ആറ്റിങ്ങലില്‍ നിന്ന് 500 കിലോ കഞ്ചാവ് പിടികൂടി
സിന്ധുമോള്‍ ആര്
തിരുവനന്തപുരം: ആറ്റിങ്ങലില്‍ 500 കിലോ കഞ്ചാവ് പിടികൂടി. മൈസൂരുവില്‍ നിന്ന് കണ്ടെയ്നര്‍ ലോറിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്. ലോറിക്കുള്ളില്‍ പ്രത്യേകം നിര്‍മ്മിച്ച അറകളിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചത്. എക്സൈസ് വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഏകദേശം 20 കോടി രൂപ വില വരുന്ന കഞ്ചാവ് പിടിച്ചെടുത്തത്. സംസ്ഥാനത്ത് ഇതുവരെ പിടികൂടിയതില്‍ വെച്ച് ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തുന്ന മൈസൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മലയാളികളുടെ സംഘമാണ് ഇതിനു പിന്നിലെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ്, ആന്ധ്ര പ്രദേശ് സ്വദേശികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിറയിന്‍കീഴ് സ്വദേശിക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നും ഇയാള്‍ ഒളിവിലാണെന്നുമാണ് ലഭിക്കുന്ന വിവരം.