LatestThiruvananthapuram

വിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടം നടപടികൾക്കു തുടക്കമായി

“Manju”

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട പ്രവർത്തനങ്ങൾക്ക് സർക്കാർ നടപടികൾ തുടങ്ങി. നിർമാണത്തിനു മുൻപായി പാരിസ്ഥിതികാനുമതി ലഭിക്കുന്നതിനുള്ള പബ്ളിക് ഹിയറിങ് ജൂൺ 29-ന് വിഴിഞ്ഞത്തു നടക്കും. അദാനി ഗ്രൂപ്പ് 9540 കോടിയുടെ നിക്ഷേപം നടത്തിയാണ് തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടം പൂർത്തിയാക്കുന്നത്.

പദ്ധതിയുടെ മാസ്റ്റർപ്ലാനിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് (വിസിൽ) കരട് പാരിസ്ഥിതികാഘാത റിപ്പോർട്ട് നേരത്തേ മലിനീകരണ നിയന്ത്രണ ബോർഡിനു നൽകിയിരുന്നു. ഇതിന്മേൽ പൊതുജനങ്ങളുടെ അഭിപ്രായംകേട്ട ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിക്കുക. അടുത്ത മൂന്നുമാസത്തിനുള്ളിൽ പാരിസ്ഥിതികാനുമതി ലഭിക്കുമെന്നാണ് വിസിലിന്റെ പ്രതീക്ഷ. നിലവിൽ നിർമാണത്തിനായി കൂടുതൽ സ്ഥലമേറ്റെടുക്കേണ്ടതില്ല.

ഒന്നാംഘട്ടം കമ്മിഷനിങ് നടക്കുന്നതിനു മുൻപുതന്നെ രണ്ടും മൂന്നും ഘട്ടത്തിന്റെ പണികൾ ആരംഭിക്കാനാണ്‌ അദാനി ഗ്രൂപ്പിന്റെ തീരുമാനം.2028-ൽ തന്നെ മൂന്നുഘട്ടങ്ങളും പൂർത്തിയാക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. അന്താരാഷ്ട്രതലത്തിൽ ഈ രംഗത്തെ സാധ്യതകൾ വിഴിഞ്ഞത്തിന് അനുകൂലമാക്കാനാണ് രണ്ടാംഘട്ട വികസനം അതിവേഗത്തിൽ നടപ്പാക്കുന്നത്. 7700 കോടിയുടെ പൊതു-സ്വകാര്യ (പി.പി.പി.) പദ്ധതിയായാണ് ആദ്യഘട്ടത്തിൽ വിഴിഞ്ഞം തുറമുഖം പൂർത്തിയാകുന്നത്. എന്നാൽ രണ്ടും മൂന്നും ഘട്ടത്തിന്റെ വികസനത്തിനുള്ള തുക പൂർണമായും അദാനി ഗ്രൂപ്പ് തന്നെ മുടക്കണം.

2700 പേർക്ക് തൊഴിൽ നൽകാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

ഒന്നാംഘട്ടത്തിൽ 800 മീറ്റർ ബർത്ത് എന്നത് രണ്ടാംഘട്ടത്തിൽ 1200 മീറ്ററും മൂന്നാംഘട്ടത്തിൽ 2000 മീറ്ററുമായി നീളം കൂട്ടും. ബ്രേക്ക് വാട്ടർ 2.9 കിലോമീറ്റർ എന്നത് 3.9 കിലോമീറ്ററായും നിർമിക്കും. വർഷംതോറും ഒരു ദശലക്ഷം ടി.യു.വി.യാണ് (ഒരു ടി.യു.വി.- ഒരു കണ്ടെയ്നർ ) നിലവിൽ വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷി, ഇത് മൂന്നാംഘട്ടമാകുമ്പോൾ മൂന്ന് ദശലക്ഷം ടി.യു.വി.യായി ഉയർത്തും. ഒന്നാംഘട്ടത്തിന്റെ ട്രയൽ റൺ ജൂണിൽ നടത്താനാണ് തീരുമാനം. പദ്ധതിക്കായുള്ള ക്രെയിനുകൾ എല്ലാം എത്തിച്ചുകഴിഞ്ഞു. നിർമാണത്തിന്റെ 90 ശതമാനവും പൂർത്തിയായിട്ടുണ്ട്. ഓണത്തിന് കമ്മിഷൻ ചെയ്യാനാണ് സർക്കാർ തീരുമാനം.

Related Articles

Check Also
Close
Back to top button