KeralaLatest

തീര്‍ഥാടകര്‍ക്ക് ഇനി ഇന്ത്യയില്‍ നിന്ന് കൈലാസം കാണാം

“Manju”

ചൈനയുടെ അനുമതി വേണ്ട; തീര്‍ഥാടകര്‍ക്ക് ഇനി ഇന്ത്യയില്‍ നിന്ന് തന്നെ കൈലാസം  കാണാം, mount kailash, uttarakhand, lipulekh pass, kailash mansarovar
ടിബറ്റില്‍ സ്ഥിതിചെയ്യുന്ന കൈലാസ പർവതം ഇന്ത്യയില്‍ നിന്ന് തന്നെ കാണാനുള്ള അപൂർവ അവസരമൊരുങ്ങുന്നു. സെപ്തംബർ 15 മുതല്‍ ഉത്തരാഖണ്ഡിലെ ലുപുലേഖ് ചുരത്തിലെ വ്യൂ പോയന്റിലൂടെയാണ് വിശ്വാസികള്‍ക്ക് കൈലാസം നേരിട്ട് കാണാൻ സാധിക്കുക.ഉത്തരാഖണ്ഡിലെ പിത്തോറഗഢ് ജില്ലയിലെ വ്യാസ് താഴ്വരയിലാണ് സമുദ്രനിരപ്പില്‍ നിന്ന് 18,300 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ലുപുലേഖ് ചുരമുള്ളത്.

ടിബറ്റൻ പീഠഭൂമിയുടെ പടിഞ്ഞാറ് ചൈന, ഇന്ത്യ, നേപ്പാള്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത അതിർത്തിയില്‍നിന്ന് 100 കിലോമീറ്ററോളം വടക്കായാണ് കൈലാസ പർവതമുള്ളത്.
പിത്തോറഗഢ് ജില്ലയിലെ നാഭിദാംഗിലെ കെ.എം.വി.എൻ. ഹട്ട്സ് മുതല്‍ ചൈനീസ് അതിർത്തിയിലെ ലുപുലേഖ് ചുരംവരെയുള്ള പാത തീർഥാടകർക്കായി തുറക്കുന്നതോടെയാണ് കൈലാസ് ഇന്ത്യയില്‍ നിന്ന് നേരിട്ട് കാണാനുള്ള സുവർണാവസരം ഒരുങ്ങുക. ഇതുവഴി കൈലാസത്തിലേക്കുള്ള പാത കോവിഡ് വ്യാപനത്തോടെ അടച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ച്‌ വർഷങ്ങള്‍ പിന്നിട്ടിട്ടും ഈ പാത തുറക്കാൻ ചൈന തയ്യാറായിട്ടില്ല. നിലവില്‍ ദർച്ചുലയില്‍ നിന്ന് ലുപുലേഖ് വരെ വാഹനത്തില്‍ എത്തുന്ന തീർഥാടകർക്ക് 800 മീറ്റർ കാല്‍നടയായി സഞ്ചരിച്ചാല്‍ കൈലാസ വ്യൂ പോയന്റില്‍ എത്താം. ഇവിടെ നിന്ന് കൈലാസ പർവതവും ഓം പർവതവും വ്യക്തമായി കാണാൻ സാധിക്കും.
യാത്ര സംബന്ധമായ വാർത്തകളും ആർട്ടിക്കിളുകളും വായിക്കാൻവാട്സാപ്പ് ഗ്രൂപ്പില്‍ ജോയിൻ ചെയ്യൂ
ഹിമാലയപർവതത്തിന്റെ, ടിബറ്റിലേക്ക് നീണ്ടുകിടക്കുന്ന ഭാഗമാണ് കൈലാസപർവതം. ഡല്‍ഹിയില്‍നിന്ന് 865 കിലോമീറ്റർ അകലെ, സമുദ്രനിരപ്പില്‍നിന്ന് ഏതാണ്ട് 6,690 മീറ്റർ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്. എഷ്യയിലെ നീളം കൂടിയ നദികളായ സത്ലജ്, ബ്രഹ്മപുത്ര, കർണാലി തുടങ്ങിയവയുടെ ഉത്ഭവസ്ഥാനത്തിനടുത്താണ് കൈലാസപർവതം.
ഹിന്ദുമത സങ്കല്‍പത്തില്‍ കൈലാസം ശിവന്റെ വാസസ്ഥാനമാണ്. ബുദ്ധ, ജൈന മതക്കാർക്കും ഇവിടം ഏറെ പുണ്യകേന്ദ്രമാണ്. ഈ പർവതത്തിന് ചുറ്റും പ്രദക്ഷിണം നടത്തിയാല്‍ പാപമോക്ഷം ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. വിശ്വാസപരമായ കാരണങ്ങള്‍ അടക്കം ചൂണ്ടിക്കാണിച്ചു കൈലാസ പർവതത്തില്‍ കയറുന്നതു നിരോധിച്ചിട്ടുണ്ട്.
എല്ലാ വർഷവും ഏപ്രില്‍ മുതല്‍ ഒക്ടോബർ പകുതി വരെയുള്ള കാലത്താണ് കൈലാസ തീർഥാടനം നടക്കുന്നത്. കൈലാസ-മാനസരോവർ യാത്രയ്ക്ക് നിലവില്‍ സിക്കിമിലൂടെയും കാഠ്മണ്ഡുവിലൂടെയും രണ്ട് പാതകളാണുള്ളത്. ഇന്ത്യയില്‍ നിന്നുള്ള തീർഥാടകർക്ക് കൈലാസ യാത്രയ്ക്കുവേണ്ടി സാധുതയുള്ള പാസ്പോർട്ടും നിർദിഷ്ട ചൈനീസ് വിസയും ആവശ്യമാണ്.

Related Articles

Back to top button