് കഷ്ടപ്പെട്ട് കര്‍മ്മം ചെയ്ത അരുവിപ്പുറത്തേക്കാണ് ശാന്തിഗിരി അവധൂതയാത്ര സംഘം 11.50 തോടെ എത്തിയത്. അവിടുത്തെ ധ്യാനമണ്ഡപത്തില്‍ നിന്നുകൊണ്ട് ഗുരുവിനെ ആദരവോടെ സ്മരിച്ചു. ഗുരു കാണിച്ചു തന്ന മാര്‍ഗത്തിലൂടെ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ മുന്നോട്ടു പോകാന്‍ കഴിയണമേയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ആ സംഘം അവിടെ നിന്ന് ഇറങ്ങി. ഗുരുദേവപാതയിലൂടെയുള്ള യാത്രയില്‍ മനസ്സിന് ഉണര്‍വ് നല്‍കുന്ന ആ ഇടത്തിലൂടെ അവര്‍ അവര്‍ പതുക്കെ നടന്നു അടുത്ത സ്ഥലത്തേക്ക്.

Related Articles

Back to top button