എക്സിറ്റ് പോളുകൾക്ക് നിരോധനമേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി : എക്സിറ്റ് പോളുകൾക്ക് നിരോധനമേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറത്തിറക്കി. 2021 മാർച്ച് 27 ശനി രാവിലെ 7 മുതൽ 2021 ഏപ്രിൽ 29 രാത്രി 7.30 വരെ എക്സിറ്റ് പോളുകൾ നടത്തുന്നതിനും, അവയുടെ ഫലം അച്ചടി-ഇലക്ട്രോണിക് മാദ്ധ്യമങ്ങൾ വഴിയോ മറ്റു ഏതെങ്കിലും വിധത്തിലോ പ്രസിദ്ധീകരിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനുമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. 1951ലെ ജനപ്രാതിനിധ്യ നിയമം 126 എ വകുപ്പിന്റെ ഉപവകുപ്പ് 1 പ്രകാരമാണ് നടപടി.
അസം, കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പുകൾ, ലോക്സഭയിലേക്കും വിവിധ സംസ്ഥാന നിയമസഭകളിലേയ്ക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പുകൾ എന്നിവയ്ക്കാണ് ഇത് ബാധകമാവുക.
നടക്കാനിരിക്കുന്ന പൊതു-ഉപ തെരഞ്ഞെടുപ്പുകളുടെ വിവിധ ഘട്ടങ്ങളിലെ വോട്ടിങ് സമയം അവസാനിക്കുന്നതിന് മുൻപുള്ള 48 മണിക്കൂറിൽ പ്രവചന സർവ്വേകളുടെ ഫലങ്ങൾ അടക്കം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാത്തരം വിവരങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നതിനും നിരോധനമുണ്ട്. 1951ലെ ജനപ്രാതിനിധ്യ നിയമം 126 (1) (b) വകുപ്പ് പ്രകാരമാണ് നടപടി.