IndiaLatest

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളും

“Manju”

ബെംഗളുരു: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യയുടേയും യുഎസിന്റേയും സംയുക്ത ദൗത്യം ഈ വര്‍ഷമോ അടുത്തവര്‍ഷമോ വിക്ഷേപിക്കുമെന്ന് ഇന്ത്യയിലെ യുഎസ് പ്രതിനിധി എറിക് ഗാര്‍സെറ്റി പറഞ്ഞു. അതിന് മുമ്പായി ഇന്ത്യന്‍ ബഹിരാകാശ യാത്രികര്‍ക്ക് നാസ വിപുലമായ പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സിലും യുഎസ് കൊമേർസ്യല്‍ സര്‍വീസും വെള്ളിയാഴ്ച ബെംഗളുരുവില്‍ സംഘടിപ്പിച്ച ‘യുഎസ്-ഇന്ത്യ കൊമേഴ്സ്യല്‍ സ്‌പേസ് കോണ്‍ഫറന്‍സ്- അണ്‍ലോക്കിങ് ഓപ്പര്‍ച്യൂനിറ്റീസ് ഫോര്‍ യുഎസ് ആന്റ് ഇന്ത്യന്‍ സ്‌പേസ് സ്റ്റാര്‍ട്ടപ്പ്‌സ്’ ല്‍ സംസാരിക്കവെയാണ് ഗാര്‍സെറ്റി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

‘അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സംയുക്ത ദൗത്യം ലക്ഷ്യമിട്ട് നാസ താമസിയാതെ ഇന്ത്യന്‍ ബഹിരാകാശ യാത്രികര്‍ക്ക് അത്യാധുനിക പരിശീലനം നല്‍കും. ഈ വര്‍ഷമോ അതിന് ശേഷമോ അതുണ്ടാവും. നമ്മുടെ നേതാക്കള്‍ തമ്മില്‍ നല്‍കിയ വാഗ്ദാനമാണത്.’ ഗാര്‍സെറ്റി പറഞ്ഞു. ഐഎസ്ആര്‍ഒയുടെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍വെച്ച് നിസാര്‍ ഉപഗ്രഹം താമസിയാതെ വിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു. യുഎസ്-ഇന്ത്യ സംയുക്ത ഭൗമ നിരീക്ഷണ ദൗത്യമാണ് നിസാര്‍.

ബെംഗളൂരുവില്‍ നടന്ന ഒരു ദിവസം നീണ്ടുനിന്ന പരിപാടിയില്‍ ഗാര്‍സെറ്റി ഉള്‍പ്പടെയുള്ള യുഎസിന്റെയും ഇന്ത്യയുടെയും ഉന്നത ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) ചെയര്‍മാന്‍ ഡോ. എസ് സോമനാഥ്, നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന്‍ (നാസ) പ്രതിനിധികള്‍, ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ (NOAA), വാണിജ്യ ബഹിരാകാശ വ്യവസായ രംഗത്തെ പ്രമുഖര്‍, വ്യവസായ പങ്കാളികള്‍, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍, മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു.

Related Articles

Back to top button