IndiaKeralaLatest

വ്യാജ ചികിത്സകരെ തിരിച്ചറിയുക : മെഡിക്കൽ കൗൺസില്‍

പൊതുജന താല്പര്യാർത്ഥം കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ പ്രസിദ്ധീകരിക്കുന്ന പത്ര പ്രസ്താവന

“Manju”

സമീപ കാലത്ത് അക്യുപങ്ചർ ചികിത്സയുമായി ബന്ധപ്പെട്ട് അമ്മയും കുഞ്ഞും മരിക്കാനിടയായ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ , വ്യാജ ചികിത്സകൾക്കെതിരെ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്ന ഇത്തരം പ്രവണതകൾ ഇനി ആവർത്തിക്കാൻ പാടുള്ളതല്ല. രാജ്യത്തെ വൈദ്യശാസ്ത്ര പഠനത്തിൻ്റെ സിലബസും മാനദണ്ഡവും സ്വീകരിക്കുന്നത് നാഷണൽ മെഡിക്കൽ കമ്മീഷൻ (NMC ), നാഷൻ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ (NCIS M ) , നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതി (NCH) എന്നീ കൗൺസിലുകളാണ്. മേൽ കൗൺസിലുകൾ അംഗീകരിച്ച കോഴ്സുകൾക്കാണ് സെൻട്രൽ/സംസ്ഥാന സർക്കാർ അംഗീകാരം നൽകുന്നത്.

വൈദ്യ ശാസ്ത്ര പഠനം എന്നത് ശരീര ശാസ്ത്രം, രോഗ നിർണ്ണയം, ഔഷധങ്ങളെ പറ്റിയുള്ള അറിവ്, ചികിത്സ തുടങ്ങി നിരവധി വിഷയങ്ങൾ ഉൾപ്പെട്ട സമഗ്രമായ പാഠ്യ പദ്ധതിയാണ്. ഏതൊരു ചികിത്സാ രീതിയും അംഗീകൃത യോഗ്യതയും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർക്ക് മാത്രമേ ചെയ്യാൻ അവകാശമുള്ളൂ. അക്യുപങ്ചർ ചികിത്സ എന്നത് invasive ആയ ചികിത്സാ രീതിയാണ്. അണു വിമുക്തമായ സാഹചര്യത്തിൽ കൃത്യമായ സജ്ജീകരണങ്ങളോടു കൂടിയാണ് ഇത്തരം ചികിത്സകൾ ചെയ്യേണ്ടത്. ഞരമ്പുകൾക്ക് തകരാർ, അണുബാധ സാധ്യത എന്നിവ ഇത് മൂലം സംഭവിക്കാൻ ഇടയുണ്ട്. മാത്രമല്ല AIDS, ഹെപ്പറ്റൈറ്റിസ് B തുടങ്ങിയ രോഗങ്ങൾ പകരാനുള്ള സാധ്യതയുമുണ്ട് . അതിനാൽ ശരിയായ മെഡിക്കൽ വിദ്യാഭ്യാസമില്ലാത്തവർ ഈ ചികിത്സ നടത്താൻ പാടുള്ള തല്ല .

കേന്ദ്രസർക്കാരിൻ്റെ No R14015 /25/96 U&H (R) (Pt) dated 25/11/2003 ഉത്തരവ് പ്രകാരം സംസ്ഥാനങ്ങളൊ കേന്ദ്രഭരണ പ്രദേശങ്ങളൊ അക്യുപഞ്ചർ അടക്കമുള്ള ആൾട്ടർനേറ്റീവ് ചികിത്സക്ക് ഡിപ്ലോമയോ ഡിഗ്രി കോഴ്സുകളൊ നടത്തരുതെന്നും അവയ്ക്ക് അംഗീകാരം നൽകരുതെന്നും വ്യക്തമാക്കിയിട്ടുള്ളതാണ്. റെജിട്രേരേഡ് മെഡിക്കൽ പ്രാക്ടീഷണേഴ്സിന് മാത്രമെ മാത്രമെ അക്യൂപങ്ചർ ചികിത്സ ചെയ്യാൻ പാടുള്ളൂ എന്നും അല്ലാത്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ അക്യൂപങ്ചർ ഒരു mode of therapy മാത്രമാ ണെന്നും ഇത് ഒരു രജിസ്ടേർഡ് മെഡിക്കൽ പ്രാക്ടീഷണർക്ക് മാത്രമേ ചെയ്യാൻ അവകാശമുള്ളൂവെന്നും യോഗ്യതയില്ലാത്ത വർ ചികിത്സ ചെയ്താൽ അവർക്കെതിരെ നടപടി സ്വീകരി ക്കാൻ ബഹു മദ്രാസ് ഹൈക്കോടതി യുടെ വിധിയിൽ പറഞ്ഞിട്ടുണ്ട്. [WP(MD) No.10311/ 2016 കേസിലെ 28/4/23 ല വിധിന്യായം ]

2021ലെ കേരള സ്റ്റേറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് നിയമപ്രകാരം കേരളത്തിൽ ഏതൊരു വൈദ്യ ശാസ്ത്ര ശാഖയിലും ചികിത്സ നടത്തുന്നതിന് അംഗീകൃത ബിരുദവും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൻ്റെ രജിസ്ട്രേഷനും അനിവാര്യമാണ്.അല്ലാതെ ചികിത്സ നടത്തുന്നവർക്കെതിരെ KSMP നിയമ ത്തിലെ 36 , 37 വകുപ്പുകളും ഉപവകുപ്പുകളും പ്രകാരം 2 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ പിഴയ്ക്കും 1 വർഷം മുതൽ 2 വർഷം വരെ തടവിനും ശിക്ഷാർഹരാണ്. മാത്രമല്ല KSMP ആക്ട് 38, 39 വകുപ്പുകളും ഉപവകുപ്പുകളും പ്രകാരം അനധികൃതമായി ചികിത്സാ കോഴ്സുകൾ നടത്തുന്നതും 2 ലക്ഷം മുതൽ 5 ലക്ഷം വരെ പിഴ ഈടാക്കാവുന്ന കുറ്റമാണ്. വ്യാജചികിത്സകർ സമൂഹത്തിന് ഭീഷണിയാ കുന്ന സാഹചര്യത്തിൽ ഇത്തരക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്. പൊതു ജനങ്ങൾ ജാഗ്രത പുലർത്തണമെന്നുംഇത്തരം ചികിത്സകരെ പറ്റിയുള്ള വിവരങ്ങൾ മെഡിക്കൽ കൗൺസിലിനെ അറിയിക്കണമെന്നും താല്പര്യപ്പെടുന്നു.

Related Articles

Back to top button