KeralaLatest

നിറവയറുമായി നാടിനായി പോരാടിയ സുനൈനയ്ക്ക് പെൺകുഞ്ഞ്

“Manju”

 

വെടിയൊച്ചകൾ നിലയ്ക്കാത്ത ദന്തേവാഡയുടെ വനാന്തരങ്ങളിൽ നിഴലനക്കങ്ങൾക്ക് കാതോർത്ത് ഉണർന്നിരുന്നവൾ. രാജ്യ സുരക്ഷയ്ക്ക് തുരങ്കം വച്ചിരുന്ന നക്സലുകളെ തുരത്താൻ ഇമചിമ്മാതെ ഇരുന്നവൾ. അഭിമാനിക്കാനും ഊറ്റം കൊള്ളാനും സുനൈനയെന്ന പേരും അവളുടെ ഈ പോരാട്ടവീര്യങ്ങളും തന്നെ ധാരാളം. പക്ഷേ ഉള്ളിലൊരു കുഞ്ഞു ജീവനുമേന്തിക്കൊണ്ടാണ് ഇക്കണ്ട നാളുകളിലെല്ലാം സുനൈനയെന്ന പെൺപോരാളി പോരാട്ടം നയിച്ചതെന്നോർക്കുമ്പോൾ ജീവന്റെ തുടിപ്പുകളെ ഹൃദയത്തിലും ഉദരത്തിലുമേന്തിയ അമ്മമാരുടെ നെഞ്ചുനിറയും. ഇന്നിതാ നാടിനാകെ സന്തോഷമേകി സുനൈനയെന്ന പോരാളിപ്പെണ്ണ് ഒരു കൺമണിക്ക് ജന്മം നൽകിയിരിക്കുന്നു. ഒരു സുന്ദരിപ്പെൺകുഞ്ഞിനാണ് സുനൈന ജന്മം നൽകിയത്.
നക്സലുകൾ സ്വൈര്യവിഹാരം നടത്തുന്ന ഛത്തീസ്ഗഡ് വനാന്തരങ്ങളിൽ ഉരുക്കുപോലെ നിലയുറപ്പിച്ച റിസർവ് ഗാർഡിനെ നാട്ശ്രദ്ധിച്ചത് ഇക്കഴിഞ്ഞ വനിതാ ദിനത്തിലാണ്. പോരാട്ടത്തിന്റെ പെൺവീര്യം അടയാളപ്പെടുത്തി തോക്കുമേന്തി നിന്ന ആ ധൈര്യശാലിപ്പെണ്ണ് അതിശയിപ്പിച്ചത് മറ്റൊന്നിന്റെ പേരിൽ. വനാന്തരങ്ങളിൽ പോരാട്ടം നയിക്കുമ്പോൾ അവൾ8മാസം ഗർഭിണിയായിരുന്നത്രേ. അൽപം കൂടി പരത്തിപ്പറഞ്ഞാൽ കൺമണികളെ കാത്തിരിക്കുന്ന ഗർഭിണികൾ മെയ്യനങ്ങാതെ വിശ്രമിക്കുന്ന സമയം. പക്ഷേ രാജ്യ സുരക്ഷ വ്രതമാക്കിയ ആന്റിനക്സൽ യൂണിറ്റിലെ ഈ കമാൻഡോ ഈ നിറവയറോടെ നാടിനായി ഉണർന്നിരുന്നു. ഒരു വശത്ത് നാടിനായുള്ള പോരാട്ടം, മറുവശത്ത് ചിപ്പിക്കുള്ളിലെ മുത്തുപോലെ തന്റെ പൊന്നിൻമണിയെ പൊതിഞ്ഞു പിടിച്ചു ഈ പോരാളി.
2 മാസം ഗർഭിണിയായിരിക്കേയാണ് സുനൈന ദൗത്യത്തിന്റെ ഭാഗമായത്. മേലധികാരികൾ സുനൈനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ കുലുങ്ങിയില്ല. നേരത്തെ ഗർഭം അലസിയിട്ടുള്ള സുനൈനയെ ആവുന്നത് പറഞ്ഞ് ദൗത്യത്തിൽ നിന്നും പിൻവലിക്കാൻ നോക്കിയെങ്കിലും ആ നിശ്ചയദാർഢ്യം മാത്രം മുന്നിട്ടു നിന്നു. പൂര്‍ണഗര്‍ഭിണിയായ സുനൈന സുരക്ഷാസേനയുടെ വേഷത്തില്‍ തോക്കുമേന്തി നില്‍ക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചതോടെ നാടൊന്നാകെ ആ സുവാർത്തയ്ക്കായി കാത്തിരുന്നു. ഇന്ത്യയുടെ പെൺപുലിക്കായി പ്രാർത്ഥിച്ചു. ആ പ്രാർത്ഥനയാണ് പെൺകുഞ്ഞിന്റെ രൂപത്തിൽ സഫലമായത്.
ശാരീരിക ബുദ്ധിമുട്ടുള്ള സാഹചര്യത്തിലും ഭീകരരുടെ ഭീഷണി ഏറെയുള്ള മേഖലയായ ദന്തേവാഡ മേഖലയില്‍ സേവനത്തിലായിരുന്നു സുനൈന. ഒടുവില്‍ കഴിഞ്ഞ ദിവസമാണ് സുനൈന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയുടേയും കുഞ്ഞിന്റേയും ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ആശംസപ്രവാഹമാണ് സുനൈനയ്ക്ക് ലഭിക്കുന്നത്.
ഗ്രാമീണരും വനവാസികളും കമ്മ്യൂണിസ്റ്റ് ഭീകരരില്‍ നിന്ന് വലിയ തോതിലുള്ള ആക്രമണമാണ് ദന്തേവാഡ മേഖലയില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ഗവണ്‍മെന്റ് ജില്ലാതലത്തില്‍ ഗാര്‍ഡുകളെ നിയമിക്കാന്‍ തീരുമാനിച്ചത്

Related Articles

Back to top button