മൂന്നാർ • കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിലെയും പഞ്ചനക്ഷത്ര ഹോട്ടലിലെയും സന്ദർശനം കഴിഞ്ഞ് ഇന്നലെ കാട്ടാന എത്തിയത് എംഎൽഎയുടെ വീട്ടിൽ. പുലർച്ചെ രണ്ടരയോടെയാണ് ഒറ്റയാൻ, ടൗണിനു സമീപം ഇക്കാനഗറിൽ എസ്.രാജേന്ദ്രൻ എംഎൽഎയുടെ വീട്ടുമുറ്റത്ത് പ്രത്യക്ഷപ്പെട്ടത്. അദ്ദേഹം സ്ഥലത്ത് ഉണ്ടായിരുന്നില്ല.
രണ്ടു മണിക്കൂറോളം ഇവിടെ ചെലവഴിച്ച്, മുറ്റത്തുണ്ടായിരുന്ന വാഴകൾ മുഴുവൻ കാട്ടാന തിന്നുതീർത്തു. കുറെയെണ്ണം പിഴുത് സമീപത്തെ റോഡിൽ വലിച്ചിട്ട ശേഷമായിരുന്നു ഭക്ഷിച്ചത്. തുടർന്ന്, സമീപത്തെ കെഎസ്ഇബി സബ്സ്റ്റേഷനിലെ ഉദ്യോഗസ്ഥർ താമസിക്കുന്ന ക്വാർട്ടേഴ്സുകളുടെ പരിസരത്ത് എത്തി അവിടെയും നാശനഷ്ടങ്ങൾ വരുത്തി. പുലർച്ചെ നാലരയോടെയായിരുന്നു മടക്കം. എംഎൽഎയുടെ കുടുംബാംഗങ്ങൾ ഈ സമയമത്രയും ഉറക്കമിളച്ച് വീട്ടിനുള്ളിൽ കഴിച്ചുകൂട്ടി. മുൻപും ഈ ഭാഗത്ത് കാട്ടാനകൾ എത്തിയിട്ടുണ്ടെങ്കിലും എംഎൽഎയുടെ വീട്ടുമുറ്റത്ത് ആനയെത്തുന്നത് ആദ്യമായാണ്.