IndiaLatest

ഒളിമ്പിക്‌സ് തയ്യാറെടുപ്പുകള്‍ വിലയിരുത്തി കേന്ദ്ര കായികമന്ത്രി

“Manju”

ന്യൂഡല്‍ഹി: പുതിയ കേന്ദ്ര കായികമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ഇന്ത്യയുടെ ഒളിമ്പിക്‌സ് തയ്യാറെടുപ്പുകള്‍ വിലയിരുത്തി മന്‍സുഖ് മാണ്ഡവ്യ. ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷന്‍(ഐ.ഒ.എ) പ്രസിഡന്റ് പി ടി ഉഷ ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി സാധ്യമായ എല്ലാ പിന്തുണയും ഉറപ്പുനല്‍കി. വ്യാഴാഴ്ച ഐ.ഒ.എ ഭവനില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. പാരീസ് ഒളിമ്പിക്‌സില്‍ 120 താരങ്ങള്‍ രാജ്യത്തെ പ്രതിനിധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പി ടി ഉഷ പ്രതികരിച്ചു. ജൂലൈ 26-മുതലാണ് ഒളിമ്പിക്‌സ് ആരംഭിക്കുന്നത്.

കേന്ദ്ര സഹമന്ത്രി രക്ഷ ഖദ്‌സെ, സ്‌പോര്‍ട്‌സ് സെക്രട്ടറി സുജാത ചതുര്‍വേദി, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ സന്ദീപ് പ്രദാന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഇവര്‍ ഒളിമ്പിക്‌സിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ മന്ത്രിക്ക് മുമ്പാകെ വിശദീകരിച്ചു. ആദ്യമായി ഐ.ഒ.എ അധികൃതരെ സന്ദര്‍ശിച്ചെന്നും പാരീസ് ഒളിമ്പിക്‌സിനായുള്ള രാജ്യത്തിന്റെ തയ്യാറെടുപ്പുകള്‍ അവര്‍ വിശദീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. സാധ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

മന്ത്രിയുടെ സന്ദര്‍ശനത്തില്‍ സന്തോഷമുണ്ടെന്ന് പി ടി ഉഷ പ്രതികരിച്ചു. ”ആദ്യ പരിഗണന താരങ്ങള്‍ക്കാണ്. അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. ടോക്യോയില്‍ ലഭിച്ചതിനേക്കാള്‍ മെഡല്‍ ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്. 97 അത്‌ലറ്റുകള്‍ യോഗ്യത നേടിക്കഴിഞ്ഞു. 115-മുതല്‍ 120 വരെ താരങ്ങള്‍ പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.” – പി ടി ഉഷ പറഞ്ഞു.

Related Articles

Back to top button