KeralaLatest

പാലോടിന് തീരാ വേദനയായി വിഷ്ണു

“Manju”

 

തിരുവനന്തപുരം: ഛത്തീസ്‌ഗഡില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാൻ വിഷ്ണുവിന്റെ വിയോഗ ദുഃഖത്തില്‍ നാട്. ജീവിതത്തില്‍ താൻ കണ്ട ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ നിർവൃതിയോടെ സൈന്യത്തിലേക്ക് മടങ്ങി പോയിട്ട് ഇന്ന് ഒരു മാസം പിന്നിടാനിരിക്കവെയാണ് കുടുംബത്തെ കണ്ണീരിലാഴ്‌ത്തികൊണ്ട് വിഷ്ണുവിന്റെ മരണവാർത്ത എത്തുന്നത്. പാലോട് ഫാം ജംഗ്ഷൻ അനിഴം ഹൗസില്‍ രഘുവരന്റേയും അജിതയുടേയും മകനാണ് അന്തരിച്ച വിഷ്ണു.

സിആർപിഎഫ് കോബ്ര ബറ്റാലിയനിലെ ജവാന്മാരായിരുന്ന വിഷ്ണുവും ശൈലേന്ദ്രയും ഇന്നലെയാണ് മാവോയിസ്റ്റുകളുടെ കുഴി ബോംബ് ആക്രമണത്തില്‍ മരിച്ചത്. പത്ത് വർഷത്തെ സൈനിക സേവനം വിഷ്ണു പൂർത്തിയാക്കിയിരുന്നു. ഒരു വീട് എന്ന മോഹവുമായിട്ടായിരുന്നു സൈനിക ജീവിതം. കഴിഞ്ഞ മാസം ആറാം തീയതി ആ സ്വപ്നം സാക്ഷാത്കരിച്ചു.വിഷ്ണു സ്വന്തമായൊരു വീട് വച്ചു. വീടിന്റെ പാലുകാച്ചല്‍ ചടങ്ങും നടത്തി. അതിന് ശേഷം വീണ്ടും ഡ്യൂട്ടിയിലേക്ക് മടങ്ങി. അത് ദുരന്തവുമായി.

പട്ടാളക്കാരനാകുക എന്നതായിരുന്നു പഠനകാലത്ത് വിഷ്ണുവിന്റെ ആഗ്രഹം.. ഇതിനായി നിരന്തര പരിശ്രമം നടത്തി. ജോലി കിട്ടിയ ശേഷം കടങ്ങള്‍ ഓരോന്നായി തീർത്തു. അതിന് ശേഷമായിരുന്നു വീട് വച്ചത്. നന്ദിയോട് താന്നിമൂടിനു സമീപം പുതിയ വീടുവെച്ച്‌ മെയ്‌ ആദ്യവാരത്തില്‍ പാലുകാച്ചലും നടത്തി. പഠനശേഷം നന്ദിയോട്ട് ജീപ്പിലെ ക്ലീനറായും പിന്നീട് ഡ്രൈവറായും ജോലിനോക്കുമ്ബോഴും ആർമി റിക്രൂട്ട്മെന്റുകളില്‍ സജീവമായി പങ്കെടുത്തിരുന്നു. ആ ശ്രമഫലമാണ് വിഷ്ണുവിനെ പട്ടാളക്കാരനാക്കിയത.

ഛത്തീസ്‌ഗഡിലെ സുഖ്മ ജില്ലയില്‍ ഇന്നലെ വൈകുന്നേരം നടന്ന മാവോയിസ്റ്റുകളുടെ കുഴി ബോംബ് ആക്രമണത്തിലാണ് വിഷ്ണു വീരമൃത്യു വരിച്ചത്. സില്‍ഗർ സേനാ ക്യാമ്ബില്‍ നിന്നും ടേക്കല്‍ഗുഡാമിലെ ക്യാമ്ബിലേക്ക് ട്രക്കില്‍ സാധനവുമായി പോകവെയായിരുന്നു ആക്രമണം. വിഷ്ണുവും ഒപ്പം ഉണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ ശൈലേന്ദ്രയും വീരമൃത്യു വരിച്ചു. വിഷ്ണുവിന്റെ ഭാര്യ നിഖില തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രിയില്‍ നഴ്‌സാണ്. നിർദേവ്, നിർവിൻ എന്നിവരാണ് മക്കള്‍.

