റായ്പുര്‍: ഛത്തീസ്ഗഡിലെ ബിജാപുരില്‍ തട്ടിക്കൊണ്ട് പോയ സിആര്‍പിഎഫ് ജവാനെ വിട്ടയക്കാമെന്ന് മാവോയിസ്റ്റുകള്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന മധ്യസ്ഥരുമായി ചര്‍ച്ച നടത്താന്‍ സന്നദ്ധമാണെന്നും മാവോയിസ്റ്റുകള്‍ അറിയിച്ചു. ജവാന്റെ ജീവന് ഇതുവരെ യാതൊരു കുഴപ്പവുമില്ല. സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. മധ്യസ്ഥരെ സര്‍ക്കാരിന് തീരുമാനിക്കാം. എന്നാല്‍ സര്‍ക്കാരിന്റെ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന് നിര്‍ത്തിവയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ 22 സുരക്ഷാ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിനിടെ കമാന്‍ഡോ രാകേശ്വക് സിംഗ് മന്‍ഹാസിനെ തട്ടിക്കൊണ്ടുപോയെന്നാണു മാവോയിസ്റ്റുകള്‍ അവകാശപ്പെടുന്നത്. ജവാനെക്കുറിച്ചുള്ള വിവരമറിയാന്‍ നാട്ടുകാരുമായി പോലീസ് ബന്ധപ്പെട്ടുവരികയാണ്. ജവാന് തങ്ങളുടെ കസ്റ്റഡിയിലാണെന്ന് മാവോയിസ്റ്റുകള്‍ ടെലിഫോണില്‍ വിളിച്ച് അറിയിച്ചുവെന്നു സുക്മയിലെ മാധ്യമപ്രവര്ത്തകന് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.