ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ നടപ്പാതയിലൂടെ ഓട്ടോറിക്ഷ ഓടിച്ചു കയറ്റിയ ഡ്രൈവര്‍ അറസ്റ്റില്‍. ദില്ലിയിലാണ് സംഭവം നടന്നത്. 25കാരനായ മുന്നയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.
ഹംദാര്‍ദ് നഗറിലാണ് സംഭവം നടന്നത്. ഇവിടെ ഗതാഗതക്കുരുക്കില്‍പ്പെട്ട മുന്ന അതില്‍ നിന്ന് രക്ഷപ്പെടാനായി അടുത്തു കണ്ട നടപ്പാതയിലൂടെ വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. ഈ സമയം ഓട്ടോയില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. ഓട്ടോറിക്ഷ അല്പനേരം മുന്നോട്ട് പോകുമ്പോള്‍ മറ്റൊരാള്‍ ചാടി കയറുന്നത് വീഡിയോയില്‍ കാണാം.
വീഡിയോ സോഷ്യല്‍ മീജിയയില്‍ വൈറലായതിന് പിന്നാലെയാണ് മുന്നയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷയിലേക്ക് ചാടിക്കയറിയ അമിത് എന്ന യുവാവിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും സങ്കം വിഹാര്‍ സ്വദേശികളാണ്.