നാട്ടുകാർക്കും കൂട്ടുകാർക്കും വിഷ്ണു പ്രിയപ്പെട്ടവനായിരുന്നു. നാട്ടിലെ ഏതുകാര്യങ്ങള്‍ക്കും മുന്നിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വിഷ്ണുവിന്റെ വേർപാട് നാടിനു വലിയ വേദനയായി. പാലുകാച്ചിന് ശേഷം രണ്ടാഴ്ച അവധിയുണ്ടായിരുന്നതിനാല്‍ ഇളയമകൻ നിർവിനെ എഴുത്തിനിരുത്താൻ കുടുംബസമേതം പനച്ചിക്കാട് ക്ഷേത്രത്തില്‍ പോയിരുന്നു. മടങ്ങുന്ന വഴിയില്‍ മകനു പഠിക്കാനുള്ളതെല്ലാം വാങ്ങിനല്‍കിയശേഷമാണ് വിഷ്ണു ഛത്തീസ്‌ഗഢിലേക്കു പോയത്. ഇതുകഴിഞ്ഞ് ഒരുമാസം തികയുന്നതിനു ആ പുതിയ വീട്ടിലെത്തിയത് വിഷ്ണുവിന്റെ വീരചരമ വാർത്തയാണ്.

ഛത്തീസ്‌ഗഡിലെ സുഖ്മ ജില്ലയില്‍ മലയാളി ഉള്‍പ്പെടെ രണ്ട് സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിക്കാനിടയായ ആക്രമണത്തിന് പിന്നില്‍ മാവോയിസ്റ്റുകളുടെ ഗറില്ല സംഘമായിരുന്നു. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ സായുധ വിഭാഗമായ പീപ്പിള്‍ ലിബറേഷൻ ഗറില്ല ആർമി (പിഎല്‍ജിഎ) നടത്തിയ കുഴിബോംബ് ആക്രമണത്തിലാണ് രണ്ട് ജവാന്മാർ കൊല്ലപ്പെടുകയും ഏതാനും ജവാന്മാർക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. വിഷ്ണുവിന് പുറമേ ഉത്തർ പ്രദേശ് കാൻപുർ സ്വദേശി ശൈലേന്ദ്ര (29)യും കൊല്ലപ്പെട്ടു.

സിആർപിഎഫിലെ കമാൻഡോ ബറ്റാലിയൻ ഫോർ റെസൊല്യൂട്ട് ആക്ഷൻ 201 വിഭാഗത്തിലെ ജവാന്മാരായിരുന്നു ഇരുവരും. കൊല്ലപ്പെട്ട വിഷ്ണു കോണ്‍സ്റ്റബിള്‍ ഡ്രൈവറും ശൈലേന്ദ്ര കോണ്‍സ്റ്റബിളുമായിരുന്നു. സുഖ്മ ജില്ലയിലെ തിമപുരം ഗ്രാമത്തിന് സമീപമുള്ള വനമേഖലയില്‍വെച്ച്‌ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് ആക്രമണം ഉണ്ടായത്. പുതുതായി പണിത തേകല്‍ഗുഡേം പൊലീസ് ക്യാമ്ബില്‍നിന്ന് സൈനികർക്ക് ആവശ്യമായ റേഷൻ സാധനങ്ങളെടുത്ത് ട്രക്കില്‍ സില്‍ഗർ പൊലീസ് ക്യാമ്ബിലേക്ക് പോകുംവഴിയാണ് സംഭവം. വിഷ്ണു ആയിരുന്നു ട്രക്ക് ഓടിച്ചിരുന്നത്. തൊട്ടടുത്ത് ശൈലേന്ദ്രയും ഉണ്ടായിരുന്നു.

ട്രക്കിന് മുൻപില്‍ ഇരുചക്ര വാഹനത്തിലും ജവാന്മാരുണ്ടായിരുന്നു. ട്രക്ക് തിമപുരം ഗ്രാമത്തിന് സമീപം വനമേഖലയില്‍ എത്തിയപ്പോള്‍ മാവോയിസ്റ്റുകള്‍ ഐഇഡി ഉപയോഗിച്ച്‌ സ്‌ഫോടനം നടത്തുകയായിരുന്നു. തേകല്‍ഗുഡേം സില്‍ഗർ റൂട്ടില്‍ നിലവില്‍ റോഡ് പണി നടക്കുകയാണ്. ഇത് മുതലെടുത്താണ് മാവോയിസ്റ്റുകള്‍ പാതയില്‍ കുഴിബോംബ് സ്ഥാപിച്ചത്. പീപ്പിള്‍ ലിബറേഷൻ ഗറില്ല ആർമി ബറ്റാലിയൻ ഒന്നിന്റെ ശക്തികേന്ദ്രത്തിലാണ് തേകല്‍ഗുഡേം പൊലീസ് ക്യാമ്ബ് സ്ഥിതിചെയ്യുന്നത്.

Related Articles

Back to top button