പരീക്ഷണങ്ങള്‍ക്ക് ബാഴ്സലോണ
ചാമ്പ്യന്‍സ് ലീഗില്‍ ബയേണിനെതിരെ സീസണിലെ ആദ്യ തോല്‍വി ഏറ്റു വാങ്ങിയതിന്റെ മുറിവുകള്‍ മായ്ച്ചു കളയാന്‍ ബാഴ്സലോണ ഇറങ്ങുന്നു. ലാ ലീഗയിലെ അടുത്ത മത്സരത്തില്‍ എല്ഷേയാണ് സാവിയുടെ ടീമിന്റെ എതിരാളികള്‍. ശേഷം ദേശിയ ടീമിന്റെ മത്സരങ്ങള്‍ക്കായുള്ള ഇടവേള ആണെന്നതിനാല്‍ ചില പരീക്ഷണങ്ങള്‍ക്കും സാവി മുതിര്‍ന്നേക്കും.
പരിക്കേറ്റ സെര്‍ജി റോബര്‍ട്ടോ മത്സരത്തിനുള്ള ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. ദേശിയ ടീമില്‍ ഉള്‍പ്പെട്ട പെഡ്രി, ഗവി എന്നിവര്‍ക്ക് സാവി വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. ബയേണിനെതിരെ അവസരം കിട്ടാതിരുന്ന ബെല്ലാരിന് റൈറ്റ് ബാക്ക് സ്ഥാനത്തേക്ക് മടങ്ങി എത്തും. ഇടത് ബാക്കില്‍ ബാള്‍ടേക്ക് വീണ്ടും സാവി അവസരം നല്‍കിയേക്കും. ജൂള്‍സ് കുണ്ടേ സെന്‍ട്രല്‍ ഡിഫെന്‍സില്‍ തിരിച്ചെത്തും. മധ്യനിരയില്‍ ഡിയോങ് ആദ്യ ഇലവനില്‍ എത്തിയേക്കും. ആന്‍സു ഫാറ്റിയുടെ ആദ്യ ഇലവനിലേക്കുള്ള തിരിച്ചു വരവിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ശനിയാഴ്ച വൈകീട്ട് ഏഴ് നാല്പത്തിയഞ്ചിനാണ് മത്സരം ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളില്‍ നിന്നും ഇതുവരെ വിജയം കാണാന്‍ ആവാത്ത എല്‍ഷെ പോയിന്റ് പട്ടികയില്‍ പത്തൊന്‍പതാം സ്ഥാനത്ത് മാത്രമാണ്. അത്ലറ്റികോ മാഡ്രിഡിനെതിരെയാണ് ഈ വാരം റയലിന് മത്സരം എന്നതിനാല്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള അവസരം മുതലെടുക്കാന്‍ നാളെ ബാഴ്സക്ക് വിജയം സുനിശ്ചിതമാക്കെണ്ടതുണ്ട്.